ഇന്ത്യയില്‍ തൂക്കുപാര്‍ലമെന്റ് വന്നാല്‍?

ഇന്ത്യയില്‍ തൂക്കുപാര്‍ലമെന്റ് വന്നാല്‍?

പൊതുതെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ മെയ് 23 ന് ശേഷം സംഭവ്യമായ സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. എന്‍ഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യവും തൂക്കു സഭയുമാണ് ഏറ്റവും വലിയ സാധ്യതകളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത്തരം രണ്ടു സാഹചര്യങ്ങളും ശിഥിലമായിപ്പോയ പ്രതിപക്ഷത്തെ സംബന്ധിച്ച് സ്വീകാര്യമാണ്. എന്നാല്‍ താന്‍പോരിമാ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശാല സഖ്യത്തിന്റെ രൂപീകരണം തടസപ്പെട്ടതിനുള്ള വില പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കേണ്ടി വന്നേക്കാം

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലം 2014 ലേതു പോലെ സ്പഷ്ടമാവില്ലെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തമിഴ്‌നാടടക്കം ഏതാനും സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള പ്രവണതകള്‍ ദേശീയ തലത്തില്‍ ദൃശ്യമല്ലെന്നതാണ് ഇതിനു കാരണം. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള തരംഗത്തിന്റെ അഭാവത്തില്‍ ലോക്‌സഭാ സീറ്റുകളില്‍ പാതിയും, അതായത് 272 ലഭിക്കുമെന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സും ‘മതേതര’ ക്യാംപെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ മുന്നണിയും ഒരേപോലെ കരുതുന്നത്.

എന്‍ഡിഎ കഷ്ടിച്ച് ഫിനിഷിംഗ് ലൈന്‍ കടക്കുമെന്നോ അല്ലെങ്കില്‍ അതിനു തൊട്ടടുത്ത് വരെ എത്തുമെന്നോ ആണ് പൊതുവേയുള്ള ധാരണ. സ്വന്തമായി ഭൂരിപക്ഷം ലഭിക്കാനിടയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി രാഷ്ട്രപതി ആദ്യം ബിജെപിയെ ക്ഷണിക്കാനുള്ള സാധ്യതയുണ്ട്.

എന്‍ഡിഎയുടെ ഭൂരിപക്ഷം നേരിയതാണെങ്കില്‍ അത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഉദാഹരണത്തിന് എന്‍ഡിഎക്ക് നിലവിലുള്ള 336 സീറ്റുകള്‍ കുറയുകയാണെങ്കില്‍, ജനങ്ങള്‍ മുന്നണിയെ നിരസിച്ചതിന്റെ സൂചനയാണതെന്ന് വിമര്‍ശകര്‍ വ്യാഖ്യാനിക്കും. അതിനാല്‍, നിലവിലെ ആധിപത്യം തുടരാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 2014 ലെ പ്രകടനം ആവര്‍ത്തിക്കേണ്ടി വരും. എന്‍ഡിഎ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെടുകയും തൂക്കുപാര്‍ലമെന്റ് രൂപീകരിക്കപ്പെടുകയും ചെയ്താല്‍ ബിജെപിയെ സംബന്ധിച്ച് അത് ഏറെ മോശമായ സാഹചര്യമായിരിക്കുമെന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എന്ന മാന്ത്രിക സംഖ്യ കടക്കുന്നതിന് സഹായകമായ സഖ്യങ്ങളുണ്ടാക്കാന്‍ പാര്‍ട്ടിക്ക് ശ്രമിക്കേണ്ടി വരും.

ഈ സാഹചര്യത്തില്‍, സഖ്യം ചേരുന്നതിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ആന്ധ്രാ പ്രദേശിലെ വളര്‍ന്നു വരുന്ന നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവരൊക്കെ പരിഗണിക്കപ്പെടുന്നുണ്ട്. ഇരുവരും ബിജെപിയുടെ വിമര്‍ശകരാണെന്നുള്ളതിനൊന്നും അപ്പോള്‍ പ്രാധാന്യമില്ലാതാവും. റാവു ഒരിക്കല്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് ബിജെപി-കോണ്‍ഗ്രസ് ഇതര സംയുക്ത മുന്നണിയുണ്ടാക്കാന്‍ മുന്‍കൈ എടുത്തയാളാണ്. എന്നാല്‍ ഈ പദ്ധതി എവിടെയും എത്താതെ പോയി.

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെതിരെയുള്ള യുദ്ധത്തില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവായ ജഗന്‍ മോഹന്‍ റെഡ്ഡിയാവട്ടെ, ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ താല്‍പ്പര്യം കാണിക്കുന്നില്ല. പക്ഷേ, ബിജെപിയോടും കോണ്‍ഗ്രസിനോടും ഒരുപോലെ അനുകൂലമായ നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നാണ് കാണുന്നത്.

