ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 84% വര്‍ധിക്കും

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 84% വര്‍ധിക്കും
  • 2017ലെ കണക്ക് പ്രകാരം 468 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉഫയോക്താക്കളാണ് ഇന്ത്യയിലുള്ളത്
  • 2022ഓടെ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 859 മില്യണിലെത്തും

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ (2022ഓടെ) രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനം. 2017ലെ കണക്ക് പ്രകാരം 468 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉഫയോക്താക്കളാണ് ഇന്ത്യയിലുള്ളത്. 2022ഓടെ ഇത് 84 ശതമാനം വര്‍ധിച്ച് 859 മില്യണിലെത്തുമെന്ന് അസോസിയേറ്റഡ് ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയും (അസോചം) പിഡബ്ല്യുസിയും നടത്തിയ പഠനത്തില്‍ പറയുന്നു.

മൂന്ന് വര്‍ഷംകകൊണ്ട് ഫീച്ചര്‍ഫോണുകളുടെ ഉപയോഗം കുറയുമെന്നാണ് അസോചത്തിന്റെയും പിഡബ്ല്യുസിയുടെയും കണ്ടെത്തല്‍. 2017ല്‍ 701 മില്യണ്‍ ആളുകളാണ് രാജ്യത്ത് ഫീച്ചര്‍ഫോണ്‍ ഉപയോഗിച്ചിരുന്നത്. 2022ഓടെ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 504 മില്യാണായി ചുരുങ്ങും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ പത്ത് ശതമാനം ആളുകള്‍ ടാബ്ലെറ്റ് ഉപയോക്താക്കളാകുമെന്നും പഠനം ചൂണ്ടിക്കാട്ടി.

2017ല്‍ രാജ്യത്തെ ജനസംഖ്യയില്‍ 5.3 ശതമാനം ആളുകള്‍ക്കാണ് സ്വന്തമായി ടാബ്ലെറ്റ ഉണ്ടായിരുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ കുറഞ്ഞ തോതിലുള്ള വ്യാപനം മാനുഫാക്ച്ചറര്‍മാരെ സംബന്ധിച്ച് അവസരം നഷ്ടപ്പെടുത്തുകയാണ്. സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ മികച്ച രീതിയില്‍ എച്ച്ഡി ഉള്ളടക്കള്‍ വാഗ്ദാനം ചെയ്യുന്നത് ടാബ്ലെറ്റുകളാണെന്നും പഠനം വ്യക്തമാക്കുന്നു.

കുറഞ്ഞ ഡാറ്റ നിരക്കുകളും വലിയ തോതില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതും കണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ച് നിര്‍ണായകമാണ്. നടപ്പു വര്‍ഷം അവസാനിക്കുന്നതോടെ ലോക വ്യാപകമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അഞ്ച് ബില്യണ്‍ കടക്കുമെന്നാണ് നിരീക്ഷണം. 2016ലെ കണക്ക് പ്രകാരം 2.1 ബില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് രാജ്യത്തുണ്ടായിരുന്നത്. മൂന്ന് വര്‍ഷംകൊണ്ട് ഉപയോക്താക്കളുടെ എണ്ണത്തില്‍ 2.5 ബില്യണ്‍ വര്‍ധനയുണ്ടാകും.

2018ല്‍ ലോക ജനസംഖ്യയില്‍ 36 ശതമാനം ആളുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2011ല്‍ ലോകത്തിലെ പത്ത് ശതമാനം ആളുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച സ്ഥാനത്താണിത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ചൈന സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ മുന്നേറും. നടപ്പു വര്‍ഷം അവസാനിക്കുന്നതോടെ ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 675 മില്യണാകും.

2020ഓടെ ചൈനീസ് ജനസംഖ്യയില്‍ പകുതിയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാകും. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ തിളങ്ങുന്ന മറ്റൊരു പ്രധാന വിപണിയാണ് യുഎസ്. 2017ല്‍ ഏകദേശം 223 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉഫയോക്താക്കളാണ് യുഎസിലുണ്ടായിരുന്നത്. നടപ്പുവര്‍ഷം അവസാനിക്കുന്നതോടെ യുഎസിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 247.5 മില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News