സംഘര്‍ഷാത്മകമാകുന്ന പശ്ചിമേഷ്യ

സംഘര്‍ഷാത്മകമാകുന്ന പശ്ചിമേഷ്യ

യുഎഇ തീരത്ത് സൗദി എണ്ണ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണം പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കിയേക്കും. രാജ്യാന്തര എണ്ണ നീക്കത്തെ ബാധിക്കുന്ന തരത്തില്‍ ഇത് വികസിക്കാതിരിക്കാനാണ് യുഎസും മറ്റ് രാജ്യങ്ങളും ശ്രമിക്കേണ്ടത്

യുഎസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെയാണ് ഇന്നലെ യുഎഇ തീരത്ത് സൗദിയുടെ രണ്ട് വാണിജ്യഎണ്ണ ടാങ്കറുകള്‍ക്കെതിരെ അപ്രതീക്ഷിത ആക്രമണമുണ്ടായിരിക്കുന്നത്. യുഎഇയുടെ നാല് കപ്പലുകള്‍ക്കെതിരെ ആക്രമണമുണ്ടായതായും വാര്‍ത്ത വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി സൗദി അറേബ്യയും യുഎഇയും വിശദമാക്കിയിട്ടില്ലെങ്കിലും ആക്രമണം നടന്നതായി സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലി പറഞ്ഞത് അന്താരാഷ്ട്ര എണ്ണചരക്ക് നീക്കത്തെ അട്ടിമറിക്കാനും തടസപ്പെടുത്താനുമുള്ള ശ്രമമാണ് ഇതെന്നാണ്. സൗദിയുടെ പ്രധാന ശത്രുവാണ് ഇറാനെങ്കിലും ആക്രമണത്തിന് പിന്നില്‍ അവരാണെന്ന് സൗദി സര്‍ക്കാര്‍ തുറന്ന് പറഞ്ഞിട്ടില്ല. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുതിയ തലത്തിലെത്തിയിരുന്നു. മേഖലയില്‍ ഇറാന്റെ സാഹസമുണ്ടാകുമെന്ന് പറഞ്ഞാണ് അമേരിക്ക അടുത്തിടെ മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചത്.

അമേരിക്ക നല്‍കിയ മുന്നറിയിപ്പ് ശരിയായി ഭവിച്ചുവെന്ന് പറയാമെങ്കിലും ആക്രമണത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ഇറാന്‍ തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാറായിട്ടില്ല. ഇറാനെതിരെയുള്ള ഉപരോധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ചില രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ ഇളവിന്റെ കാലാവധി അടുത്തിടെ കഴിഞ്ഞിരുന്നു. തുടര്‍ന്നും ഇളവ് നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിന് ശേഷമാണ് മേഖല കൂടുതല്‍ സംഘര്‍ഷാത്മകമായി മാറുകയാണെന്ന സൂചനകള്‍ ലഭിച്ചത്.

ഈ പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. സൗദിയില്‍ നിന്ന് യുഎസിലേക്ക് എണ്ണ കൊണ്ടുപോകാനെത്തിയ കപ്പലുകളെയാണ് അക്രമകാരികള്‍ ലക്ഷ്യമിട്ടത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് ബോധ്യമായാല്‍ സൗദി അറേബ്യയും യുഎസും വെറുതെയിരിക്കാന്‍ ഇടയില്ല. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ അത്യന്തരം പ്രശ്‌നകലുഷിതമാകും പശ്ചിമേഷ്യ. യുഎഇ പോലെ അതിവേഗ സാമ്പത്തിക കുതിപ്പ് ലക്ഷ്യമിടുന്ന അറബ് രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തെ സംഘര്‍ഷം ബാധിച്ചേക്കാന്‍ ഇടയുണ്ട്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക പരിവര്‍ത്തനം ലക്ഷ്യമിടുന്ന സൗദിയുടെ വ്യവസായ മേഖലയ്ക്കും നല്ലത് സംഘര്‍ഷം ഒരു പരിധിക്കപ്പുറം പോകാതിരിക്കുകയാണ്.

മാത്രമല്ല, അന്താരാഷ്ട്ര എണ്ണ വിപണിയില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കോളിളക്കം തന്നെ സൃഷ്ടിച്ചേക്കാം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖാലിദ് അല്‍ ഫാലി ഇത് സൂചിപ്പിച്ചിട്ടുമുണ്ട്. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ശക്തിയാണ് ഇറാനെന്ന് കാണിക്കുകയാണ് യുഎസിന്റെയും സൗദിയുടെയും ലക്ഷ്യം. ഇതില്‍ പ്രകോപിതരാകുന്ന ഇറാനും വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ല. ട്രംപ് കുറച്ച് കൂടി പക്വമായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നു. എന്നാല്‍ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം നില്‍ക്കില്ലായിരുന്നു. ട്രംപിന്റെ ഇറാന്‍ ഉപരോധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇറാന്റെ ഏറ്റവും വലിയ ശത്രുവായ സൗദി അറേബ്യ തന്നെയാണ്. ഈ സഹചര്യത്തില്‍ ഇറാന്‍ എന്തു നടപടികളാണ് കൈക്കൊള്ളുകയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

Categories: Editorial, Slider