ക്രിക്കറ്റും ഫുട്‌ബോളും കളിക്കാം ഇ-ഗെയ്മിലൂടെ

ക്രിക്കറ്റും ഫുട്‌ബോളും കളിക്കാം ഇ-ഗെയ്മിലൂടെ

ഇന്ത്യയില്‍ വന്‍തോതില്‍ പ്രചാരമേറുന്ന ഒന്നായിരിക്കുന്നു ഫാന്റസി ഗെയ്മിംഗ്. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാനാണ് ഏറ്റവുമധികം പേര്‍ ഫാന്റസി ഗെയ്മിംഗില്‍ ഏര്‍പ്പെടുന്നത്. കളിയിലെ വിജയിക്ക് ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെ സമ്മാനത്തുകയായി ലഭിക്കുമെന്നതും ഇതിനോടുള്ള ഭ്രമം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്റര്‍നെറ്റ് ലഭ്യതയും, സ്മാര്‍ട്ട്‌ഫോണ്‍ കൂടുതല്‍ പേരുടെ കൈവശമുള്ളതും ഈ കളിക്ക് പ്രചാരമേറാന്‍ സഹായകരമായിട്ടുണ്ട്. സംസ്ഥാന, ദേശീയ തലത്തില്‍ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ലെന്നത് ഈ കളിയുടെ ദോഷവശങ്ങളിലൊന്നായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ന് ഏതൊരു പ്രമുഖ കായിക ഇനവും നടക്കുമ്പോള്‍ ആ കായിക ഇനം സമാന്തരമായി മറ്റൊരു സ്ഥലത്ത് കൂടി അതേ സമയത്ത് അരങ്ങേറുകയാണ്. ഈ സ്ഥലം മറ്റെവിടെയുമല്ല അത് വെര്‍ച്വല്‍ ലോകത്താണ്. സമാന്തര കളിയുടെ പേരാകട്ടെ, ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ് എന്നും. ഇന്ന് ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ് ക്രിക്കറ്റിലും, കബഡിയിലും, ഫുട്‌ബോളിലുമൊക്കെ കളിക്കാം. ഡ്രീം 11 എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ക്രിക്കറ്റ് കളിക്കുന്ന ഒരു പ്രധാന വെര്‍ച്വല്‍ സ്‌പേസാണ്. ഇന്ത്യയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ ക്രിക്കറ്റ് കളിക്കുന്നവരുടെ എണ്ണം രണ്ട് വര്‍ഷം കൊണ്ട് 60 ലക്ഷത്തില്‍നിന്നും ആറ് കോടിയിലേക്ക് വളര്‍ന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും ലോകത്തെമ്പാടും സ്‌പോര്‍ട്‌സ് ലീഗുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍, ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സിന് അതിന്റെ യൂസര്‍ ബേസില്‍ (ഉപയോക്താക്കളുടെ അടിത്തറ) വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം ഉപയോക്താക്കളുടെ സംഖ്യ വര്‍ധിച്ച് 100 ദശലക്ഷത്തിലെത്താനാണു സാധ്യതയെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്താണ് ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ് ?

ഇത് ഒരു തരം ഓണ്‍ലൈന്‍ ഗെയ്മാണ്. ഈ കളിയില്‍ പങ്കെടുക്കുന്നവര്‍ പ്രഫഷണല്‍ ടീമിലെ യഥാര്‍ഥ കളിക്കാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന ഒരു വെര്‍ച്വല്‍ ടീമിനെ അഥവാ സാങ്കല്‍പിക ടീമിനെ സൃഷ്ടിക്കുന്നു അഥവാ തെരഞ്ഞെടുക്കുന്നു. ഉദാഹരണമായി ക്രിക്കറ്റ് കളി തന്നെ എടുക്കാം. അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഒരു മത്സരത്തില്‍ കളിക്കാനിറങ്ങുന്ന ടീമുകളാണ് മുംബൈ ഇന്ത്യന്‍സും, റോയല്‍ ചലഞ്ചേഴ്‌സും എന്നു കരുതുക. ആ കളിയില്‍ കളിക്കാനിറങ്ങാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഒരു ടീമിനെ നമ്മള്‍ തെരഞ്ഞെടുക്കുക. യഥാര്‍ഥ കളിയില്‍ നമ്മള്‍ തെരഞ്ഞെടുത്ത കളിക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ക്കു പോയ്ന്റ് ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പോയ്ന്റുകളാണു വിജയത്തെ നിര്‍ണയിക്കുന്നത്. വിജയികള്‍ക്ക് സമ്മാനമായി ക്യാഷ് പ്രൈസ് ലഭിക്കും. പ്രൈസ് മണി ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയുണ്ട്.

