ഉദുമല്‍പേട്ടില്‍ നിന്നും പാരീസ് വരെ നീളുന്ന ഹോട്ട് ബ്രെഡ്‌സ് വിജയം

ഉദുമല്‍പേട്ടില്‍ നിന്നും പാരീസ് വരെ നീളുന്ന ഹോട്ട് ബ്രെഡ്‌സ് വിജയം

ആഗ്രഹിച്ച കാര്യങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതിനു കാണിക്കുന്ന ആര്‍ജ്ജവമാണ് ഒരു യഥാര്‍ത്ഥ സംരംഭകന്റെ വിജയം. ചെറുപ്പം മുതല്‍ക്ക് സംരംഭകനാകാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു ഉദുമല്‍പേട്ട സ്വദേശിയായ എംഎ മഹാദേവന്‍. എന്നാല്‍ ജീവിതം അദ്ദേഹത്തെ ഒരു കൊമേഴ്‌സ് പ്രൊഫസര്‍ ആക്കി. മനസില്‍ സംരംഭകത്വം എന്ന ചിന്ത അടിയുറച്ചതിനാല്‍ കോളെജിലെ അധ്യാപനം കഴിഞ്ഞാല്‍ അദ്ദ്‌ദേഹം നേരെ മദ്രാസിലെ ഹോട്ടലുകളില്‍ സജീവമാകുമായിരുന്നു. ഭക്ഷണ വിതരണം മുതല്‍ റിസപ്ഷനിസ്റ്റിന്റെ ചുമതല വരെ ഏറെ കാര്യക്ഷമതയോടെ നിര്‍വഹിച്ച അദ്ദേഹം 1981 ല്‍ ബിസിനസിലേക്ക് കടന്നു. ഹോട്ടല്‍ മേഖലയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ഹോട്ട് ബ്രെഡ്‌സ് എന്ന പേരില്‍ ബ്രെഡുകള്‍ വിപണിയിലെത്തിച്ച അദ്ദേഹം വേറിട്ട ഒരു സംരംഭകത്വ മാതൃകയാണ് മുന്നോട്ട് വച്ചത്. ഉദുമല്‍പേട്ടില്‍ ആരംഭിച്ച് പാരീസ് വരെ വ്യാപിച്ചിരിക്കുന്ന ഹോട്ട് ബ്രെഡ്‌സ് വിജയഗാഥ മഹാദേവനെ ‘ഹോട്ട് ബ്രെഡ്‌സ് മഹാദേവന്‍’ എന്ന പേരിനുടമയാക്കി. പാര്‍ട്ണര്‍ഷിപ്പുകളിലൂടെ ഹോട്ടല്‍ ഇന്‍ഡസ്ട്രിയുടെ അവിഭാജ്യഘടകമാകുക എന്ന തന്ത്രമാണ് അദ്ദേഹം പ്രയോഗിച്ചത്. ഇതിലൂടെ വിദേശ ഹോട്ടലുകളെ ഇന്ത്യയിലെത്തിക്കാനും ഇന്ത്യന്‍ ഹോട്ടലുകളെ വിദേശത്തെത്തിക്കാനും അദ്ദേഹത്തിനായി.

1981 കളില്‍ മദ്രാസ് സര്‍വകലാശാലക്ക് അടുത്തുള്ള റെസ്റ്റോറന്റുകളില്‍ പോയി നോക്കിയാല്‍ ഒരു കാഴ്ചകാണാമായിരുന്നു. ഹോട്ടലുകളുടെ റിസപ്ഷനിലും ഭക്ഷണ വിതരണ കൗണ്ടറുകളിലും പാക്കേജിംഗ് യൂണിറ്റിലുമെല്ലാം തൊഴില്‍ ചെയ്യുന്ന ഒരു യുവാവ്. ഈ കാഴ്ച, മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ കൗതുകകരമായ ഒന്നായിരുന്നു. കാരണം, കോളെജ് സമയം കഴിഞ്ഞാല്‍ വൈകുന്നേരങ്ങളില്‍ നാലഞ്ചു മണിക്കൂര്‍ നേരം ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന ആ യുവാവ് മദ്രാസ് സര്‍വകലാശാലയിലെ കൊമേഴ്‌സ് വിഭാഗം പ്രൊഫസറായ എം മഹാദേവനായിരുന്നു.

