ടെക് ഭീമന്മാരെ എങ്ങനെ നിയന്ത്രിക്കാം ? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ടെക് ഭീമന്മാരെ എങ്ങനെ നിയന്ത്രിക്കാം ? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് 2020-ല്‍ മത്സരിക്കാനൊരുങ്ങുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയംഗമാണ് എലിസബത്ത് വാറന്‍. ടെക്‌നോളജി രംഗത്തെ ഭീമന്മാരായ ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ വിഭജിക്കണമെന്ന ആശയം സമീപകാലത്ത് ഇവര്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഇതാ ഇതേ ആശയം തന്നെ പങ്കുവച്ച് ഫേസ്ബുക്കിന്റെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂഗ്‌സും രംഗത്തുവന്നിരിക്കുന്നു.

ഫേസ്ബുക്കിനെ നിയന്ത്രിക്കണമെന്നു സൂചിപ്പിച്ചു ഈ മാസം ഒന്‍പതിനു ഫേസ്ബുക്ക് സഹസ്ഥാപകന്‍ ക്രിസ് ഹ്യൂഗ്‌സ് ഒരു ലേഖനം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതുകയുണ്ടായി. ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ്, മെസഞ്ചര്‍ എന്നിവ ഉള്‍പ്പെടുന്ന ഫേസ്ബുക്കിനെ പല കമ്പനികളായി വിഭജിക്കണമെന്നാണ് പ്രധാനമായും ഹ്യൂഗ്‌സ് ലേഖനത്തിലൂടെ നിര്‍ദേശിച്ചത്. ഹ്യൂഗ്‌സിന്റെ അഭിപ്രായ പ്രകടനത്തോടു യോജിപ്പ് അറിയിച്ചു കൊണ്ട് അമേരിക്കയില്‍ നിരവധി നിയമനിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും രംഗത്തുവരികയും ചെയ്തു. 2020-ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഡമോക്രാറ്റ് പാര്‍ട്ടിയംഗവും മസാചുസെറ്റ്‌സ് സെനറ്ററുമായ എലിസബത്ത് വാറന്‍, ഹ്യൂഗ്‌സിന്റെ അഭിപ്രായത്തോടു യോജിപ്പ് അറിയിച്ചവരില്‍ ഒരാളാണ്. ഡാറ്റ ദുരുപയോഗം ചെയ്യുന്നതും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അനധികൃതമായി ഇടപെടുന്നതുമൊക്കെയാണു ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ടെക്‌നോളജി ഭീമന്മാര്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ലോകത്തെ ശക്തരായ ടെക് കമ്പനികളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്‍തോതില്‍ ഉയര്‍ന്നു വരികയാണ്. അമേരിക്ക കേന്ദ്രമാക്കി ലോകത്തെ നിയന്ത്രിക്കുന്ന വലിയ ടെക് കമ്പനികളെ വിഭജിക്കണമെന്ന അഭിപ്രായം എലിസബത്ത് വാറന്‍, മാര്‍ച്ച് എട്ടിനു തന്നെ രേഖപ്പെടുത്തിയിരുന്നു. ‘ഇന്നു വലിയ ടെക് കമ്പനികള്‍ക്കു നമ്മളുടെ സമ്പദ്ഘടനയ്ക്കും, സമൂഹത്തിനും, ജനാധിപത്യത്തിനും മേല്‍ വളരെ വലിയ ശക്തിയുണ്ടെന്നു ‘ മീഡിയം എന്ന ഓണ്‍ലൈന്‍ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമില്‍ എലിസബത്ത് വാറനെഴുതുകയുണ്ടായി.

ടെക് കമ്പനികളുടെ വിഭജനം സാധ്യമോ ?

കോര്‍പറേറ്റ് അമേരിക്കയില്‍ നിര്‍ബന്ധിത വിഭജനം എന്ന ആശയം റാഡിക്കലായ അഥവാ തീവ്രമായ ഒന്നായി തോന്നിയേക്കാം. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇതിനു വളരെ കുറച്ച് ഉദാഹരണങ്ങള്‍ മാത്രമാണുള്ളതും. എങ്കിലും അക്കാദമിക ലോകത്തു വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണിപ്പോള്‍ ടെക് കമ്പനികളുടെ വിഭജനവുമായി ബന്ധപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് എലിസബത്ത് വാറന്‍ അതിന് രാഷ്ട്രീയ പ്രാധാന്യം നല്‍കിയിരിക്കുന്നതും.

