എണ്ണവില കൂടി ആക്രമണത്തെ കുറിച്ച് അ്‌ന്വേഷിക്കാന്‍ അമേരിക്കയും

എണ്ണവില കൂടി ആക്രമണത്തെ കുറിച്ച് അ്‌ന്വേഷിക്കാന്‍ അമേരിക്കയും

ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

അബുദാബി: ഫുജെയ്‌റ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ വിതരണ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകളെ തുടര്‍ന്ന് എണ്ണവില കൂടി. എണ്ണവിലയില്‍ തിങ്കളാഴ്ച രണ്ട് ശതമാനം വര്‍ധനവാണ് ഉണ്ടായത്.ബ്രെന്റിന് 1.76 ശതമാനം വില വര്‍ധിച്ച് ബാരലിന് 71.86 ഡോളറായി. വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റിന് 1.48 ശതമാനം വില കൂടി 62.57 ഡോളറായി.

ഹോര്‍മുസ് കടലിടുക്കിന് സമീപം ഞായറാഴ്ചയാണ് സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകള്‍ അടക്കം നാല് ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമുണ്ടായത്. മറ്റ് കപ്പലുകള്‍ നോര്‍വേ, യുഎഇ എന്നീ രാജ്യങ്ങളുടേതാണെന്നാണ് വിവരം. അമേരിക്കയിലെ സൗദി അരാംകോ ഉപഭോക്താക്കള്‍ക്ക് എണ്ണ എത്തിക്കേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ട രണ്ട് സൗദി കപ്പലുകളില്‍ ഒരെണ്ണം. അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി സൗദിയിലെ രാസ് ടനൂറ തുറമുഖത്ത് നിന്നും ഇന്ധനം നിറയ്ക്കാനുള്ള യാത്രയിലായിരുന്നു ഈ കപ്പല്‍.

ലോകത്തിലെ തിരക്കേറിയ കപ്പല്‍ ഗതാഗത പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. പ്രതിദിന ആഗോള എണ്ണക്കയറ്റുമതിയുടെ 40 ശതമാനവും ഈ വ്യാപാരപാതയിലൂടെയാണ് നടക്കുന്നത്. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ഇന്ധനച്ചോര്‍ച്ച ഉണ്ടാകുകയോ ഇല്ലെങ്കില്‍ കൂടിയും ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ കേന്ദ്രപാതിലുണ്ടായ ഈ ആക്രമണം എണ്ണവിതരണത്തില്‍ തടസ്സങ്ങളുണ്ടാക്കിയേക്കാം എന്ന ആശങ്ക വിപണിയില്‍ സമ്മര്‍ദ്ദത്തിന് വഴിവെച്ചു.

കടല്‍ വഴിയുള്ള എണ്ണവ്യാപാരത്തിന്റെ മൂന്നിലൊരു ഭാഗം, അതായത് ദിനംപ്രതി ഏകദേശം 19 മില്യണ്‍ ബാരലിന്റെ ഇന്ധനനീക്കം നടക്കുന്ന ഈ തന്ത്രപ്രധാന ജലപാതയില്‍ കപ്പല്‍ ഗതാഗതത്തിന് ഇനിയും ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടായാല്‍ അത് വിതരണ ക്ഷാമത്തിനും തുടര്‍ന്ന് എണ്ണവില വര്‍ധനവിനും വഴിവെക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇറാന് മേല്‍ അമേരിക്ക ഉപരോധം കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് പശ്ചിമേഷ്യയില്‍ യുദ്ധസമാന അന്തരീക്ഷം ഉടലെടുത്തിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗത്തിന് സുരക്ഷയൊരുക്കാനുമുള്ള പദ്ധതികള്‍ അമേരിക്കയും പശ്ചിമേഷ്യയിലെ കൂട്ടാളികളും പദ്ധതിയിടുന്നുണ്ട്. ചുരുങ്ങിയ സമയമെങ്കിലും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയോ അത് വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയോ ചെയ്യുകയാണെങ്കില്‍ എണ്ണവിലയില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഒസ്ലോയിലെ റിസ്റ്റഡ് എനര്‍ജിയിലെ എണ്ണവിപണി ഗവേഷണ മേധാവിയായ ബോജോനര്‍ ടണ്‍ഹേഗന്‍ പറയുന്നു.