ക്രിക്കറ്റിന് വന്‍ ഡിമാന്‍ഡ്

ഇന്ത്യയില്‍ ഡ്രീം 11 എന്ന പേരില്‍ ഒരു ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍, കബഡി, ബാസ്‌ക്കറ്റ് ബോള്‍ എന്നിവ കളിക്കാന്‍ സൗകര്യമുണ്ട്. 2008-ല്‍ ഹരീഷ് ജെയിന്‍, ഭവീത് സേഥ് എന്നിവര്‍ ചേര്‍ന്നാണ് ഡ്രീം 11-ന് തുടക്കമിട്ടത്. 2012-ല്‍ ഇവര്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കായി ഫാന്റസി സ്‌പോര്‍ട്‌സ് അവതരിപ്പിച്ചു. 2014-ല്‍ ഡ്രീം 11 കമ്പനിയില്‍ ഫാന്റസി സ്‌പോര്‍ട്‌സ് കളിക്കാനായി രജിസ്റ്റര്‍ ചെയ്ത യൂസര്‍മാരുടെ എണ്ണം 10 ലക്ഷത്തിലെത്തി. 2016-ല്‍ ഇത് വളര്‍ന്ന് 20 ലക്ഷത്തിലെത്തി. 2018 ആയപ്പോഴേക്കും 450 ലക്ഷമായി. 2016-2018 കാലയളവില്‍ ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സിനുള്ള ഡിമാന്‍ഡ് ഏഴ് ഇരട്ടിയാണു വര്‍ധിച്ചത്. മിതമായ നിരക്കില്‍ സ്മാര്‍ട്ടഫോണ്‍ എളുപ്പത്തില്‍ ലഭിക്കുന്നതും, അതിവേഗത്തിലുള്ള ഇന്റര്‍നെറ്റും, ഡാറ്റാ നിരക്കുകള്‍ കുറഞ്ഞതുമൊക്കെയാണു ഫാന്റസി സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്കു സഹായകരമായത്. ഫാന്റസി സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയെ നയിക്കുന്നതില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഐസിസി ഇവന്റ്‌സ് (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) യുവേഫ ചാംപ്യന്‍സ് ലീഗ് തുടങ്ങിയ ലീഗ് ടൂര്‍ണമെന്റുകള്‍ക്കു നിര്‍ണായ പങ്കാണുള്ളത്.

വൈദഗ്ധ്യം വേണം

ഫാന്റസി സ്‌പോര്‍ട്‌സില്‍ വിജയം വരിക്കണമെങ്കില്‍ പങ്കെടുക്കുന്ന ആള്‍ക്കു വൈദഗ്ധ്യം അത്യാവശ്യമാണ്. ഫാന്റസി സ്‌പോര്‍ട്‌സില്‍, ഏതു കളിയിലാണോ ഒരാള്‍ ഏര്‍പ്പെടുന്നത്, ആ കളിയെയും കളിക്കാരനെയും കുറിച്ച് നല്ല അറിവ് വേണം. അതോടൊപ്പം മത്സരങ്ങളെക്കുറിച്ചും, കളി നടക്കുന്ന ഗ്രൗണ്ടിനെ കുറിച്ചും ധാരണയുണ്ടാകണം. ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം ആളുകള്‍ ഏര്‍പ്പെടുന്ന ഫാന്റസി സ്‌പോര്‍ട്‌സ് ഇനം ക്രിക്കറ്റാണ്. ഫാന്റസി സ്‌പോര്‍ട്‌സില്‍ ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നത് ഡ്രീം 11 എന്ന പ്ലാറ്റ്‌ഫോമാണ്. ഐപിഎല്‍-2019 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബിസിസിഐയുടെ ഔദ്യോഗിക പാര്‍ട്ണറാണ് ഡ്രീം 11 എന്ന കമ്പനി. ഇപ്രാവിശ്യം ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും, ലോകകപ്പ് ക്രിക്കറ്റും അടുത്തടുത്ത മാസങ്ങളില്‍ വന്നതിനാല്‍ ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സിന് ഇതു സുവര്‍ണ കാലമായിട്ടാണു പൊതുവേ വിലയിരുത്തുന്നത്. 2016-ല്‍ ഫാന്റസി സ്‌പോര്‍ട്‌സ് കളിച്ചവര്‍ 20 ലക്ഷമാണെങ്കില്‍ 2020-ല്‍ ഈ എണ്ണം 100 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഫാന്റസി ഗെയ്മിംഗിനു നിയമസാധുത ഇപ്പോഴും കൈവന്നിട്ടില്ല. അതു പോലെ ഒഡീഷ, തെലങ്കാന, അസം, നാഗലാന്‍ഡ്, സിക്കിം തുടങ്ങിയ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സിലേര്‍പ്പെടാനുള്ള പ്ലാറ്റ്‌ഫോം പോലും അനുവദിക്കുന്നില്ല. ഇന്ത്യയില്‍ ഒരാള്‍ അയാളുടെ ഫോണില്‍, ഫാന്റസി ഗെയ്മില്‍ ഏര്‍പ്പെടാന്‍ പോകുന്നതിനു മുമ്പ്, മേല്‍ സൂചിപ്പിച്ച സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്യണം.