ബിജു ജനതാദള്‍ (ബിജെഡി) ആണ് ബിജെപിയുമായി സഹകരിക്കുമെന്ന് കരുതുന്ന മറ്റൊരു പാര്‍ട്ടി. ഒരു സമയത്ത് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന പാര്‍ട്ടി ഇപ്പോള്‍ ഒഡീഷയില്‍ തങ്ങളുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസിനെ കടത്തിവെട്ടികൊണ്ട് ആ സ്ഥാനം നേടിയ ബിജെപിക്കെതിരെ ആധിപത്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ബിജെപിയും കോണ്‍ഗ്രസുമായി സമദൂരം പാലിക്കുന്ന നിലപാടാണ് ബിജെഡിയുടേത്. കേന്ദ്രത്തില്‍, സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നായിരിക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മുന്നോട്ടുപോകുക. ലോക്‌സഭയില്‍ എന്‍ഡിഎയുടെ ഭൂരിപക്ഷം നിലനിര്‍ത്തുന്നതിനായി ബുദ്ധിമുട്ടുമ്പോള്‍, അധിക സഹായത്തിനായുള്ള ഒഡീഷയുടെ അപേക്ഷ വളരെ അനുഭാവപൂര്‍വം പരിഗണിക്കപ്പെട്ടേക്കുമെന്ന് മനസിലാക്കാന്‍ വലിയ സൂക്ഷ്മദര്‍ശനത്തിന്റെ ആവശ്യമില്ല.

അത്തരം സാധ്യതകള്‍ക്കിടയില്‍, ബിജെപിക്ക് ഇപ്പോള്‍ കാണിക്കുന്ന അസാമാന്യമായ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നത് വ്യക്തമാണ്. ശിവസേന, ജനതാദള്‍(യുണൈറ്റഡ്), ലോക് ജനശക്തി പാര്‍ട്ടി എന്നിവയുമായി തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് ധാരണ പൂര്‍ത്തിയാക്കാനായി പ്രകടിപ്പിച്ച സമന്വയ ഭാവം പാര്‍ട്ടിക്ക് പുറത്തെടുക്കേണ്ടി വരും.

ദേശീയ പ്രതിപക്ഷം ഈ സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് എങ്ങനെയാണ്? ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് ഒരു സഖ്യം രൂപീകരിക്കുന്നതില്‍ പ്രകടിപ്പിച്ച കഴിവില്ലായ്മ തങ്ങളുടെ പരാജയത്തിന് കാരണമായേക്കുമെന്ന വിഷമകരമായ സത്യം അവര്‍ക്ക് സ്വീകരിക്കേണ്ടി വരും. അതുകൂടാതെ മുതിര്‍ന്ന നേതാക്കന്‍മാര്‍ തമ്മിലുള്ള ദുരഭിമാന തര്‍ക്കങ്ങള്‍ മഹാഗഢ്ബന്ധന്‍ (വിശാല സഖ്യം) രൂപീകരിക്കാനുള്ള പ്രാരംഭ ചര്‍ച്ചകളെ താറുമാറാക്കി. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ ഒരൊറ്റ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന സാഹചര്യം ഇപ്രകാരം ഇല്ലാതാവുകയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ഭരണപക്ഷത്തിന്റെ സാധ്യതകളെ ഇത് വര്‍ധിപ്പിക്കുകയും ചെയ്തു.

നരേന്ദ്രമോദി അവിചാരിതമായി പ്രശസ്തനായ നേതാവായി ഉയര്‍ന്നുവന്നതും പഴയ രോഗമായ അഴിമതിയും പുതിയ ആപത്തായ നയ മരവിപ്പും മൂലം കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയുമാണ് 2014 തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യതിയാനമുണ്ടാക്കാന്‍ കാരണമായതെന്ന് സമര്‍ത്ഥിക്കുകയാണ് പ്രതിപക്ഷത്തിന് കളത്തിലിറക്കാന്‍ പറ്റിയ ഒരേയൊരു കാര്‍ഡ്. ഈ രണ്ട് ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ അസാന്നിധ്യത്തില്‍ സാഹചര്യം വ്യത്യസ്തമാകുമായിരുന്നു. ഒരു വിധത്തില്‍, പഴയ ആവേഗം ബിജെപിക്ക് നഷ്ടപ്പെടുകയും കോണ്‍ഗ്രസ് പാര്‍ട്ടി പുതിയ നേതൃത്വത്തിനു കീഴില്‍ പ്രൗഢി വീണ്ടെടുത്തുകൊണ്ടിരിക്കുന്നതുമായ ഇന്നത്തെ സാഹചര്യത്തില്‍ ഇത് സംഭവ്യമാണ്. ഈ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ ചെറിയ ഒരു ചായ്‌വോടെ എല്ലാവര്‍ക്കും തുല്യ വിജയ സാധ്യത കല്‍പ്പിക്കുന്ന സാഹചര്യത്തിലേക്ക് രാഷ്ട്രീയ പരിതസ്ഥിതി തിരിച്ചുവരുന്നതായിട്ടാണ് കാണുന്നത്. എന്നാല്‍ ബിജെപി തൂക്കുപാര്‍ലമെന്റിന്റെ സങ്കീര്‍ണതകളില്‍പ്പെട്ടാല്‍ പ്രതിപക്ഷത്തിന് തീര്‍ച്ചയായും നഷ്ടപ്പെട്ട ഭൂമിക തിരികെപ്പിടിക്കാന്‍ അത് സഹായകമാകും.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍. amulyaganguli@gmail.com. എന്ന ഇ-മെയ്ല്‍ വിലാസത്തില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider