എംസിഎ-21 മൂന്നാം പതിപ്പ് പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

എംസിഎ-21 മൂന്നാം പതിപ്പ് പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ബിസിനസ് സൗഹൃദ വെബ്‌സൈറ്റ് നിലവില്‍ വരും; ജിഡിപി ഡാറ്റക്ക് കൂടുതല്‍ വിശ്വാസ്യത

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ രജിസ്ട്രിയിലെ പാകപ്പിഴകള്‍ പരിഹരിക്കുന്നതിനായി എംസിഎ-21 ഡാറ്റാബേസ് നവീകരിക്കാനൊരുങ്ങി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്നത് എംസിഎ ഡേറ്റാബേസ് അടിസ്ഥാനപ്പെടുത്തിയാണെന്നിരിക്കെ, ജിഡിപി ഡാറ്റയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. മന്ത്രാലയത്തിന്റെ ഇ-ഗവേണന്‍സ് നടപടിക്രമത്തിന്റെ ഭാഗമായാണ് എംസിഎ-21 ന് രൂപം കൊടുത്തിരുന്നത്.

എംസിഎ-21 ന്റെ മൂന്നാം പതിപ്പില്‍ വസ്തുതാ സ്ഥിരീകരണത്തിന് ഒരു ഉറവിടമാകും ഉപയോഗിക്കുക. ഇത് പൊതുവായ വിവരങ്ങള്‍ സ്വയം നവീകരണത്തിന് വിധേയമാക്കാന്‍ സഹായകമാണ്. കൂടുതല്‍ ബിസിനസ് സൗഹൃദമാകുന്നതിന്റെ ഭാഗമായി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ പോകേണ്ട ആവശ്യകത ഇല്ലാതാക്കികൊണ്ട് പൂര്‍ണമായും ഇ-ടെന്‍ഡര്‍ സൗകര്യവും പുതിയ പതിപ്പ് വഴി സാധ്യമാക്കും. ഓണ്‍ലൈന്‍ ആജ്ഞാനുവര്‍ത്തനവും നിരീക്ഷണവും തുടങ്ങി വിശ്വാസ്യതയും സമഗ്രതയും വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഫീച്ചറുകള്‍ ഇതിലുണ്ടാകും. ആരെങ്കിലും നിയമം അനുസരിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ ഓട്ടോമാറ്റിക്കായി ഇ-നോട്ടീസ് അയയ്ക്കാന്‍ ഇത് സഹായിക്കും. എംസിഎ-21 മൂന്നാം പതിപ്പ് വരുന്നതോടെ നിലവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കാലഹരണപ്പെടും. എംസിഎ-21 വി 3.0 ഒരു വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാകുമെന്നും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സെപ്റ്റംബര്‍ മാസത്തോടെയായിരിക്കും പദ്ധതിക്ക് ശരിയായ രൂപം നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു.

നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന എംസിഎ 21 ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളെ സംബന്ധിച്ച് അടുത്തിടെ വിവാദം ഉയര്‍ന്നിരുന്നു. എംസിഎ-21 ല്‍ ലിസ്റ്റ് ചെയ്തിരുന്ന കമ്പനികളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടമാക്കിയ സര്‍ക്കാരിന്റെ സാംപിള്‍ സര്‍വേ ഏജന്‍സിയായ എന്‍എസ്എസ്ഒ, 21 ശതമാനം കമ്പനികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതു കൂടാതെ 12 ശതമാനം കമ്പനികളെ കണ്ടെത്താനായില്ല എന്നുള്ളതും ജിഡിപി ഡാറ്റകളുടെ കൃത്യത ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചു. എംസിഎയില്‍ എക്കൗണ്ടുകള്‍ ഓണ്‍ലൈനായി നല്‍കുന്ന കമ്പനികളുടെ വിവരങ്ങളാണ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള എംസിഎ-21 പദ്ധതി പ്രകാരം സൂക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: FK News, Slider