എങ്ങനെയാണ് ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ് കളിക്കുക ?

1) ഫാന്റസി സ്‌പോര്‍ട്‌സിനു വേണ്ടിയുള്ള വെബ്‌സൈറ്റില്‍ പ്രവേശിച്ചതിനു ശേഷം മൊബൈല്‍ ആപ്പ് സ്മാര്‍ട്ട്‌ഫോണിലേക്കു ഡൗണ്‍ലോഡ് ചെയ്യുക.

2) കളിയിലേര്‍പ്പടാന്‍ പോകുന്ന വ്യക്തിക്ക് ഇഷ്ടമുള്ള കളി തെരഞ്ഞെടുക്കുക. പന്തയം വയ്ക്കുക.

3) കളിക്കാനിരിക്കുന്ന/ വരാനിരിക്കുന്ന ഒരു കളി തെരഞ്ഞെടുക്കുക.

4) കളിക്കാരുടെ ഒരു ടീമിനെ സൃഷ്ടിക്കുക. ഓരോ കളിക്കാരനും അയാളുടെ യഥാര്‍ഥ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയ്ന്റ് ലഭിക്കും.

5) ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തെരഞ്ഞെടുക്കുക.

6) യഥാര്‍ഥ കളി ആരംഭിക്കുന്നതിനു മുമ്പ്, യൂസര്‍ക്ക് കളിക്കാരെ മാറ്റാന്‍ സൗകര്യമുണ്ട്.

7) യഥാര്‍ഥ കളി വീക്ഷിക്കുക. ഫാന്റസി സ്‌കോര്‍ കാര്‍ഡ് ട്രാക്ക് ചെയ്യുക.

8) യഥാര്‍ഥ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയ്ന്റ് ലഭിക്കുന്നതോടെ വിജയിച്ചോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും.

ഗെയ്മിംഗ് ആപ്പ്

ഗെയ്മിംഗ് ആപ്പ് രണ്ട് വിഭാഗങ്ങളിലാണുള്ളത്. ഫ്രീമിയവും (ഫ്രീ & പെയ്ഡ്) പെയ്ഡും. പെയ്ഡ് പതിപ്പുകള്‍ക്ക് എന്‍ട്രി ഫീസ് ഉണ്ട്. ഇത് പത്ത് രൂപ മുതല്‍ 10,000 രൂപ വരെയുള്ളവും അതിനു മുകളിലുള്ളവയുമാണ് എന്‍ട്രി ഫീസുകള്‍. 2018 വരെ ഇന്ത്യയില്‍ 70 ഫാന്റസി സ്‌പോര്‍ട്‌സ് ഓപറേറ്റര്‍മാര്‍ ഉണ്ടായിരുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലുള്ള ഒരു പ്രമുഖ ഫാന്റസി സ്‌പോര്‍ട്‌സ് ഓപറേറ്ററെന്നു പറയുന്നത്, ഡ്രീം 11 ആണ്. ഇവര്‍ക്കു പുറമേ ഫാന്റെയ്ന്‍, ഡോട്ട്‌ബോള്‍, ഹലാപ്ലേ, മൈ ടീം11, സ്റ്റാര്‍പിക്, 11 വിക്കറ്റ്‌സ് എന്നിവയും പ്രമുഖ ഓപറേറ്റര്‍മാരാണ്. ഡോട്ട്‌ബോള്‍ പൂര്‍ണമായും പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ മോഡലാണ്. ഈ പ്ലാറ്റ്‌ഫോമില്‍ കളിക്കണമെങ്കില്‍ പണം ചെലവഴിക്കണം. ഡോട്ട്‌ബോളില്‍ പോക്കറ്റ് മണി മുതല്‍ കൂറ്റന്‍ സമ്പാദ്യം വരെ ലക്ഷ്യമിട്ട് എത്തുന്നവരാണു ഭൂരിഭാഗവും.

Comments

comments

Categories: Top Stories
Tags: cricket, E Game