പൈപ്പ്‌ലൈന്‍ വഴി ചെങ്കടലിലേക്കോ ഗള്‍ഫ് ഓഫ് ഒമാനിലേക്കോ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നതിന് സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും പരിമിതമായ സൗകര്യങ്ങളാണ് ഉള്ളത്. ഇറാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, എന്നീ രാഷ്ട്രങ്ങളുടെ മുഴുവന്‍ എണ്ണക്കയറ്റുമതിയും സൗദി അറേബ്യയുടെ 90 ശതമാനവും ഇറാഖിന്റെ 75 ശതമാനവും എണ്ണക്കയറ്റുമതി നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാര പാതയിലൂടെയാണ്.അബുദാബിയിലെ ഹബ്ഷാനെയും ഫുജെയ്‌റയെയും ബന്ധിപ്പിച്ച് കൊണ്ട് 2012ല്‍ 370 കി.മീ നീളത്തിലുള്ള പൈപ്പ് ലൈന്‍ യുഎഇ സ്ഥാപിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴി അല്ലാതെ പ്രതിദിനം 1.5 മില്യണ്‍ ബാരല്‍ എണ്ണ കടത്തിക്കൊണ്ടുപോകാന്‍ ഇത്തരത്തില്‍ യുഎഇക്ക് സാധിക്കുന്നുണ്ട്.

അന്വേഷണത്തിന് അമേരിക്കന്‍ സഹായം

ഫുജെയ്‌റ എമിറേറ്റിന് സമീപം നാല് ചരക്ക് കപ്പലുകള്‍ ആക്രമണത്തിന് ഇരയായ സംഭവം യുഎഇ അമേരിക്കയുടെ സഹായത്തോടെ അന്വേഷിക്കും. അന്വേഷണത്തിന് യുഎഇ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ മിലിട്ടറിയുടെ സഹായത്തോടെയാണ് യുഎഇ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

യുഎഇയെപ്പോലെ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമേരിക്കയും തയ്യാറായിട്ടില്ല. ഫുജെയ്‌റ തീരത്താണ് അപകടമുണ്ടായതെന്ന് അമേരിക്കന്‍ തീരസംരംക്ഷണ സേനയും വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നോ അതിലധികമോ കപ്പലുകളെ നശിപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്യുക എന്ന സ്വഭാവത്തിലുള്ള ആക്രമണമാണ് നടന്നതെന്നും ആക്രമണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും അമേരിക്കന്‍ തീരസംരംക്ഷണ സേന വ്യക്തമാക്കി. അടുത്ത ഞായറാഴ്ച വരെ ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും തീരസംരക്ഷണ സേന മുന്നറിയിപ്പ് നല്‍കി.

സമുദ്രഗതാഗതത്തിന് ഭീഷണിയുയര്‍ത്തിയ ഈ ആക്രമണം ആഗോള സമ്പദ് വ്യവസ്ഥയെയും ഗള്‍ഫിലെ ഇന്ധനനീക്കത്തെയും പ്രതിരോധത്തിലാക്കിയേക്കുമെന്ന ആശങ്ക അമേരിക്കന്‍ ഉദ്യോഗസ്ഥരും സുരക്ഷാ വിദഗ്ധരും പങ്കുവെച്ചുകഴിഞ്ഞു.

ഇറാനെതിരെ സ്വരം കടുപ്പിച്ച് ട്രംപ്

ആക്രമണ സ്വഭാവത്തിലുള്ള എന്തെങ്കിലും നടപടികള്‍ ടെഹ്‌റാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുകയാണെങ്കില്‍ അവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്. ഫുജെയ്‌റയില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് ഇറാനില്‍ മോശം പ്രശ്്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ട്രംപ് മറുപടി പറഞ്ഞത്.

ആണവക്കരാറിലെ ചൊല്ലി അമേരിക്കയ്ക്കും ഇറാനുമിടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് ലോകത്തിലെ ഇന്ധനീക്കത്തില്‍ വളരെ പ്രധാനപ്പെട്ട മേഖലയില്‍ എണ്ണക്കപ്പലുകള്‍ അടക്കമുള്ളവയ്ക്ക് ആക്രമണം നേരിടേണ്ടി വന്നത് . ഇത് വളരെ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ കരുതിയിരിക്കണമെന്ന് അമേരിക്ക പശ്ചിമേഷ്യന്‍ മേഖലയ്ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് വിമാനവാഹിനിക്കപ്പലും മിസൈല്‍ പ്രതിരോധ സംവിധാനവും അടക്കം മേഖലയിലെ സൈനിക സന്നാഹങ്ങള്‍ അമേരിക്ക വിപുലീകരിച്ചിട്ടുണ്ട്.

ഇറാനോ അല്ലെങ്കില്‍ ഇറാന്‍ പിന്തുണ ഉള്ളവരോ ആണ് നാല് ചരക്ക് കപ്പലുകളില്‍ വലിയ ദ്വാരങ്ങള്‍ ഉണ്ടാക്കിയ തരത്തില്‍ സ്‌ഫോടനവും ആക്രമണവും നടത്തിയതെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഓരോ കപ്പലിലും 5-10 അടി വലുപ്പത്തിലുള്ള ദ്വാരങ്ങളാണ് ഉണ്ടായിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

Comments

comments

Categories: Arabia