ഭൂസ്വത്ത് സമ്പാദനത്തില്‍ യുഎഇ നിവാസികള്‍ ആവേശഭരിതരെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്

ഭൂസ്വത്ത് സമ്പാദനത്തില്‍ യുഎഇ നിവാസികള്‍ ആവേശഭരിതരെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്

റിയല്‍ എസ്‌റ്റേറ്റ് അന്വേഷണങ്ങള്‍ക്കായി ചിലവഴിക്കുന്നത് ശരാശരി 6.6 മണിക്കൂറുകള്‍

ദുബായ്: ഭൂസ്വത്ത് സമ്പാദനത്തില്‍ യുഎഇ നിവാസികള്‍ അതീവതല്‍പരരാണെന്ന് എച്ച്എസ്ബിസി സര്‍വേ റിപ്പോര്‍ട്ട്. വസ്തുവകകള്‍ സംബന്ധിച്ച ഗവേഷണത്തിനും അവയുടെ ലിസ്റ്റുകള്‍ പരിശോധിക്കുന്നതിനും വില്‍പ്പനയ്ക്കുള്ള വീടുകള്‍ കാണുന്നതിനുമായി സര്‍വേയില്‍ പങ്കെടുത്ത മറ്റ് ഒമ്പത് രാജ്യങ്ങളിലെ ആളുകളേക്കാള്‍ കൂടുതല്‍ സമയമാണ് യുഎഇ നിവാസികള്‍ ചിലവഴിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ആസ്തിയുടെ കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി സര്‍വേ സംഘടിപ്പിച്ചത്. യുഎസ്, കാനഡ, മെക്‌സികോ,ഫ്രാന്‍സ്, യുകെ, ഓസ്‌ട്രേലിയ, മലേഷ്യ,സിംഗപ്പൂര്‍,തായ്‌വാന്‍, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങളിലെ 21 വയസിന് മുകളില്‍ പ്രായമുള്ള 11,932 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

വീട് വാങ്ങണമെന്ന ഉദ്ദേശമില്ലെങ്കില്‍ കൂടിയും യുഎഇ നിവാസികള്‍ ഒരാഴ്ച ശരാശരി 6.6 മണിക്കൂറുകള്‍ വീടന്വേഷണത്തിനായി ചിലവഴിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇ കഴിഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് അന്വേഷണങ്ങള്‍ക്കായി സമയം ചിലവഴിക്കുന്നതില്‍ അമേരിക്കക്കാരാണ് മുമ്പില്‍. പ്രതിവാരം 4.95 മണിക്കൂറുകളാണ് ഇവര്‍ റിയല്‍ എസ്റ്റേറ്റ് അന്വേഷണങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. അതേസമയം വസ്തുവകകളുടെ അന്വേഷണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഫ്രാന്‍സുകാരാണ്. ആഴ്ചയില്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രം(1.74 മണിക്കൂര്‍) അവര്‍ ഇത്തരം അന്വേഷണങ്ങള്‍ക്കായി ചിലവഴിക്കുന്നത്.

യുഎഇയില്‍ സ്വന്തമായി വീടുള്ള 39 ശതമാനം ആളുകളും സര്‍വേയില്‍ പങ്കെടുത്തു. ഭൂരിഭാഗം പേര്‍ക്കും ഭൂസ്വത്ത് സമ്പാദനത്തോട് അനുകൂല കാഴ്ചപ്പാടുകളാണ് ഉള്ളത്. 94 ശതമാനം പേര്‍ വസ്തുവകകള്‍ വാങ്ങുന്നതില്‍ പ്രതീക്ഷ പുലര്‍ത്തിയപ്പോള്‍ 89 ശതമാനം പേര്‍ അതില്‍ ആവേശം കണ്ടെത്തുകയും 85 ശതമാനം പേര്‍ ഭൂസ്വത്ത് സമ്പാദനം സംബന്ധിച്ച് ശുഭാപ്തി വിശ്വാസമുള്ളവരും ആണ്. ആഗോള ശരാശരിയേക്കാള്‍ ഏതാണ്ട് 12 പോയിന്റുകള്‍ അധികമാണ് യുഎഇയില്‍.

