സുസുകി ജിക്‌സര്‍ എസ്എഫ് 250 വിശദാംശങ്ങള്‍ പുറത്ത്

സുസുകി ജിക്‌സര്‍ എസ്എഫ് 250 വിശദാംശങ്ങള്‍ പുറത്ത്

ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ ചിത്രവും സ്‌പെസിഫിക്കേഷനുകളും ചോര്‍ന്നു

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍ എസ്എഫ് 250 ഈ മാസം ഇരുപതിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വ്യക്തമാക്കുന്ന ചിത്രവും സ്‌പെസിഫിക്കേഷനുകളും ഇതിനുമുമ്പായി ചോര്‍ന്നിരിക്കുന്നു. 1.40 ലക്ഷം രൂപയായിരിക്കും ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില. ബജാജ് പള്‍സര്‍ ആര്‍എസ് 200, യമഹ ഫേസര്‍ 25, ഹോണ്ട സിബിആര്‍ 250ആര്‍ എന്നിവയുമായി വിപണിയില്‍ കൊമ്പുകോര്‍ക്കും.

സുസുകിയുടെ വലിയ ജിഎസ്എക്‌സ്-ആര്‍ മോഡലുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ ഭാഷ. ഷാര്‍പ്പ് ഫെയറിംഗ് ലഭിച്ചിരിക്കുന്നു. സ്പ്ലിറ്റ് സീറ്റുകള്‍ കാണാം. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ എന്‍ജിന്‍ കവറിന് സ്വര്‍ണ നിറം നല്‍കി. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ നല്‍കിയതോടെ റൈഡിംഗ് പൊസിഷന്‍ അഗ്രസീവാണ്. 12 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ഫെയറിംഗിലാണ് റിയര്‍ വ്യൂ മിററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജിക്‌സര്‍ എസ്എഫ് 155 ബൈക്കിലേതുപോലെ, ഇരട്ടക്കുഴല്‍ എക്‌സ്‌ഹോസ്റ്റ് കാണാം. 17 ഇഞ്ച്, 5 സ്‌പോക്ക് അലോയ് വീലുകളിലായിരിക്കും 250 സിസി മോട്ടോര്‍സൈക്കിള്‍ വരുന്നത്. പിന്നില്‍ ടയര്‍ ഹഗ്ഗര്‍ നല്‍കി. മുന്നിലെ 110/70 ടയറും പിന്നിലെ 150/60 ടയറും ട്യൂബ്‌ലെസ് ആണ്.

249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, എസ്ഒഎച്ച്‌സി എന്‍ജിന്‍ സുസുകി ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളിന് കരുത്തേകും. 9,000 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 22.6 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. മുന്നില്‍ ഓയില്‍ ഡാംപ്ഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗ്ആം ടൈപ്പ് മോണോഷോക്കും സസ്‌പെന്‍ഷന്‍ ജോലി നിര്‍വ്വഹിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കി. സ്റ്റാന്‍ഡേഡായി ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിയേക്കും. 161 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ്.

Comments

comments

Categories: Auto