ഹീറോ പ്ലെഷര്‍ വലുതായി; ഇനി പ്ലെഷര്‍ പ്ലസ്

ഹീറോ പ്ലെഷര്‍ വലുതായി; ഇനി പ്ലെഷര്‍ പ്ലസ്

ഷീറ്റ് മെറ്റല്‍ വീല്‍ വേരിയന്റിന് 47,300 രൂപയും അലോയ് വീല്‍ വേരിയന്റിന് 49,300 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഹീറോ പ്ലെഷര്‍ പരിഷ്‌കരിച്ച് ഹീറോ പ്ലെഷര്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷീറ്റ് മെറ്റല്‍ വീല്‍ വേരിയന്റിന് 47,300 രൂപയും അലോയ് വീല്‍ വേരിയന്റിന് 49,300 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്‌കൂട്ടര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഹീറോ ഡ്യുവറ്റ്, മാസ്‌ട്രോ എഡ്ജ് മോഡലുകള്‍ ഉപയോഗിക്കുന്ന 110.9 സിസി എന്‍ജിനാണ് ഹീറോ പ്ലെഷര്‍ പ്ലസില്‍ നല്‍കിയിരിക്കുന്നത്. ഹീറോ പ്ലെഷര്‍ ഉപയോഗിച്ചിരുന്നത് 102 സിസി എന്‍ജിനാണ്.

ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ളതാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. ചുറ്റും മാറ്റ് സില്‍വര്‍ അലങ്കാരം നല്‍കിയ ഹെഡ്‌ലൈറ്റ് പൂര്‍ണ്ണമായും പുതിയതാണ്. മുന്‍ മോഡലില്‍ കണ്ടതുപോലെ, മുന്നിലെ പാനലില്‍ ഇന്‍ഡിക്കേറ്ററുകള്‍ നല്‍കിയിരിക്കുന്നു. പിന്നിലേക്ക് പോകുന്തോറൂം ഡിസൈന്‍ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമാണ്. ടെയ്ല്‍ലൈറ്റ് സെക്ഷനും പുനര്‍രൂപകല്‍പ്പന ചെയ്തു. യുഎസ്ബി ചാര്‍ജിംഗ് ലഭ്യമാണ്.

110.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8.1 എച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി ചേര്‍ത്തുവെച്ചു. ഹീറോ പ്ലെഷര്‍ ഉപയോഗിച്ചിരുന്ന 102 സിസി എന്‍ജിന്‍ 7 എച്ച്പി കരുത്തും 8.1 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. 101 കിലോഗ്രാമാണ് ഹീറോ പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറിന്റെ കെര്‍ബ് വെയ്റ്റ്.

മുന്നിലും പിന്നിലും സ്പ്രിംഗ് ലോഡഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ തുടര്‍ന്നും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. 130 എംഎം ഡ്രം ബ്രേക്കുകള്‍ മുന്നിലും പിന്നിലും നല്‍കി. ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം (ഐബിഎസ്) സവിശേഷതയാണ്. ഹോണ്ട ആക്റ്റിവ ഐ, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്, യമഹ ഫാസിനോ, ഹോണ്ട ഡിയോ തുടങ്ങിയ സ്‌കൂട്ടറുകളാണ് ഓള്‍ ന്യൂ ഹീറോ പ്ലെഷര്‍ പ്ലസ് മോഡലിന്റെ എതിരാളികള്‍.

Comments

comments

Categories: Auto