മുന്‍കൂര്‍ ചികില്‍സ അപകടകരം

മുന്‍കൂര്‍ ചികില്‍സ അപകടകരം

ഹൃദ്രോഗമോ പക്ഷാഘാതമോ ഇല്ലാത്തവര്‍ ആസ്പിരിന്‍ ഗുൡകകള്‍ ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

ഹൃദ്രോഗമില്ലാത്തവര്‍ ഹൃദയാഘാതം തടയാന്‍ വേണ്ടി ദിവസേന ആസ്പിരിന്‍ ഗുളികകള്‍ കഴിക്കാറുണ്ട്. രക്തക്കുഴലില്‍ കൊഴുപ്പ് അടിഞ്ഞു കൂടി രക്തപ്രവാഹം തടസപ്പെടാതിരിക്കാനുള്ള മുന്‍കൂര്‍ പ്രതിവിധിയെന്ന നിലയ്ക്കാണിത് ചെയ്യാറുള്ളത്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം. രക്തപ്രവാഹത്തിന്റെ ശക്തി കൂടുന്നത് മസ്തിഷ്‌കരക്തസ്രാവം വര്‍ദ്ധിപ്പക്കാനിടയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

ഹൃദയാഘാതസാധ്യതയോ പക്ഷാഘാതസാധ്യതയോ കണ്ടെത്തുന്ന, എന്നാല്‍ നിലവില്‍ രോഗങ്ങളില്ലാത്ത യുവാക്കളോട് ഡോക്റ്റര്‍മാര്‍ ആസ്പിരിന്‍ ഗുളികകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്‍കൂര്‍ പ്രതിവിധി എന്ന നിലയിലാണിത്. നിശ്ചയമായും ആസ്പിരിന്‍ ഗുളികകള്‍ ഇക്കാര്യത്തില്‍ ഗുണഫലങ്ങള്‍ ഉണ്ടാക്കുമെങ്കിലും അപൂര്‍വ്വമായെങ്കിലും ഇതിലൊരു അപകടസാധ്യത ഒളിഞ്ഞിരിക്കുന്നു. ആന്തരിക രക്തസ്രാവസാധ്യതയാണ് ഈ നിശബ്ദ ഭീകരന്‍.

രോഗമില്ലാത്തവരിലെ ആസ്പിരിന്‍ സേവ, ആന്തരിക മസ്തിഷ്‌ക രക്തസ്രാവത്തിനു വഴിതെളിക്കുന്നുവെന്നാണു പരീക്ഷണത്തില്‍ തെളിഞ്ഞത്. 13,400 പേരില്‍ 13ഓളം പരീക്ഷണങ്ങള്‍ നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ആയിരത്തില്‍ ഒരാള്‍ക്ക് രക്തസ്രാവം ഉണ്ടായതായി മനസിലായി. മരുന്ന് കഴിക്കാത്ത ആളുകളേക്കാള്‍ ആസ്പിരിന്‍ കഴിക്കുന്നവര്‍ക്ക് 37 ശതമാനം വരെ രക്തസ്രാവം ഉണ്ടായതായാണു തെളിഞ്ഞത്.

മരണകാരിയും ആജീവനാന്തകാലം രോഗക്കിടക്കയിലേക്ക് തള്ളി വിടുകയും ചെയ്യുമെന്നതിനാല്‍ മസ്തിഷ്‌കാന്തര രക്തസ്രാവം നിത്യഭീഷണിയാണെന്ന് തായ്‌വാനിലെ ചാംഗ് ഗുംഗ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഡോ. മെംഗ് ലീ പറയുന്നു. വ്യക്തമായ ഹൃദ്രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു കുറഞ്ഞ അളവില്‍ ആസ്പിരിന്‍ഗുളികകള്‍ നിര്‍ദേശിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.