കൊമേഴ്‌സ് പഠിപ്പിക്കുന്നയാള്‍ക്കെന്താ ഹോട്ടല്‍ അംബാ സഡര്‍ പല്ലവയിലെ റിസപ്ഷനില്‍ കാര്യം എന്ന് ആശ്ചര്യപ്പെട്ടു ചോദിച്ചവര്‍ക്ക് മുന്നില്‍ മഹാദേവന് ഒരു ഉത്തരമേ പറയാനുണ്ടായിരുന്നുള്ളൂ.’എന്റെ ഉള്ളില്‍ ഒരു സംരംഭകനുണ്ട്. എനിക്കിഷ്ടം ഹോട്ടല്‍ മേഖലയാണ്. അധ്യാപനം എനിക്ക് ജീവിതമാര്‍ഗമാണ്. എന്നാല്‍ സംരംഭകാത്തവന്‍ എന്നത് എന്റെ പാഷനാണ്’ മഹാദേവന്റെ വാക്കുകളില്‍ തുടക്കം മുതലേ നിശ്ചയദാര്‍ഢ്യം പ്രകടമായിരുന്നു.സമ്പാദിക്കുന്ന നൂറ് രൂപയില്‍ അമ്പത് മാത്രമേ ആവശ്യമുള്ളു എങ്കില്‍ ബാക്കിയുള്ള അമ്പത് രൂപ സമൂഹത്തിനായി നല്‍കണമെന്ന് പറഞ്ഞു വളര്‍ത്തിയ ഒരു അമ്മയുടെ മകനായിരുന്നു മഹാദേവന്‍. അതിനാല്‍ തന്നെ ബിസിനസിന്റെ ആദ്യഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തന്നെ അമ്മയുടെ വാക്കുകള്‍ മഹാദേവന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. സംരംഭകന്‍ എന്നതിനേക്കാള്‍ സാമൂഹ്യ സംരംഭകന്‍ എന്ന പദത്തിന് അദ്ദ്‌ദേഹം പ്രാധാന്യം നല്‍കിയിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി പണമുണ്ടാക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കാന്‍ കൂടുതല്‍ ഹോട്ടലുകള്‍ തുടങ്ങുക, മികച്ച പരിശീലനം നല്‍കി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ജീവിതമാര്‍ഗം നല്‍കുക ഇത്തരത്തില്‍ മഹാദേവന്റെ മനസിലെ ചിന്തകള്‍ വ്യത്യസ്തമായിരുന്നു.

എന്നാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഇരുന്നിട്ടും ഹോട്ടലുകളില്‍ പലവിധ ജോലികള്‍ ചെയ്യുന്ന മകനെ ഓര്‍ത്ത് അദ്ദേഹത്തിന്റെ അമ്മക്ക് എന്നും വിഷമമായിരുന്നു.ഡോക്ടര്‍മാരായ അച്ഛനും അമ്മയ്ക്കും മകന്റെ ഭാവിയെക്കുറിച്ചുള്ള ഭയം കൂടി വന്നപ്പോഴും തന്റെ ഭാവിയുടെ കാര്യത്തില്‍ മഹാദേവന് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ മികച്ചൊരു സംരംഭകനാകും, അദ്ദേഹത്തിന്റെ ഈ വാക്കുകളിലാണ് മാതാപിതാക്കള്‍ തങ്ങളുടെ ആധി മറന്നിരുന്നത്. പയ്യെ പയ്യെ ഒരു ഹോട്ടല്‍ എന്ന മോഹം അദ്ദേഹത്തിന്റെ മനസ്സില്‍ ശക്തമായി വേരുറപ്പിച്ചു. കേവലം അറുപതിനായിരം രൂപയുടെ മൂലധനവുമായിട്ടായിരുന്നു മഹാദേവന്റെ തുടക്കം. 1981 ല്‍ കൂട്ട് പങ്കാളിയുമായി ചേര്‍ന്ന് തുടക്കം കുറിച്ച ഹോട്ടല്‍ എന്ന ആ സ്വപ്‌നം ലോകത്തിന്റെ പല ഭാഗങ്ങളിലും സാന്നിധ്യമുള്ള ഒരു ഹോട്ടല്‍ വ്യവസായമായി വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാറി. തുടര്‍ന്നാണ് ഹോട്ട് ബ്രെഡ്‌സ് എന്ന ബ്രാന്‍ഡിലൂടെ ബ്രെഡുകളുടെ വില്‍പനയില്‍ അദ്ദേഹം സജീവമാകുന്നത്.

