ലാഭത്തില്‍ ഇടിവ്:എമിറേറ്റ്‌സ് സിസിഒ രാജിവെച്ചു,ജീവനക്കാര്‍ക്ക് ബോണസ് നല്‍കില്ലെന്നും തീരുമാനം

ലാഭത്തില്‍ ഇടിവ്:എമിറേറ്റ്‌സ് സിസിഒ രാജിവെച്ചു,ജീവനക്കാര്‍ക്ക് ബോണസ് നല്‍കില്ലെന്നും തീരുമാനം

ലാഭത്തില്‍ 70 ശതമാനത്തോളം ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനങ്ങള്‍

ദുബായ്: ലാഭത്തില്‍ വന്‍ ഇടിവ് സംഭവിച്ച ദുബായിലെ ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ രാജിവെച്ചു. തിയറി അന്റിനോറി സിസിഒ സ്ഥാനം രാജിവെച്ചതായി കമ്പനി സ്ഥിരീകരിച്ചു. ലാഭത്തിലെ ഇടിവ് കണക്കിലെടുത്ത് ഈ വര്‍ഷം ജീവനക്കാര്‍ക്ക് ബോണസ് നല്‍കേണ്ടതില്ലെന്നും കമ്പനി തീരുമാനിച്ചു.

തിയറി അന്റിനോറി പുറത്തുപോകുന്നതോടെ അദ്‌നാന്‍ ഖാസിമിന് സിസിഒയുടെ അധികച്ചുമതല നല്‍കുമെന്ന് കമ്പനി അറിയിച്ചു. വരുമാനം മെച്ചപ്പെടുത്തുക, തന്ത്രപ്രധാന ആസൂത്രണങ്ങള്‍ നടത്തുക എന്നീ ചുമതലകളുള്ള വിഭാഗത്തിന്റെ മേല്‍നോട്ടമാണ് നിലവില്‍ അദ്‌നാന്‍ ഖാസിമിന്. 2011ലാണ് അന്റിനോറി എമിറേറ്റ്‌സില്‍ എത്തുന്നത്. പാസഞ്ചെര്‍ സെയില്‍സ് വിഭാഗത്തിന്റെ ആഗോള ചുമതലയുള്ള വൈസ് പ്രസിഡന്റായി എമിറേറ്റ്‌സില്‍ സേവനം ആരംഭിച്ച അദ്ദേഹം ആറ് വര്‍ഷക്കാലം കമ്പനിയുടെ സിസിഒ പദവി വഹിച്ചു.

വരുമാനത്തില്‍ 69 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സിസിഒയുടെ പുറത്തുപോകലടക്കം എമിറേറ്റ്‌സിലെ പല മാറ്റങ്ങളും വാര്‍ത്തയാകുന്നത്. ജീവനക്കാര്‍ക്ക് ഈ വര്‍ഷം ബോണസ് കൊടുക്കേണ്ടെന്നും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കമ്പനിയിലെ 60,282 ജീവനക്കാര്‍ക്ക് ഇത്തവണ ബോണസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് വക്താവ് വ്യക്തമാക്കി. 2017-18ല്‍ ലാഭത്തില്‍ 124 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജീവനക്കാര്‍ക്ക് അഞ്ച് ആഴ്ചത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 6 ശതമാനം വര്‍ധിച്ചെങ്കിലും ലാഭം 871 മില്യണ്‍ ദിര്‍ഹമായി കൂപ്പുകുത്തിയിരുന്നു. എണ്ണവിലയിലെ വര്‍ധനവും ഡോളര്‍ കരുത്താര്‍ജിച്ചതും യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതുമാണ് എമിറേറ്റ്‌സിന് തിരിച്ചടിയായത്.

കമ്പനിയുടെ പ്രവര്‍ത്തനച്ചിലവില്‍ കഴിഞ്ഞ വര്‍ഷം 8 ശതമാനം വര്‍ധനവുണ്ടായി. ഇന്ധനച്ചിലവ് 25 ശതമാനം വര്‍ധിച്ച് 30.8ബില്യണ്‍ ദിര്‍ഹമായി. എമിറേറ്റ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധന ബില്‍ ആണിത്. എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനച്ചിലവിന്റെ 32 ശതമാനവും ഇന്ധനത്തിന് വേണ്ടിയാണ് ചിലവഴിക്കുന്നത്. 2017-18ല്‍ ഇത് 28 ശതമാനമായിരുന്നു.

Comments

comments

Categories: Arabia