ഹൃദയാഘാതമോ പക്ഷാഘാതമോ ഉള്ളവരെ സംബന്ധിച്ചിടത്തോളം,രോഗം ആവര്‍ത്തിക്കുന്നതു തടയാന്‍ താഴ്ന്ന അളവിലുള്ള ആസ്പിരിന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യവാന്മാരില്‍ ആസ്പിരിന്‍ സഹായകമാണെന്നതിന് ഉറപ്പില്ല. മസ്തിഷ്‌കരക്തസ്രാവത്തിനുള്ള സാധ്യത ഇതിന്റെ മറ്റു ഗുണങ്ങളെ പരാജയപ്പെടുത്തുകയാണു ചെയ്യുകയെന്നും ഗവേഷകസംഘം പറയുന്നു.

യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഹൃദ്രോഗത്തിന്റെ പ്രാഥമികപ്രതിരോധമെന്ന നിലയിലുള്ള ആസ്പിരിന്‍ ഉപയോഗം അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ രക്തസ്രാവത്തിനുള്ള സാധ്യതയെ മുന്‍നിര്‍ത്തി മാറ്റം വരുത്തിയിട്ടുണ്ട്. ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ രക്തസ്രാവത്തിനു സാധ്യതയുള്ള പ്രായമായവര്‍ക്ക് ആസ്പിരിന്‍ ശുപാര്‍ശ ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിരിക്കുന്നു.

ഉദാഹരണത്തിന്, 50-59 പ്രായപരിധിയിലുള്ളവര്‍ക്ക് ആസ്പിരിന്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ അടുത്ത ദശാബ്ദത്തില്‍ ഹൃദയ, പക്ഷാഘാതങ്ങള്‍ വരാന്‍ 10 ശതമാനമെങ്കിലും സാധ്യതയുള്ളവര്‍ക്കും, രക്തസ്രാവത്തിനു ശരാശരിയേക്കാള്‍ ഉയര്‍ന്ന സാധ്യതയുള്ളവരിലുമാക്കി നിജപ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശിച്ചിരിക്കുന്നു.

പ്രതിദിനം 100 മില്ലിഗ്രാമോളം ആസ്പിരിന്‍ അകത്താക്കിയവരിലാണ് പരിശോധന നടത്തിയതെന്നതും തലച്ചോറിലെ രക്തസ്രാവത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നതുമാണ് പഠനത്തിന്റെ പരിമിതി. മറ്റ് ഏതെങ്കിലും അവയവത്തില്‍ രക്തസ്രാവം വരാനുള്ള സാധ്യതയുണ്ടോയെന്നു പരിശോധിച്ചിട്ടില്ല. ആസ്പിരിന്‍ കുടലിലും രക്തസ്രാവം ഉണ്ടാക്കുമെങ്കിലും മസ്തിഷ്‌കരക്തസ്രാവമാണ് ഏറ്റവും സാധാരണവും വിനാശകാരിയുമെന്നു വിന്‍സ്‌കോണ്‍സിലിലെ ആന്‍സെന്‍ഷന്‍ ഹെല്‍ത്ത് കെയറിലെ ഹൃദ്രോഗവിദഗ്ധനായ ഡോ.സാമുവല്‍ വാണ്‍ പറയുന്നു.

ഹൃദയാഘാതം തടയുന്നതിനുള്ള സഹായകമാണെന്ന് തെളിഞ്ഞിട്ടും ആസ്്പിരിനു മേലുള്ള സ്വീകാര്യത പെട്ടെന്നാണു കുറഞ്ഞതെന്നു കാണാം. ഹൃദ്രോഗമില്ലാത്തവരിലും ധമനികള്‍ സങ്കോചിക്കുന്നതു മൂലം രക്തപ്രവാഹം കുറയുന്ന സാഹചര്യമില്ലാത്തവരിലും ഇതിന്റെ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍ വ്യാപകമായി ആവശ്യപ്പെടുന്നു. മുന്‍പ് ഒരു രോഗികളുടെ ധമനികളില്‍ പ്ലേക്കുകള്‍ അടിയുന്നത് തടയുന്നതിന് വ്യാപകമായി ആസ്പിരിന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നു ഡോ. വാണ്‍ സമ്മതിച്ചു. എന്നാല്‍ ഇത് മസ്തിഷ്‌ക രോഗത്തിന് അപൂര്‍വെങ്കിലും വിനാശകരമാകുമെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇനി അത്തരം ശുപാര്‍ശകള്‍ ചെയ്യേണ്ടെന്നു വെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Health
Tags: Aspirin