ഫേസ്ബുക് വിഭജിക്കാനില്ലെന്ന് സുക്കര്‍ബര്‍ഗ്

ഫേസ്ബുക് വിഭജിക്കാനില്ലെന്ന് സുക്കര്‍ബര്‍ഗ്

ലണ്ടന്‍: സാമൂഹ്യ മാധ്യമമായ ഫേസ്‌സ്ബുക്കിനെ വിഭജിക്കാനുള്ള പദ്ധതിയില്ലെന്ന് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫേസ്‌സ്ബുക്കിന്റെ വിശാലത യഥാര്‍ത്ഥത്തില്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദവും ജനാധിപത്യ പ്രക്രിയയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതുമാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കിന്റെ സഹ സ്ഥാപകനായ ക്രിസ് ഹ്യൂസാണ് കമ്പനി വിഭജിക്കാനുള്ള സമയമായെന്ന് അഭിപ്രായപ്പെട്ടിരുന്നത്. 2002 ല്‍ കമ്പനിയിലേക്ക് സുക്കര്ഡബര്‍ റിക്രൂട്ട് ചെയ്ത ഹ്യൂസ് കടുത്ത വിമര്‍ശനമാണ് കമ്പനി സ്ഥാപകനെതിരെ നടത്തിയത്. സര്‍ക്കാരിലോ സ്വകാര്യ മേഖലയിലോ ഉള്ള ആരെക്കാളും അനിഷേധ്യവും പരിശോധനാ രഹിതവുമായ കരുത്തും സ്വാധീനവും സുക്കര്‍ബര്‍ഗ് നേടിയെന്നാണ് ഹ്യൂസിന്റെ ആരോപണം. മാര്‍ക്കിന്റെ വ്യക്തിഗത വിശ്വാസ്യതയും ഫേസ്ബുക്കിന്റെ വിശ്വാസ്യതയും കുത്തനെ ഇടിഞ്ഞെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹ്യൂസിന്റെ നിലപാടുകളെ ഫേസ്ബുക്ക് സിഇഒ തള്ളിക്കളഞ്ഞു.

ശതകോടിക്കണക്കിന് ഡോളറാണ് ഓരോ വര്‍ഷവും തെരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടലുകള്‍ തടയാനായി പുരോഗനാത്മകമായ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ചെലവാക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. സുരക്ഷക്കായി ഫേസ്ബുക്ക് ഈ വര്‍ഷം ചെലവഴിക്കുന്ന തുക, ദശാബ്ദം മുന്‍പ് കമ്പനി ലിസ്റ്റ് ചെയ്തപ്പോഴത്തെ വരുമാനത്തിലും അധികമാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സുരക്ഷക്ക് മറ്റാരെക്കാളും തങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Categories: FK News, Slider
Tags: Facebook