തായ്‌ലാന്‍ഡിലെ പ്രമുഖ ബീച്ച് രണ്ട് വര്‍ഷത്തേയ്ക്ക് അടച്ചിടുന്നു

തായ്‌ലാന്‍ഡിലെ പ്രമുഖ ബീച്ച് രണ്ട് വര്‍ഷത്തേയ്ക്ക് അടച്ചിടുന്നു

ബാങ്കോങ് (തായ്‌ലാന്‍ഡ്): മായാ ബേ എന്ന തായ്‌ലാന്‍ഡിലെ പ്രമുഖ കടല്‍ത്തീരം രണ്ട് വര്‍ഷത്തേയ്ക്ക് അടച്ചിടുന്നു. 2000-ല്‍ പുറത്തിറങ്ങിയ, ലിയോനാര്‍ഡോ ഡി കാപ്രിയോ അഭിനയിച്ച ദ ബീച്ച് എന്ന ചിത്രത്തില്‍ ഈ ബീച്ചിന്റെ ദൃശ്യങ്ങളുണ്ട്. തായ്‌ലാന്‍ഡിലെ ഫീ ഫീ ലെ എന്ന ദ്വീപിലുള്ള ഈ ബീച്ചില്‍ പ്രതിദിനം 5,000-ത്തിലേറെ വിനോദസഞ്ചാരികളെത്തുന്നു. സഞ്ചാരികളുടെ ആധിക്യത്തെ തുടര്‍ന്നു ഇവിടെയുള്ള പവിഴപ്പുറ്റുകള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടിയതാണ് ഇപ്പോള്‍ അധികൃതരെ ബീച്ച് അടച്ചിടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് പവിഴപ്പുറ്റ്, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കുകയെന്നതാണ് ലക്ഷ്യമെന്നു തായ്‌ലാന്‍ഡ് നാഷണല്‍ പാര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സോങ്താം സുഖ്‌സവാങ് പറഞ്ഞു. 2021 ജൂണ്‍ വരെ കടല്‍ത്തീരത്ത് വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 2018 ജൂണ്‍ മുതല്‍ കടല്‍ത്തീരം താത്കാലികമായി അടച്ചിരുന്നു. പിന്നീട് തുറന്നെങ്കിലും ഇപ്പോള്‍ വീണ്ടും രണ്ട് വര്‍ഷത്തേയ്ക്ക് അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷം അടച്ചിടുമ്പോള്‍ കടല്‍ത്തീരത്ത് ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ വരുത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. അനുയോജ്യമായ ശുചീകരണ സംവിധാനങ്ങള്‍, നടപ്പാതകള്‍ എന്നിവ കടല്‍ത്തീരത്ത് സ്ഥാപിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. കടല്‍ത്തീരത്ത് ബോട്ടുകള്‍ നങ്കൂരമിടുന്നതിനു നിരോധനം ഏര്‍പ്പെടുത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

Comments

comments

Categories: World