ഏഷ്യ പസഫിക്കില്‍ ശതകോടീശ്വരന്‍മാര്‍ കുറയുന്നു

ഏഷ്യ പസഫിക്കില്‍ ശതകോടീശ്വരന്‍മാര്‍ കുറയുന്നു
  • ഇന്ത്യ, ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ശതകോടീശ്വരന്‍മാരില്‍ പലരും പാപ്പരായി
  • ശതകോടീശ്വരന്‍മാരുടെ എണ്ണം 13.4 ശതമാനവും ആകെ ആസ്തി എട്ട് ശതമാനവും കുറഞ്ഞു
  • 2018 ല്‍ 109 ശതകോടീശ്വരന്‍മാരെ ഏഷ്യ പസഫിക് മേഖലക്ക് നഷ്ടപ്പെട്ടു; ആസ്തി 212 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു

ന്യൂഡെല്‍ഹി: 2018 ല്‍ സാമ്പത്തികമായി ഏറ്റവുമധികം തിരിച്ചടിയേറ്റത് ഇന്ത്യയും ചൈനയുമടങ്ങിയ ഏഷ്യ പസഫിക് മേഖലയിലെ ശതകോടീശ്വരന്‍മാര്‍ക്കാണെന്ന് കണ്ടെത്തല്‍. ശതകോടീശ്വരന്‍മാരായ 109 ആളുകള്‍ കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ നിന്ന് പുറത്തായെന്ന് അതിസമ്പന്നരെക്കുറിച്ച് വിശകലനം നടത്തുന്ന യുഎസ് വെബ്‌സൈറ്റായ വെല്‍ത്ത്-എക്‌സ് വ്യക്തമാക്കി. വെല്‍ത്ത് എക്‌സിന്റെ 2019 ബില്യണര്‍ സെന്‍സസ് പ്രകാരം 2018 ല്‍ ഏഷ്യ പസഫിക് മേഖലയിലെ അതിസമ്പന്നരുടെ എണ്ണം 707 ആയി ചുരുങ്ങി. 2017 ല്‍ 816 ശതകോടീശ്വരന്‍മാരാണ് മേഖലയിലുണ്ടായിരുന്നത്. 13.4 ശതമാനം കുറവാണ് സമ്പന്നരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. മേഖലയിലെ അതിസമ്പന്നരുടെ സംയോജിത ആസ്തിയില്‍ 212 ബില്യണ്‍ ഡോളറിന്റെ കുറവുമുണ്ടായി. 2017 ല്‍ 2,440 ബില്യണ്‍ ഡോളറാണ് ഏഷ്യ പസഫിക്കിലെ എല്ലാ ശതകോടീശ്വരന്‍മാര്‍ക്കുമായി ഉണ്ടായിരുന്നത്. 2018 ല്‍ സമ്പത്ത് എട്ട് ശതമാനം ഇടിഞ്ഞ് 2,228 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു.

ആഗോള വളര്‍ച്ചാ മാന്ദ്യം, ചൈന-യുഎസ് വ്യാപാര സംഘര്‍ഷം, ഓഹരി വിപണികളിലെ തകര്‍ച്ച എന്നിവയെല്ലാം ശതകോടീശ്വരര്‍മാരുടെ വ്യവസായത്തെ ബാധിച്ചെന്ന് വെല്‍ത്ത് എക്‌സ് കണ്ടെത്തിയിട്ടുണ്ട്. യുഎസ് ഡോളറിന്റെ കരുത്ത് തുടര്‍ച്ചയായി വര്‍ധിച്ചതോടെ മൂലധനം വികസ്വര വിപണികളില്‍ നിന്നും പുറത്തേക്കൊഴുകിയതും ഏഷ്യ പസഫിക്കിലെ സമ്പന്ന വ്യവസായികള്‍ക്ക് തിരിച്ചടിയായി. ആഗോള തലത്തിലും അതിസമ്പന്നര്‍ക്ക് അത്ര ഗുണകരമായ വര്‍ഷമായിരുന്നില്ല 2018. ആഗോള തലത്തില്‍ ശതകോടിശ്വരന്‍മാരുടെ എണ്ണം 5.4 ശതമാനം കുറഞ്ഞു. ദശാബ്ദം മുന്‍പത്തെ ആഗോള മാന്ദ്യത്തിന് ശേഷം ഇത് രണ്ടാമതാണ് ലോകത്തെ കോടീശ്വരന്‍മാരുടെ എണ്ണം കുറയുന്നത്. 2017 ലെ 2,754 ല്‍ നിന്ന് 2,604 ലേക്കാണ് ആഗോള ശതകോടീശ്വരന്‍മാരുടെ എണ്ണം താഴ്ന്നത്. അവരുടെ ആകെ ആസ്തി മുന്‍ വര്‍ഷത്തെ 9,205 ബില്യണ്‍ ഡോളറില്‍ നിന്ന് 8,562 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. ഏഴ് ശതമാനം ഇടിവാണ് സമ്പത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ശതകോടീശ്വരന്‍മാരെ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ലോകത്തെ 15 രാഷ്ട്രങ്ങളില്‍ നാലും ഏഷ്യ പസഫിക്കില്‍ നിന്നു തന്നെയാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 285 ശതകോടീശ്വരന്‍മാരാണുള്ളത്. ആകെ ശതകോടീശ്വരന്‍മാരുടെ 12%. എങ്കിലും 15.7 ശതമാനം ശതകോടീശ്വരരെയാണ് കഴിഞ്ഞ വര്‍ഷം ചൈനയ്ക്ക് നഷ്ടപ്പെട്ടത്. അവരുടെ ആകെ ആസ്തി 7.8% കുറഞ്ഞ് 996 ബില്യണ്‍ ഡോളറിലുമെത്തി. എട്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 82 ശതകോടീശ്വരന്‍മാരുണ്ട്. 2017 നെ അപേക്ഷിച്ച് 21.2% അതിസമ്പര്‍ കുറവ്. ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ ആകെ ആസ്തി 4.9 ശതമാനം കുറഞ്ഞ് 284 ബില്യണ്‍ ഡോളറിലേക്കും ചുരുങ്ങി. ഇതോടെ 2017 ല്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്. 87 ശതകോടീശ്വരരുമായി ഹോങ്കോംഗ് ഏഴാമതും 39 ശതകോടീശ്വരരുമായി സിംഗപ്പൂര്‍ പതിനഞ്ചാമതുമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള യുഎസിലെ അതിസമ്പന്നരുടെ എണ്ണം 2017 ലെ 884 ല്‍ നിന്ന് 0.9% വര്‍ധിച്ച് 892 ല്‍ എത്തി. എന്നാല്‍ ആകെ ആസ്തി 5.8 ശതമാനം കുറഞ്ഞിട്ടുണ്ട്.

റാങ്ക് രാജ്യം സമ്പന്നര്‍ ആസ്തി (ബില്യണ്‍ $)

1 യുഎസ് 892 3,540

2 ചൈന 285 996

3. ജര്‍മനി 146 442

4. റഷ്യ 102 355

5. യുകെ 97 209

6. സ്വിറ്റ്‌സര്‍ലന്‍ഡ് 91 240

7. ഹോങ്കോംഗ് 87 259

8. ഇന്ത്യ 82 284

9. സൗദി അറേബ്യ 57 147

10. ഫ്രാന്‍സ് 55 195

Categories: FK News, Slider
Tags: Billionaires

Related Articles