വ്യത്യസ്തമായ ഒരു സംരംഭക കഥ

സംരംഭകത്വം എന്ന തന്റെ പാഷനെ തികച്ചും വേറിട്ട രീതിയില്‍ പിന്തുടര്‍ന്നുകൊണ്ട് വിജയം കൈവരിച്ച കഥയാണ് മഹാദേവന്റേത്. ലോണെടുത്ത് ബിസിനസ് തുടങ്ങാനോ, അത് വരെയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ മുഴുവനും ബിസിനസിനായി മാറ്റി വയ്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. തനിക്ക് ചേരുന്ന, തന്റെ ആശയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി കഴിയുന്ന ബിസിനസ് പങ്കാളികളെ കണ്ടെത്തി അവരിലൂടെ ബിസിനസ് വികസനം സാധ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. ബിസിനസിലേക്ക് കൂടുതലായി അടുക്കുംതോറും അദ്ദേഹത്തിന്റെ സംരംഭകത്വ യാത്രക്ക് കരുത്ത് പകര്‍ന്നത് അമ്മയുടെ വാക്കുകളായിരുന്നു.സമ്പാദിക്കുന്നതിന്റെ പകുതി പണം ഇല്ലാത്തവര്‍ക്ക് നല്‍കണം എന്ന് ‘അമ്മ പറയുന്നതനുസരിച്ച് കൂടുതല്‍ പണം സമ്പാദിച്ചാല്‍ കൂടുതല്‍ ആളുകളെ സഹായിക്കാം എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ അടിയുറച്ചു. പുതിയ പാര്‍ട്ട്ണര്‍ഷിപ്പുകളിലൂടെ ഹോട്ടലുകളും റെസ്റ്റൊറന്റുകളും ബേക്കറികളും തുടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നീക്കം.

ഭക്ഷണത്തോടുള്ള താല്‍പര്യം മാത്രമല്ല, നല്ല ഭക്ഷണം നല്‍കിയാല്‍ സന്തുഷ്ടരായ ഉപഭോക്താക്കളെ ലഭിക്കുമെന്ന ചിന്തയും ഹോട്ടലുകള്‍ ആളുകളെ ഒന്നിച്ചുകൂടാന്‍ പ്രചോദിക്കുന്ന ഇടമാണ് എന്നതുമാണ് ഹോട്ടല്‍ ബിസിനസില്‍ നിക്ഷേപം കൊണ്ടുവരാന്‍ മഹാദേവനെ പ്രേരിപ്പിച്ചത്. കോളെജ് അധ്യാപകനായിരിക്കുമ്പോഴായിരുന്നു മഹാദേവന്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. എന്നാല്‍ ഈ തീരുമാനമൊരിക്കലും അദ്ദേഹത്തിന്റെ തൊഴിലിനെ ബാധിച്ചില്ല.തുടര്‍ പഠനവും ജോലിയുമെല്ലാം അതിന്റെതായ രീതിക്ക് തന്നെ മുന്നോട്ട് പോയി. പല്ലവ എന്ന് പേരുള്ള ആ ഹോട്ടലിലെ കേവലമൊരു ജോലിക്കാരനായി നിന്നുകൊണ്ട് മഹാദേവന്‍ നേടിയെടുത്ത സംരംഭകത്വ പാഠങ്ങളാണ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായത്. പള്ളവയില്‍ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ ആദ്യത്തെ ബിസിനസ് പാര്‍ട്ണറെ കണ്ടെത്തുന്നത്.

