ഡീസല്‍ എന്‍ജിനുകള്‍ കയ്യൊഴിയില്ലെന്ന് ഹോണ്ട

ഡീസല്‍ എന്‍ജിനുകള്‍ കയ്യൊഴിയില്ലെന്ന് ഹോണ്ട

നിലവിലെ എന്‍ജിനുകള്‍ പരിഷ്‌കരിക്കും. നിലവില്‍ രണ്ട് ഡീസല്‍ എന്‍ജിനുകളാണ് ഹോണ്ടയുടെ കൈവശമുള്ളത്

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കില്ലെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ. ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവിധം നിലവിലെ എന്‍ജിനുകള്‍ പരിഷ്‌കരിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ രണ്ട് ഡീസല്‍ എന്‍ജിനുകളാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ കൈവശമുള്ളത്. 1.5 ലിറ്റര്‍ ഐ-ഡിടെക്, 1.6 ലിറ്റര്‍ ഐ-ഡിടെക് എന്നിവ. അമേസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിറ്റി മോഡലുകള്‍ ആദ്യത്തെ എന്‍ജിന്‍ ഉപയോഗിക്കുമ്പോള്‍ രണ്ടാമത്തെ എന്‍ജിന്‍ കരുത്തേകുന്നത് സിവിക്, സിആര്‍-വി മോഡലുകളെയാണ്.

ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി പ്രഖ്യാപിച്ചിരുന്നു. കോംപാക്റ്റ് കാറുകളിലെ ചെറിയ ശേഷിയുള്ള ഡീസല്‍ എന്‍ജിനുകള്‍ കയ്യൊഴിയുമെന്ന് ടാറ്റ മോട്ടോഴ്‌സും വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യയില്‍ 2020 ഏപ്രില്‍ ഒന്നിനുശേഷവും ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന തുടരുമെന്നാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡിന്റെ നിലപാട്. എന്നാല്‍ ഇന്ത്യയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ബിഎസ് 6 ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്റ്ററുമായ രാജേഷ് ഗോയല്‍ അറിയിച്ചു.

ബിഎസ് 6 നടപ്പാക്കുന്നതോടെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ തമ്മിലുള്ള വില വ്യത്യാസം വര്‍ധിക്കും. അതേസമയം, ഡീസല്‍ മോഡലുകളുടെ ആവശ്യകത പെട്ടെന്ന് അവസാനിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ വിപണിയിലെ ആവശ്യകത അനുസരിച്ച് ഡീസല്‍ മോഡലുകളുടെ വില്‍പ്പന തുടരുമെന്നും ക്രമേണ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈയിടെ പുറത്തിറക്കിയ സിവിക്, സിആര്‍-വി മോഡലുകളുടെ പെട്രോള്‍ വേരിയന്റുകള്‍ ബിഎസ് 6 പാലിക്കുന്നതാണെന്ന് രാജേഷ് ഗോയല്‍ ഓര്‍മ്മിപ്പിച്ചു. 2020 ഏപ്രില്‍ ഒന്നിനാണ് ബിഎസ് 6 നടപ്പാക്കുന്നത്.

Comments

comments

Categories: Auto