തന്ത്രങ്ങളിലൂടെ ആര്‍ജ്ജിച്ച ശക്തി

രണ്ട് തന്ത്രങ്ങളിലൂടെയാണ് അമേരിക്കന്‍ ടെക് കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചതെന്ന് ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ എന്നിവയെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ട് എലിസബത്ത് വാറന്‍ മാര്‍ച്ച് എട്ടിനെഴുതിയ പോസ്റ്റില്‍ കുറിച്ചു. ഒന്നാമത്തെ തന്ത്രമെന്നത്, ഇവര്‍ക്കു വിപണിയില്‍ ഭാവിയില്‍ കടുത്ത മത്സരം സമ്മാനിച്ചേക്കാവുന്ന എതിരാളിയെ പര്‍ച്ചേസ് ചെയ്തു അഥവാ ഏറ്റെടുത്തു എന്നതാണ്. ഉദാഹരണമായി ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിനെയും, ഗൂഗിള്‍ മാപ്പിംഗ് സര്‍വീസായ വെയ്‌സിനെയും ആഡ് കമ്പനി (പരസ്യ കമ്പനി) ഡബിള്‍ ക്ലിക്കിനെയും ഏറ്റെടുത്തു. മാര്‍ക്കറ്റില്‍ ചെറുകിട കമ്പനികള്‍ വില്‍ക്കുന്ന വസ്തുക്കളുടെ മാതൃക വന്‍കിട കമ്പനികള്‍ പകര്‍ത്തിയതിനു ശേഷം അവ പിന്നീട് സ്വന്തം ബ്രാന്‍ഡ് നെയ്മില്‍ വില്‍ക്കുന്നു. ഇതിലൂടെ ചെറുകിട കമ്പനികളെ തകര്‍ക്കുകയും ചെയ്യുന്നു. ഇതാണ് രണ്ടാമത്തെ തന്ത്രമെന്നും എലിസബത്ത് വാറന്‍ സൂചിപ്പിക്കുന്നു. ടെക് ഭീമന്മാര്‍ വിപണിയില്‍ കുത്തക സ്ഥാപിച്ചു കൊണ്ടു മത്സരം ഇല്ലാതാക്കുകയും, വ്യക്തികളുടെ സ്വകാര്യ വിവരങ്ങളെ ലാഭം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിലൂടെ ചെറുകിട ബിസിനസുകളെ ദ്രോഹിക്കുകയാണ്. ഇന്നൊവേഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നതായും വാറന്‍ പറയുന്നു. വിപണിയിലെ കമ്പനികളുടെ മത്സരാധിഷ്ഠിതമായ പെരുമാറ്റം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ദുര്‍ബലമായതാണു ടെക് രംഗത്ത് ഇന്നൊവേഷന്‍ ഇല്ലാതായി പോകുന്നതിനുള്ള പ്രധാനകാരണമെന്നും വാറന്‍ പറയുന്നു.

