എയര്‍ ഇന്ത്യാ ആസ്തികളുടെ വില്‍പ്പനയിലൂടെ 10,000 കോടി സമാഹരണം ലക്ഷ്യം

എയര്‍ ഇന്ത്യാ ആസ്തികളുടെ വില്‍പ്പനയിലൂടെ 10,000 കോടി സമാഹരണം ലക്ഷ്യം

സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ ഉപകമ്പനികള്‍ക്ക് പ്രത്യേകമായി തയാറാക്കാന്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡെല്‍ഹി: വായ്പാ ബാധ്യത മൂലം പ്രതിസന്ധി നേരിടുന്ന ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വിവിധ ആസ്തികളുടെ വില്‍പ്പനയിലൂടെ 10,000 കോടി രൂപയുടെ സമാഹരണം നടത്താനാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. എയര്‍ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 29,000 കോടി രൂപയുടെ വായ്പാ ബാധ്യതയില്‍ ഒരുഭാഗം അടച്ചു തീര്‍ക്കാന്‍ ആസ്തി വില്‍പ്പനയിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടുതന്നത്

എയര്‍ ഇന്ത്യയുടെ ഉപകമ്പനികളായ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസ് ലിമിറ്റഡ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ് എന്നിവയുടെ വില്‍പ്പനയാണ് പ്രധാനമായും സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എയര്‍ ഇന്ത്യയുടെ മുംബൈയിലെയും മറ്റ് ചില നഗരങ്ങളിലെയും ഓഫിസ് കെട്ടിടങ്ങള്‍ വില്‍ക്കുന്നതിലൂടെ 1400 കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത.് മൊത്തം 55,000കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 29,000 കോടി രൂപയുടെ ബാധ്യത എയര്‍ ഇന്ത്യ അസ്റ്റ്‌സ് ഹോള്‍ഡിംഗ്‌സ് എന്നൊരു പ്രത്യേകോദ്ദേശ്യ കമ്പനി രൂപീകരിച്ച് അതിലേക്ക് മാറ്റുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള തീരുമാനം നിക്ഷേപകര്‍ ആരും താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെടതിനു പിന്നാലെയാണ് ഉപകമ്പനികളും ആസ്തികളും പ്രത്യേകമായി വില്‍ക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിലൂടെ കമ്പനിയുടെ വാര്‍ഷിക പലിശ ബാധ്യത 4,400 കോടി രൂപയില്‍ നിന്ന് 2700 കോടി രൂപയാക്കി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉപകമ്പനികള്‍ക്ക് പ്രത്യേകമായി തയാറാക്കാന്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിറ്റഴിക്കല്‍ വേഗത്തില്‍ ആക്കുന്നതിനായാണിത്. ജൂണിനുള്ളില്‍ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തയാറാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഇതിനു സമാന്തരമായി എയര്‍ ഇന്ത്യക്ക് കൂടുതല്‍ മൂലധന സഹായം നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന യോഗം എയര്‍ ഇന്ത്യ ഉപകമ്പനികളുടെ വില്‍പ്പന വേഗത്തിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ട തയാറെടുപ്പുകള്‍ നടത്താന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോള എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനിക്ക് മേയ് 6ന് അയച്ച കത്തില്‍ പറുയുന്നു.

Comments

comments

Categories: Business & Economy
Tags: Air India