പുതിയ സര്‍ക്കാരിനെ കാത്ത് വിലക്കയറ്റ പ്രതിസന്ധി

പുതിയ സര്‍ക്കാരിനെ കാത്ത് വിലക്കയറ്റ പ്രതിസന്ധി

തക്കാളി, ഉള്ളി, പഞ്ചസാര, പാല്‍ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ആദ്യ തലവേദനായി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് മാറുമെന്ന് റിപ്പോര്‍ട്ട്. വിലക്കയറ്റം പൊതുതെരഞ്ഞെടുപ്പില്‍ രൂക്ഷ വിഷയമായി ചര്‍ച്ചയാകുന്നില്ലെങ്കിലും അവശ്യ സാധനങ്ങളുടെ വില അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തക്കാളി, ഉള്ളി, പാല്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ് കാര്യമായ വര്‍ധന രേഖപ്പെടുത്തുന്നത്. പശ്ചിമേന്ത്യയിലും തെക്കേ ഇന്ത്യയിലും അനുഭവപ്പെടുന്ന രൂക്ഷമായ വരള്‍ച്ചയും കഠിനമായ വേനല്‍ക്കാലവുമാണ് നിത്യോപയോഗ ആഹാര സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായിരിക്കുന്നത്. 2016 സെപ്റ്റംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഉപഭോക്തൃ പണപ്പെരുപ്പം റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കിനും താഴെയായിരുന്നത് മോദി സര്‍ക്കാരിന് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാരിന് ഈ ആനുകൂല്യം ലഭിക്കില്ലെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജോവര്‍, ബജ്‌റ, കപാസ്, തക്കാളി, ഉള്ളി, പരുത്തി എന്നിവയുടെ വില വര്‍ധിച്ചെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാലിത്തീറ്റയുടെയും മറ്റും വിലവര്‍ധനവ് വൈകാതെ പാല്‍ വിലയിലും പ്രതിഫലിക്കുമെന്ന് രാജ്യത്തെ പ്രമുഖ പാല്‍ ഉല്‍പ്പാദക-വിപണന സഹകരണ സംഘമായ ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ആര്‍എസ് സോധി പറഞ്ഞു. തീറ്റയുടെ വില കൂടിയതിനാല്‍ കര്‍ഷകര്‍ പശുക്കളുടെ തീറ്റ വെട്ടിക്കുറിച്ചിട്ടുണ്ടെന്നും ഇത് പാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടാക്കുമെന്നും ഹാറ്റ്‌സന്‍ അഗ്രോ പ്രൊഡക്ഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ ജി ചന്ദ്രമോഹന്‍ പറഞ്ഞു.

മഹാരാഷ്ട്രയിലുണ്ടായ കടുത്ത വരള്‍ച്ച മൂലം പഞ്ചസാരയുടെ വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം ആറു മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയെന്ന് റോയിട്ടേഴ്‌സിന്റെ പോള്‍ വ്യക്തമാക്കുന്നു. ഉപഭോക്തൃ വിലക്കയറ്റം മാര്‍ച്ച് മാസത്തിലെ 2.86 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 2.97 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: FK News, Top Stories
Tags: price hike