125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ പുതിയ താരോദയം; ഹീറോ മാസ്‌ട്രോ എഡ്ജ് 125

125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ പുതിയ താരോദയം; ഹീറോ മാസ്‌ട്രോ എഡ്ജ് 125

ഹീറോ ഡെസ്റ്റിനി 125 കഴിഞ്ഞാല്‍, ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ രണ്ടാമത്തെ മോഡല്‍

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോ മുതല്‍ കാത്തിരുന്ന ഹീറോ മാസ്‌ട്രോ എഡ്ജ് 125 ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹീറോ ഡെസ്റ്റിനി 125 കഴിഞ്ഞാല്‍, ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ രണ്ടാമത്തെ മോഡലാണ് ഓള്‍ ന്യൂ മാസ്‌ട്രോ എഡ്ജ് 125. സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 58,500 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 60,000 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. രണ്ടും കാര്‍ബുറേറ്റഡ് വേരിയന്റുകളാണ്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) വേരിയന്റിന് 62,700 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഹീറോ ഡെസ്റ്റിനി 125 ഉപയോഗിക്കുന്ന 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഹീറോ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറിന് കരുത്തേകുന്നു. ഈ മോട്ടോര്‍ കാര്‍ബുറേറ്റഡ് വേരിയന്റുകളില്‍ 6,750 ആര്‍പിഎമ്മില്‍ 8.83 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റില്‍ 7,000 ആര്‍പിഎമ്മില്‍ 9.2 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 110 സിസി എന്‍ജിന്റെ ബോര്‍ വര്‍ധിപ്പിച്ചതാണ് 125 സിസി മോട്ടോര്‍. ഇന്ത്യയിലെ ആദ്യ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് സ്‌കൂട്ടറാണ് ഹീറോ മാസ്‌ട്രോ എഡ്ജ് 125 എഫ്‌ഐ വേരിയന്റ്.

2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറിനെ ആദ്യം കണ്ടത്. അന്നുകണ്ട സ്‌കൂട്ടറും ഇപ്പോഴത്തെ പ്രൊഡക്ഷന്‍ മോഡലും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. ഹീറോ മാസ്‌ട്രോ എഡ്ജ്, മാസ്‌ട്രോ എഡ്ജ് 125 മോഡലുകള്‍ കാഴ്ച്ചയില്‍ സമാനമാണ്. എന്നാല്‍ കറുപ്പ് നിറത്തിലുള്ള കണ്ണാടികള്‍, ഗ്രാബ് റെയ്ല്‍ എന്നിവ വ്യത്യാസങ്ങളാണ്. ടെയ്ല്‍ലൈറ്റുകള്‍ പരിഷ്‌കരിച്ചു. മുന്നില്‍ 12 ഇഞ്ച്, പിന്നില്‍ 10 ഇഞ്ച് അലോയ് വീലുകളിലാണ് സ്‌കൂട്ടര്‍ വരുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് ഡാംപറുകളും നല്‍കിയിരിക്കുന്നു. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും നല്‍കി. ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം (ഐബിഎസ്) സുരക്ഷാ ഫീച്ചറാണ്.

അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ സര്‍വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവ കൂടി നല്‍കി. എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലിംഗ്, യുഎസ്ബി ചാര്‍ജിംഗ്, സീറ്റിനടിയിലെ സ്റ്റോറേജിന് ലൈറ്റ് എന്നിവയും ഫീച്ചറുകളാണ്. ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുന്നതിന് ഐ3എസ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. ഈ മാസം അവസാനത്തോടെ സ്‌കൂട്ടര്‍ ഡെലിവറി ചെയ്തുതുടങ്ങും. സുസുകി ആക്‌സസ് 125, ഹോണ്ട ആക്റ്റിവ 125, ഹോണ്ട ഗ്രാസിയ, അപ്രീലിയ എസ്ആര്‍ 125, ടിവിഎസ് എന്‍ടോര്‍ക്ക് 125 തുടങ്ങിയവയാണ് എതിരാളികള്‍.

Categories: Auto
Tags: Hero Maestro