അനില്‍ അംബാനിയുടെ കടം 90,000 കോടിയെന്ന് റിപ്പോര്‍ട്ട്

അനില്‍ അംബാനിയുടെ കടം 90,000 കോടിയെന്ന് റിപ്പോര്‍ട്ട്
  • ആര്‍കോം അവകാശപ്പെടുന്ന കടബാധ്യത 46,000 കോടി രൂപയാണ്
  • രാജ്യം കണ്ട ഏറ്റവും വലിയ പാപ്പരത്ത കേസായി ആര്‍കോം മാറിയേക്കും

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (ആര്‍കോം) 90,000 കോടി രൂപയുടെ കടബാധ്യത വരുമെന്ന് റിപ്പോര്‍ട്ട്. ആര്‍കോം അവകാശപ്പെടുന്ന കടബാധ്യത 46,000 കോടി രൂപയാണ്. ഇതിന്റെ ഇരട്ടിയോളം ബാധ്യത ആര്‍കോം നല്‍കാനുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. പാപ്പരത്ത നടപടിക്ക് വിധേയമായിട്ടുള്ള ഒരു കമ്പനിയില്‍ നിന്ന് വായ്പാദാതാക്കള്‍ അവകാശപ്പെടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള ബാങ്കുകളും സര്‍ക്കാരും മൊബീല്‍ഫോണ്‍ കമ്പനികളും ടെലികോം ടവര്‍ സംരംഭങ്ങളും തങ്ങള്‍ക്ക് ലഭിക്കാനുള്ള കടം ആര്‍ബിഎസ്എ അഡൈ്വസേഴ്‌സ് എല്‍എല്‍പിയോട് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അനില്‍ അംബൈനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പാപ്പരത്ത നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഐആര്‍പി (ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണല്‍) നിയോഗിച്ചതാണ് ആര്‍ബിഎസ്എ അഡൈ്വസേഴ്‌സ് എല്‍എല്‍പിയെ.

കടം സംബന്ധിച്ച വിവരങ്ങള്‍ വായ്പാദാതാക്കള്‍ ഈ മാസം 21 മുന്‍പ് നല്‍കേണ്ടതുണ്ട്. 90,000-75,000 കോടി രൂപ വരെ വായ്പാദാതാക്കള്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മൊത്തം തുക ഒരുപക്ഷെ ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ബാങ്കുകള്‍ക്ക് പുറമെ ചൈനീസ് ബാങ്കുകളും ബോണ്ട് ഹോള്‍ഡര്‍മാരും പലിശ അടക്കം ആര്‍കോം നല്‍കാനുള്ള കടം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ഒരു പാപ്പരത്ത കേസില്‍ അവകാശപ്പെടുന്ന ഏറ്റവും വലിയ തുകയാണിത്.

ഉടമ്പടിയുടെയും സഹ ഉടമ്പടിയുടെയും അടിസ്ഥാനത്തിലായിരിക്കും കുടിശ്ശിക അവകാശപ്പെടുന്നത്. അതായത് ആര്‍കോമിനും കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ റിലയന്‍സ് ഇന്‍ഫ്രാടെലിനും റിലയന്‍സ് ടെലികോമിനും പുറമെ ആര്‍കോമിന്റെ മറ്റ് അനുബന്ധ കമ്പനികളുടെയും അടച്ചുപൂട്ടിയ കമ്പനികളുടെയും കടം കൂടി ഇതില്‍ പരിഗണിക്കും. ഇങ്ങനെ വരുമ്പോഴാണ് ആര്‍കോം കണക്കാക്കിയ ബാധ്യതയേക്കാള്‍ ഇരട്ടി തുക തിരിച്ചടക്കാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നത്.

ഇതുവരെ പാപ്പരത്ത നടപടിക്ക് കീഴില്‍ വിധിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തുകയാണിതെന്ന് കോര്‍പ്പറേറ്റ് പ്രൊഫഷണല്‍സ് മേധാവി മനോജ് കുമാര്‍ പറഞ്ഞു. ഐആര്‍പി അംഗീകരിക്കുന്ന തുകയും വായ്പാദാതാക്കള്‍ അവകാശപ്പെടുന്ന തുകയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പലിശയും മറ്റുമുള്ള സെറ്റില്‍മെന്റ് നടത്തുമ്പോള്‍ ഇത് കുറയ്ക്കാന്‍ ഒരുപക്ഷെ വായ്പാദാതാക്കള്‍ തയാറായേക്കുമെന്നും മനേജ് കുമാര്‍ പറഞ്ഞു.

ഇതുവരെ പാപ്പരത്ത നിയമത്തിന് വിധേയമാക്കിയിട്ടുള്ള ഏറ്റവും വലിയ കേസുകളിലൊന്ന് എസ്സാര്‍ സ്റ്റീലിന്റേതാണ്. 2017ലാണ് എസ്സാര്‍ സ്റ്റീല്‍ പാപ്പരത്ത നടപടിക്ക് വിധോയമാകുന്നത്. 82,541 കോടി രൂപയാണ് വായ്പാദാതാക്കള്‍ പ്രതിസന്ധിയിലായ സ്റ്റീല്‍ കമ്പനിയില്‍ നിന്നും ആവശ്യപ്പെട്ടത്. ഇതില്‍ ഐആര്‍പി നിയോഗിച്ച നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ 54,565 കോടി രൂപയുടെ കുടിശ്ശികയാണ് അംഗീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2017 അവസാനത്തോടെ ആര്‍കോം തങ്ങളുടെ വയര്‍ലെസ് യൂണിറ്റ് അടച്ചുപൂട്ടിയത്. ഉയര്‍ന്ന കടബാധ്യതയും നഷ്ടവും ജിയോയുടെ വരവോടെ ഉടലെടുത്ത നിരക്ക് യുദ്ധവുമാണ് വയര്‍ലെസ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കമ്പനിയെ സമ്മര്‍ദത്തിലാക്കിയത്.

പ്രതിസന്ധി മറികടക്കുന്നതിന് ആര്‍കോമിന്റെ സ്‌പെക്ട്രം, ടവര്‍ ആസ്തികള്‍ ജിയോക്ക് വില്‍ക്കാന്‍ അനില്‍ അംബാനി ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പാപ്പരത്ത നടപടിയിലേക്ക് കമ്പനി നീങ്ങിയത്. ഐആര്‍പികളായ മനീഷ് കനേരിയ, മിതാലി ഷാ, പ്രദീപ് സേതി എന്നിവരാണ് ആര്‍കോമിന്റെയും റിലയന്‍സ് ഇന്‍ഫ്രാടെലിന്റെയും റിലയന്‍സ് ടെലികോമിന്റെയും പാപ്പരത്ത നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ കുടിശ്ശിക ആവശ്യപ്പെട്ടവരില്‍ ഉണ്ടാകില്ല. കമ്പനിക്ക് നല്‍കാനുള്ള 550 കോടി രൂപ ആര്‍കോം നല്‍കികഴിഞ്ഞു. 2017 സെപ്റ്റംബറിലാണ് എറിക്‌സണ്‍ ആര്‍കോമിനെതിരെ പാപ്പരത്ത കേസ് നല്‍കുന്നത്. 1,500 കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. അനില്‍ അംബാനി ഈ കേസില്‍ ജയിലിലേക്ക് പോകുമെന്നായപ്പോള്‍ മുകേഷ് അംബാനിയാണ് ഇതില്‍ 550 കോടി രൂപ തിരിച്ചുനല്‍കിയത്.

Comments

comments

Categories: Business & Economy