ശക്തരില്‍ ശക്തര്‍

ടെക് ഭീമന്മാരായ ആമസോണിന്റെയും ആപ്പിളിന്റെയും വിപണി മൂല്യം ആരെയും അത്ഭുതപ്പെടുത്തും വിധമുള്ള സംഖ്യയാണ്. ഈ രണ്ട് കമ്പനികളുടെയും മൂല്യം 900 ബില്യന്‍ ഡോളറിനും മുകളിലാണ്. ഗൂഗിളിന്റെ ഉടമയായ ആല്‍ഫബെറ്റിന്റെ മൂല്യം 800 ബില്യന്‍ ഡോളറിനും മുകളിലാണ്. ഫേസ്ബുക്കിന്റെ മൂല്യം 500 ബില്യന്‍ ഡോളറിനു മുകളിലും. ഈ നാല് കമ്പനികള്‍ക്കും മുകളിലാണു മൈക്രോസോഫ്റ്റിന്റെ മൂല്യം. സമീപകാലത്താണു മൈക്രോസോഫ്റ്റിന്റെ മൂല്യം കുത്തനെ ഉയര്‍ന്നത്. യുഎസില്‍ ഡിജിറ്റല്‍ ആഡ്‌സിനായി (ഡിജിറ്റല്‍ മാധ്യമത്തിലുള്ള പരസ്യം) ചെലവഴിക്കുന്ന തുകയുടെ 60 ശതമാനവും ചെന്നെത്തുന്നത് ഗൂഗിളിലേക്കും ഫേസ്ബുക്കിലേക്കുമാണ്. ഇന്ന്് ലോകത്തെ പകുതി ഇ-കൊമേഴ്‌സും നടക്കുന്നത് ആമസോണിലാണ്. ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 70 ശതമാനവും ഗൂഗിളോ, ഫേസ്ബുക്കോ നിയന്ത്രിക്കുന്ന സൈറ്റുകളിലാണുള്ളത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യു ട്യൂബ്, ആന്‍ഡ്രോയ്ഡ്, പ്ലേ സ്റ്റോര്‍, ക്രോ്ം ബ്രൗസര്‍, സെര്‍ച്ച് സൈറ്റ്, ജി മെയ്ല്‍ എന്നിവയ്ക്ക് 100 കോടിയിലേറെ യൂസര്‍മാരുണ്ട്. ഫേസ്ബുക്കില്‍ 200 കോടി യൂസര്‍മാരുണ്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസഞ്ചറിനും വാട്‌സ് ആപ്പിനും 100 കോടിയിലേറെ യൂസര്‍മാരുണ്ട്.

നിയന്ത്രണം വേണം

കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള കുംഭകോണത്തെ തുടര്‍ന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ടെക് കമ്പനികളോടുള്ള അസംതൃപ്തി വര്‍ധിച്ചിരിക്കുകയാണ്. ടെക് കമ്പനികള്‍ക്കു നിയന്ത്രണം വേണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. ടെക് കമ്പനികളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ നടപടികളെടുത്തെങ്കിലും അമേരിക്കയുടെ ഇതുവരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. അടുത്തിടെ ആന്റി ട്രസ്റ്റ് നിയമം ലംഘിച്ചതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളില്‍നിന്ന് ഒന്‍പത് ബില്യന്‍ ഡോളറാണു പിഴ ഈടാക്കിയത്. ഡാറ്റ സ്വകാര്യത, പകര്‍പ്പവകാശ നിലവാരം സംബന്ധിച്ച നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമാക്കിയിട്ടുണ്ട്. വിപണിയിലുള്ള മേധാവിത്വത്തെ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചു ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, ആമസോണ്‍ എന്നിവരെ നിരീക്ഷിക്കാന്‍ ജപ്പാന്‍ ഫെയര്‍ ട്രേഡ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ടെക് കമ്പനികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ നടക്കുകയാണെന്നു വേണം ഇതിലൂടെ മനസിലാക്കുവാന്‍.

വാറന്റെ നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യമേറും

ടെക് കമ്പനികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് എലിസബത്ത് വാറന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വാറന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുമോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍, ടെക് കമ്പനികളെ നിയന്ത്രിക്കേണ്ടതുണ്ടെന്ന വാറന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അമേരിക്ക 2020 നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോവുകയാണ്. അതിനു മുന്നോടിയായി പ്രചാരണങ്ങളും ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ഈ പശ്ചാത്തലത്തില്‍ വാറന്റെ നിര്‍ദേശങ്ങള്‍ക്കു വലിയ പ്രാധാന്യം കൈവരുമെന്നാണു ടെക് വിദഗ്ധര്‍ പറയുന്നത്.

എലിസബത്ത് വാറന്‍

മസാച്ചുസെറ്റ്‌സില്‍നിന്നുള്ള മുതിര്‍ന്ന സെനറ്ററും ഡമോക്രാറ്റിക് പാര്‍ട്ടിയംഗവുമാണ് 69-കാരിയായ എലിസബത്ത് വാറന്‍. 2020-ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. പത്ത് വര്‍ഷം മുമ്പ് 2008-ല്‍ ലോകം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ബാങ്കര്‍മാരെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു കൊണ്ട് രംഗത്തുവന്നതോടെയാണ് എലിസബത്ത് വാറന്‍ ശ്രദ്ധിക്കപ്പെട്ടത്.

Comments

comments

Categories: Top Stories
Tags: Tech giants

Related Articles