തുടക്കം ചെനീസ് റെസ്റ്റോറന്റിലൂടെ

പള്ളവയില്‍ ജോലി നോക്കി വരുമ്പോഴാണ് ആളുകള്‍ക്ക് ചൈനീസ് ഭക്ഷണത്തത്തോടുള്ള താല്‍പര്യം വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയത്. എങ്കില്‍ പൈന്‍ തന്റെ ആദ്യ സംരംഭം ആ മേഖലയിലാവാം എന്ന് കരുതി.ചൈനീസ് ഗാര്‍ഡന്‍ എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ആദ്യ സംരംഭം ആരംഭിച്ചത്. 1981 ല്‍ മദ്രാസ് ആസ്ഥാനമായിട്ടായിരുന്നു തുടക്കം. ടിക് ടാക് എന്ന ഹോട്ടലിന്റെ കൂടെയായിരുന്നു ഈ ഔട്ട്‌ലെറ്റ് തുടങ്ങിയത്. ആളുകള്‍ക്ക് വന്നിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നില്ല. ടേക്ക് എവേ കൗണ്ടറുകള്‍ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വൈകിട്ട് അഞ്ച് മുതല്‍ രാത്രി പതിനൊന്ന് മണി വരെയാണ് ചൈനീസ് ഗാര്‍ഡന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം അഞ്ചു വര്‍ഷക്കാലം ഈ ഒരൊറ്റ ഹോട്ടലുമായി മുന്നോട്ട് പോയി. ഇതിനോടകം വിതരണം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെ മുന്‍നിര്‍ത്തി മികച്ചൊരു ഉപഭോക്തൃ നിരയുണ്ടാക്കിയെടുക്കുവാന്‍ ചൈനീസ് ഗാര്‍ഡന് കഴിഞ്ഞിരുന്നു.

1986 ലാണ് തന്റെ അടുത്ത സംരംഭത്തിന് അദ്ദേഹം തുടക്കം കുറിക്കുന്നത്.ചൈനീസ് ഗാര്‍ഡനില്‍ സ്ഥിരമായി ഭക്ഷണം വാങ്ങാന്‍ വന്നിരുന്ന ഒരാള്‍ അന്ന് ഒരു കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് പണിയുന്ന കാലമായിരുന്നു. അവിടെ ഒരു റെസ്റ്റൊറന്റ് തുടങ്ങാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചതോടെ, പങ്കാളിത്ത സ്വഭാവത്തില്‍ അടുത്ത സ്ഥാപനത്തിന് തുടക്കം കുറിച്ചു. കാസ്‌കേഡ് റെസ്റ്റൊറന്റ് എന്നായിരുന്നു നൂതന സംരംഭത്തിന്റെ പേര്. ചൈനീസ്, തായ്, മലയ, ജാപ്പനീസ് എന്നീ വ്യത്യസ്ത വിഭവങ്ങളായിരുന്നു ഇവിടെ വിതരണം ചെയ്തിരുന്നത്. ചൈനീസ്, തായ്, മലയ, ജാപ്പനീസ് എന്നീ വ്യത്യസ്ത വിഭവങ്ങളായിരുന്നു ഇവിടത്തെ പ്രത്യേകത. എങ്കിലും ആളുകളെ ആകര്‍ഷിച്ചത് ഇതിന്റെ ഇന്റീരിയര്‍ ആയിരുന്നു. ചൈനീസ് റെസ്റ്റൊറന്റ് ആയാല്‍ ചുവപ്പ്, പച്ച നിറങ്ങളുണ്ടാകണമെന്ന സ്ഥിരം സങ്കല്‍പ്പങ്ങളെ മാറ്റി മഹാദേവന്‍ നീലയും വെളുപ്പും നിറങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ച റെസ്റ്റോറന്റിന്റെ ഇന്റീരിയര്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു.