മികച്ച തൊഴില്‍ സ്വപ്‌നം കാണുന്ന പ്രവാസികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് യുഎഇ. ഇനിയും നിരവധി പേര്‍ സ്ഥിരവാസത്തിനായി യുഎഇ തെരഞ്ഞെടുക്കുമെന്ന് എച്ച്എസ്ബിസി യുഎഇയിലെ റീറ്റെയ്ല്‍ ബാങ്കിംഗ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗം മേധാവി മര്‍വാന്‍ ഹാദി പറഞ്ഞു. വസ്തുവകകള്‍ വാങ്ങുന്നതില്‍ യുഎഇ നിവാസികള്‍ പുലര്‍ത്തുന്ന ശുഭ പ്രതീക്ഷകള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവി ജീവിതത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളില്‍ ഏറ്റവുമധികം യുഎഇക്കാര്‍ മുന്‍ഗണന നല്‍കുന്നത് പുതിയൊരു വീട് വാങ്ങുന്നതിനാണ്. 35 ശതമാനം ആളുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 22 ശതമാനം പേര്‍ തൊഴിലിലെ പുരോഗതിക്കും 20 ശതമാനം പേര്‍ വിവാഹം കഴിക്കുന്നതിനുമാണ് ഭാവി പദ്ധതികളില്‍ മുന്‍ഗണന നല്‍കുന്നത്.

സാമ്പത്തിക പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിന് കര്‍ശനമായ ബജറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങള്‍ നീങ്ങുന്നതെന്ന് 59 ശതമാനം ആളുകള്‍ വെളിപ്പെടുത്തി. ആഗോള ശരാശരിയേക്കാള്‍ 12 പോയിന്റ് അധികമാണിത്. അതേസമയം 37 ശതമാനം പേര്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ബജറ്റിന് പുറത്തുപോയെന്നും സമ്മതിച്ചു.

പണയത്തില്‍ വസ്തുവകള്‍ വാങ്ങിക്കുന്നതില്‍ ആകര്‍ഷകമായ പലിശ നിരക്കുകള്‍, താങ്ങാവുന്ന മാസ തവണകള്‍, വിശ്വസിക്കാവുന്ന പണയ ഇടപാടുകാരന്‍, ലളിതമായ അപേക്ഷാനടപടികള്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎഇയില്‍ സ്വന്തമായി വീടുള്ളവരും വിദേശങ്ങളില്‍ വീടുള്ളവരും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വീട് സ്വന്തമാക്കാന്‍ അഗ്രഹിക്കുന്നവരും പ്രതികരിച്ചു.

യുഎഇയില്‍ വീടുകള്‍ സ്വന്തമായുള്ള 38 ശതമാനം ആളുകളും മാസത്തില്‍ ഒരു തവണയെങ്കിലും യുഎഇയിലോ വിദേശത്തോ ഉള്ള തങ്ങളുടെ വസ്തുവകകളുടെ വിപണിമൂല്യം പരിശോധിക്കാറുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസില്‍ 28 ശതമാനം പേരും യുകെയില്‍ 14 ശതമാനം പേരുമാണ് ഇങ്ങനെ ചെയ്യാറുള്ളത്.

യുഎഇയില്‍ വീടുകള്‍ വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന് റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്‍ മേനയിലെ ഗവേഷണ വിഭാഗം മേധാവി ക്രെയ്ഗ് പ്ലംബ് പറയുന്നു. കഴിഞ്ഞ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 10 ശതമാനത്തിന്റെ വിലയിടിവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വിലയിടിവ് മന്ദഗതിയിലാണ്. യുഎഇയില്‍ വീടുകള്‍ സ്വന്തമായി ഇല്ലാത്ത ഭൂരിഭാഗം പേര്‍ക്കും നിലവിലെ അനുകൂല വിപണി സാഹചര്യം മുതലെടുത്ത് വാടക വീടുകളില്‍ നിന്നും സ്വന്തം വീടുകളിലേക്ക് മാറാനുള്ള അവസരമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia