യൂറോപ്പ് എന്ന സന്തുഷ്ട ലോകം

യൂറോപ്പ് എന്ന സന്തുഷ്ട ലോകം

ലോകത്ത് സമ്പത്തിന്റെ ഏറിയും കുറഞ്ഞുമുള്ള വിന്യാസം പോലെ തന്നെ സന്തോഷവും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചതിലൂടെ യൂറോപ്യന്‍ രാജ്യങ്ങളാണ് ഏറ്റവും സന്തോഷം കളിയാടുന്ന ഭൂമികയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴില്‍ നഷ്ടത്തിന്റെ ദുര്‍ഘട സാഹചര്യത്തിലും പ്രസവ സമയത്തുമെല്ലാം യൂറോപ്യന്‍ ജനതയെ പൊന്നുപോലെ പരിരക്ഷിക്കും അവിടങ്ങളിലെ ഭരണകൂടങ്ങള്‍

കടക്കെണിയില്‍ മുങ്ങുമ്പോഴും ആര്‍ഭാട ജീവിതശൈലിയില്‍ നിന്നും മാറാന്‍ യൂറോപ്യന്‍ ജനത വൈമുഖ്യം കാണിക്കുന്നു. സമ്പദ്ഘടന താറുമാറായ ഗ്രീസും സ്‌പെയ്‌നും കഴിക്കാന്‍ റൊട്ടിയില്ലെങ്കിലും ബാറില്‍ നൃത്തം ചെയ്യാന്‍, ഉല്ലസിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു.

ഐക്യ രാഷ്ട്ര സഭയുടെ ആഗോള ജീവിത സന്തോഷ സൂചിക (ഹാപ്പിനസ് ഇന്‍ഡെക്‌സ്) പ്രകാരം 2018 ല്‍ ലോകത്തെ ഏറ്റവും സന്തുഷ്ട ജീവിതം നയിക്കപ്പെടുന്നവര്‍ യൂറോപ്യന്‍മാരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സന്തോഷം നിറഞ്ഞൊഴുകുന്ന രാജ്യം ഫിന്‍ലന്‍ഡാണ്. തൊട്ടു പിന്നില്‍ നോര്‍വെയും ഡെന്‍മാര്‍ക്കുമുണ്ട്. 2016 ല്‍ ഡെന്‍മാര്‍ക്കായിരുന്നു ഒന്നാം സ്ഥാനത്ത്.

സാമൂഹ്യ സുരക്ഷയ്ക്ക് വന്‍തുക ചെലവഴിക്കുന്ന യൂറോപ്പ്, ആരോഗ്യത്തിനും ശിശുപരിപാലനത്തിനും പ്രസവാവധി ആനുകൂല്യങ്ങള്‍ക്കും അമേരിക്ക ചെലവഴിക്കുന്നതിന്റെ പതിന്‍മടങ്ങാണ് ബജറ്റില്‍ വകയിരുത്തുന്നത്. ശരാശരി ഒന്‍പത് ആഴ്ച്ചകളിലധികം പ്രസവാവധിയും പിതാവിനുള്ള അവധിയും നല്‍കുന്ന യൂറോപ്പ് കാപ്പിറ്റലിസ്റ്റ് വെല്‍ഫെയര്‍ സ്റ്റേറ്റാണ്.

ജോലി നഷ്ടപ്പെട്ടാല്‍ തനിക്ക് ലഭിച്ച 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ 57.4% വരുന്ന തുക ഒരു ഡെന്‍മാര്‍ക്കുകാരന് ചില നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഉദാരമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. നിങ്ങള്‍ ഡെന്‍മാര്‍ക്കിലാണെങ്കില്‍ ജോലി പോയാലും സങ്കടപ്പെടേണ്ടെന്ന് അര്‍ത്ഥം. ജോലി നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ച വരുമാനത്തിന്റെ 90 ശതമാനം വരെ തൊഴിലില്ലാ വേതനം നല്‍കുന്ന സ്വര്‍ഗരാജ്യമാണ് ഡെന്‍മാര്‍ക്ക്. 104 ആഴ്ച്ച വരെ ഈ സഹായം ലഭിക്കും.

യുകെ അത്ര ഉദാരമതിയല്ല. ജോലി നഷ്ടപ്പെട്ടാല്‍ 26 ആഴ്ച്ച വരെ, ആഴ്ച്ചയില്‍ 84 യൂറോ മാത്രമെ യുകെ അലവന്‍സായി നല്‍കൂ. സാമൂഹ്യസുരക്ഷയ്ക്കായി, പൗരന്‍മാര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങള്‍ യൂറോപ്പിലാണ്. അവയില്‍ തന്നെ ഏറ്റവും ഉദാരമതികള്‍ ബെല്‍ജിയം, ഇറ്റലി, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, സ്വീഡന്‍, ഗ്രീസ്, ജര്‍മ്മനി, നോര്‍വേ എന്നിവയാണ്.

സ്വീഡനിലെ പ്രസവാവധി ആനുകൂല്യങ്ങള്‍ കേട്ടാല്‍, സ്വീഡനില്‍ ഉദ്യോഗം കിട്ടിയിട്ട് മതി പ്രസവമെന്ന് തീരുമാനിച്ചാലും അതില്‍ അല്‍ഭുതപ്പൊടാനില്ല. അഞ്ചു മാസം പാരന്റല്‍ അവധിയെടുക്കാന്‍ സ്വീഡനിലെ അച്ഛനോട് ഗവണ്‍മെന്റ് ആഹ്വാനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യത്തിനും അമ്മമാരുടെ ഭാരം കുറയ്ക്കാനും വേണ്ടിയാണ് ഈ സുരക്ഷാ പദ്ധതി.

സന്തോഷ സൂചിക

റാങ്ക് രാജ്യം

1. ഫിന്‍ലന്‍ഡ്

2. നോര്‍വേ

3. ഡെന്‍മാര്‍ക്ക്

4. ഐസ്‌ലന്‍ഡ്

5. സിറ്റ്‌സര്‍ലന്‍ഡ്

പ്രസവാവധി ഇങ്ങനെ

രാജ്യം അവധി

ബള്‍ഗേറിയ 58 ആഴ്ച്ച

യുകെ 52 ആഴ്ച്ച

ഇന്ത്യ 26 ആഴ്ച്ച

ഓസ്‌ട്രേലിയ 18 ആഴ്ച്ച

ഫിലിപ്പീന്‍സ് 17 ആഴ്ച്ച

കാനഡ 17 ആഴ്ച്ച

ഓസ്ട്രിയ 16 ആഴ്ച്ച

യുഎഇ 6.5 ആഴ്ച്ച

(സ്‌പൈസസ് ബോര്‍ഡ് മുന്‍ ഡയറക്റ്ററും കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ് ലേഖകന്‍)

Categories: FK Special, Slider
Tags: Europe, happiness