തുടര്‍ന്ന് 1991 ലാണ് ആദ്യത്തെ ഹോട്ട് ബ്രെഡ്‌സ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്.ബേക്കറി ആവശ്യത്തിനായി പലതരം ബ്രെഡുകള്‍ വില്‍ക്കുന്ന ഒരിടം എന്ന നിലക്കാണ് ഇത്തരമൊരാശയം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ മഹാദേവന്റെ എല്ലാ ആശയങ്ങളെയും കൈനീട്ടി സ്വീകരിച്ചിരുന്ന പാര്‍ട്ട്ണര്‍മാര്‍ ഇത്തവണ കൂട്ടുനിന്നില്ല. എന്നാല്‍ തന്റെ ആശയം ശരിയായ ദിശയിലാണെന്നും തനിക്ക് വിജയിക്കാനാകുമെന്നും ഉറപ്പുണ്ടായിരുന്നു മഹാദേവന്‍ കാസ്‌കേഡില്‍ നിക്ഷേപിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപ ലോണും ചേര്‍ത്ത് സ്വന്തമായി ഹോട്ട് ബ്രെഡ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു.

ടീ റെസ്‌കുകളും ബ്രെഡുകളും മാത്രം കണ്ടു ശീലിച്ചവര്‍ക്കിടയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ബ്രെഡ് ഷോപ്പായിരുന്നു ഹോട്ട് ബ്രെഡ്‌സ്. കറി ബണും, പിസ്സയും പേസ്ട്രികളും ബര്‍ഗറും തന്റെ സ്ഥാപനത്തിലൂടെ മഹാദേവന്‍ പരിചയപ്പെടുത്തി. സാധാരണ ബ്രെഡിന്റെ രുചിയില്‍ നിന്നും വ്യത്യസ്തമായി വേറിട്ട രുചികളിലും ഫ്‌ലേവറുകളിലുമുള്ള ബ്രെഡുകളാണ് വിപണിയിലെത്തിച്ചത്.ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബ്രേക്ക് ഈവന്‍ ആയി ഹോട്ട് ബ്രെഡ്‌സ് വിജയകഥയായി. കൊച്ചിയും ബാംഗ്ലൂരും ഉള്‍പ്പെടെ പല നഗരങ്ങളിലേക്ക് എത്തി യത് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ്.

ഇന്ത്യക്ക് പുറത്തേക്ക് ചിറക് വിരിച്ച ഹോട്ട് ബ്രെഡ്‌സ്

1991 ല്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷക്കാലം ഇന്ത്യന്‍ വിപണിയില്‍ മാത്രമായിരുന്നു ശ്രദ്ധ. ഇന്ത്യയിലെ പ്രധാനപ്പെട്ട 12 നഗരങ്ങളില്‍ വിജയമായ ശേഷമാണ് ഹോട്ട് ബ്രെഡ്‌സ് വിദേശ വിപണിയിലേക്കെത്തുന്നത്. തുടക്കം ദുബായിയില്‍ നിന്നായിരുന്നു. ദുബായ് വിപണി പിടിച്ചെടുക്കുക എന്നത് ഏറെ എളുപ്പമുള്ള കാര്യമായിരുന്നു. ചൈതന്യ ഗോര്‍മെ സ്‌പ്ലെന്‍ഡര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി സംരംഭ ങ്ങളെല്ലാം ഇതിനു കീഴിലാക്കിയ മഹാദേവന്‍ പിന്നീടും ശ്രദ്ധിച്ചിരുന്നത് സ്ഥാപനതിന്റെ വികസന കാര്യങ്ങള്‍ തന്നെയായിരുന്നു. 1997ല്‍ ഓറിയന്റല്‍ ക്യൂസീന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലായി ബിസിനസ്.ഹോട്ട് ബ്രെഡിന്റെ വ്യത്യസ്തമായ രുചി, ഗുണം എന്നിവയാണ് വിദേശ വിപണിയെ സ്വാധീനിച്ചത്.അമേരിക്കയും കാനഡയും ആഫ്രിക്കയും പാരീസും തുടങ്ങിയ ഇടങ്ങള്‍ ഈ ഇന്ത്യന്‍ മേഡ് ബ്രെഡിന്റെ ഉപഭോക്താക്കളായി. ഇന്ന് 17 ലോകരാജ്യങ്ങളിലാണ് മഹാദേവന്റെ ഹോട്ട് ബ്രെഡ്‌സിന് വിപണിയുള്ളത്.

