പുതിയ സര്‍ക്കാര്‍ വരുന്നത് വരെ ഇന്ത്യക്ക് നികുതി ഇളവ്: യുഎസ്

പുതിയ സര്‍ക്കാര്‍ വരുന്നത് വരെ ഇന്ത്യക്ക് നികുതി ഇളവ്: യുഎസ്

ജിഎസ്പി അനുസരിച്ച് രണ്ടായിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ പൂര്‍ണമായും ഒഴിവായിക്കിട്ടും

ന്യൂഡെല്‍ഹി: ഇന്ത്യക്ക് നല്‍കിയ പ്രത്യേക നികുതി ഇളവുകള്‍ റദ്ദാക്കാനുള്ള തീരുമാനം യുഎസ് നീട്ടും. ഇന്ത്യയുടെ ജിഎസ്പി(ജനറലൈസ്ഡ് സിസ്റ്റം പ്രിഫറന്‍സ്) പദവി എടുത്തുകളയാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ നടത്തിയ സുപ്രധാന നീക്കങ്ങളാണ് അമേരിക്കയുടെ തീരുമാനം വൈകിപ്പിക്കുന്നതിലേക്ക് നയിച്ചത്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത് വരെ ജിഎസ്പി പദവി റദ്ദാക്കിയ തീരുമാനം മരവിപ്പിച്ചുവെന്നാണ് വിവരം.

ഏകദേശം രണ്ടായിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ പൂര്‍ണമായും ഒഴിവായിക്കിട്ടും എന്നതാണ് ജിഎസ്പി പദവി ലഭിക്കുന്നതിന്റെ ഗുണം. 1976 ലാണ് യുഎസ്, ജിഎസ്പി അവതരിപ്പിച്ചത്. വികസിത രാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങളെ സഹായിക്കാനായി അവതരിപ്പിച്ച മാതൃകയായിരുന്നു ഇത്. ലോകത്തിലെ പല ദരിദ്ര രാജ്യങ്ങള്‍ക്കും വ്യാപാരത്തിലൂടെ അവരുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താനും അതുവഴി ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കാനുമുള്ള അവസരങ്ങളാണ് ജിഎസ്പി നല്‍കുന്നത്.

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ കൂടുതലായി നികുതി ചുമത്തുന്നുണ്ടെന്ന ട്രംപിന്റെ വിമര്‍ശനങ്ങളുടെ നടുവിലായിരുന്നു ജിഎസ്പി റദ്ദാക്കല്‍. ജിഎസ്പി പദവി എടുത്തുകളഞ്ഞത് ഇന്ത്യയെ സാരമായി ബാധിക്കില്ലെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇളവ് ബാധകമായ ഉല്‍പ്പന്നങ്ങളുടെ 560 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ പ്രതിവര്‍ഷം നടത്തുന്നത്. നികുതിയിനത്തില്‍ രാജ്യത്തിന് ലഭിക്കുന്ന ലാഭമാകട്ടെ 1,400 കോടി രൂപയും.

Comments

comments

Categories: Business & Economy, Slider
Tags: tax