തന്റെ സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നം വിജയം കണ്ടതോടെ കൂടുതല്‍ റെസ്റ്റോറന്റ് ശൃംഖലകളുടെ നടത്തിപ്പിലേക്ക് മഹാദേവന്‍ തിരിഞ്ഞു. ഇന്ത്യന്‍ രുചികള്‍ തന്റെ കഴിവ് ഉപയോഗിച്ച് വിദേശത്തേക്ക് അയക്കുക എന്നതാണ് ഇദ്ദേഹം ചെയ്തത്.ഇതിന്റെ ആദ്യ പടിയായി ശരവണ ഭവന്‍, പിന്നീട്, പാരഗണ്‍, വാങ്‌സ് കിച്ചന്‍, നളാസ് അപ്പക്കട എന്നിങ്ങനെ പല നാടന്‍ രുചികളും മഹാദേവന്റെ സഹായത്തോടെ വിദേശത്തെത്തി. അന്യദേശങ്ങളിലെ ഹോട്ടലുകള്‍ ഇന്ത്യയിലെത്തിക്കാനും മഹാദേവന് കഴിഞ്ഞു. പക്ഷെ ഫ്രാഞ്ചൈസി മോഡലില്‍ ഇന്ത്യ മുഴുവന്‍ ഹോട്ട് ബ്രെഡ്‌സ് എന്ന ബ്രാന്‍ഡ് വ്യാപിപ്പിക്കാനുള്ള ശ്രമം മഹാദേവന്‍ ഉപേക്ഷിച്ചു. കാരണം ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഉല്‍പ്പന്നവിതരണം സാധ്യമല്ല എന്നതിനാല്‍ തന്നെ. 2001 തങ്ങളുടെ ആഭ്യന്തര ബിസിനസിന്റെ പകുതി അദ്ദേഹം ഭാര്‍ത്യ ഗ്രൂപ്പിന് കൈമാറി. ശേഷം ഹോട്ട് ബ്രെഡ്‌സ് എന്ന ബ്രാന്‍ഡിനെ ബി ആന്‍ഡ് എം ഹോട്ട് ബ്രെഡ്‌സ് എന്ന് പേര് മാറ്റി, കര്‍ണാടകയിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി ഒതുക്കി കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് മഹാദേവന്‍ ചെയ്യുന്നത്.

ബേക്കിംഗില്‍ പരിശീലനം നല്‍കുന്ന വിന്നേഴ്‌സ് ബേക്കറിയും ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായുള്ള ഫ്രീഡം ബേക്കറി, പൊള്ളല്‍ അപകടങ്ങളെ അതിജീവിച്ചവര്‍ക്കായുള്ള റൈറ്റേഴ്‌സ് കഫെയില്‍ തുടങ്ങിയവ മഹാദേവന്റെ ആശയങ്ങളാണ്. മറ്റുള്ളവരുടെ പാത പിന്തുടരാതെ സ്വന്തം ആശയനകളെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകുക എന്ന ഉപദേശമാണ് തന്റെ സംരംഭകത്വ ജീവിതം കൊണ്ട് ഇദ്ദേഹം തരാന്‍ ആഗ്രഹിക്കുന്നത്.

Categories: FK Special, Slider

Related Articles