സംരംഭകന്‍ സര്‍വാധിപതിയാകരുത്

സംരംഭകന്‍ സര്‍വാധിപതിയാകരുത്

ഫേസ്ബുക്കിനെതിരെ അമേരിക്കയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പല തലങ്ങളുണ്ട്. ഒരു വിപണിയില്‍ ഒരു കമ്പനിക്ക് മാത്രം കുത്തകയെന്നത് ജനാധിപത്യപരമല്ല, സംരംഭകത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരുമാണത്

സംരംഭകത്വത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് ലോകത്ത് ഫേസ്ബുക്കിന്റെയും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും വളര്‍ച്ചയെന്നാണ് ഫേസ്ബുക്കിന്റെ തന്നെ സഹസ്ഥാപകനായ ക്രിസ് ഹ്യൂഗ്‌സ് ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തില്‍ പറയുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും സ്വകാര്യ മേഖലയിലും ഏറ്റവും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തിയെന്ന നിലയിലാണ് ഹ്യൂഗ്‌സ് സക്കര്‍ബര്‍ഗിനെ ഇപ്പോള്‍ കാണുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ഹ്യൂഗ്‌സും സക്കര്‍ബര്‍ഗും ചേര്‍ന്ന് ഫേസ്ബുക്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നത്. എന്നാല്‍ ഹ്യൂഗ്‌സ് പിന്നീട് ഫേസ്ബുക്കില്‍ നിന്നും പിരിഞ്ഞുപോന്നു.

ഇന്നദ്ദേഹം പറയുന്നത് അമേരിക്കയിലെ ഏകാധിപതിയായി സക്കര്‍ബര്‍ഗ് മാറാനുള്ള സാധ്യതകളെ കുറിച്ചാണ്. ആരും ചോദ്യം ചെയ്യപ്പെടാനില്ലാത്ത ബിസിനസ് നേതാവെന്ന നിലയില്‍ അസാധാരണവും ഭയപ്പെടുത്തുന്നതുമായ വളര്‍ച്ചയാണ് സക്കര്‍ബര്‍ഗിന്റേതെന്ന വിമര്‍ശനത്തെ അത്ര അതിശയോക്തി കലര്‍ന്നതായി കാണേണ്ടതില്ല.

സക്കര്‍ബര്‍ഗ് എന്ന യുവസംരംഭകന്റെ ഉദ്ദേശ്യശുദ്ധി എത്രമാത്രം നല്ലാതാണെങ്കിലും ചോദ്യം ചെയ്യപ്പെടാനില്ലാത്ത സര്‍വാധികാരിയെന്ന തോന്നല്‍ ലോകത്തിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നതാണ് വസ്തുത. കാരണം ലളിതമാണ്. ഒരു വ്യവസായ മേഖലയുടെ സിംഹഭാഗവും കൈയാളുന്നത് ഒരു കമ്പനി മാത്രമാണെന്നത് സ്വതന്ത്ര വിപണി ആഗ്രഹിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. സാമൂഹ്യ മാധ്യമ വ്യവസായത്തിലെ 80 ശതമാനത്തോളം വരുമാനവും കൊണ്ടുപോകുന്നത് ഫേസ്ബുക്കാണെന്നാണ് ഹ്യൂഗ്‌സ് വാദിക്കുന്നത്. 2.3 ബില്യണ്‍ പ്രതിമാസ ഉപയോക്താക്കളുള്ള ഫേസ്ബുക് മാത്രമല്ല, 1.6 ബില്യണ്‍ ഉപയോക്താക്കളുള്ള വാട്‌സാപ്പും 1.3 ബില്യണ്‍ ഉപയോക്താക്കളുള്ള മെസഞ്ചറും 1 ബില്യണ്‍ ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാമും കൂടി ചേര്‍ന്നതാണ് സക്കര്‍ബര്‍ഗിന്റെ സാമ്രാജ്യം..

അതായത്, സാമൂഹ്യ മാധ്യമ വ്യവസായമെന്ന രംഗത്ത് ഒരു ഉപയോക്താവിന് ഫേസ്ബുക് ആപ്പ് മടുത്ത് കഴിഞ്ഞാല്‍ പോകാന്‍ വേറെ ഓപ്ഷനില്ലെന്ന് സാരം. അഥവാ ഫേസ്ബുക് പൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പോയാല്‍ അതും ഫേസ്ബുക്കിന്റെ സംരംഭം തന്നെ. വാട്‌സാപ്പും അങ്ങനെ തന്നെ. പരിധിയില്ലാത്ത തരത്തില്‍ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ കുത്തകാവകാശമാണ് ഫേസ്ബുക് നേടിക്കൊണ്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ വെച്ച് ഏത് തരത്തിലുള്ള ഇടപെടലും ലോകത്ത് നടത്താം.

230 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക് പ്ലാറ്റ്‌ഫോമിലെ അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെയാവണം, എത്തരത്തിലുള്ളതാവണം എന്നുവരെ സക്കര്‍ബര്‍ഗിന് നിശ്ചയിക്കാം. അടുത്തിടെ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയില്‍ വ്യാപകമായി പല ഫേസ്ബുക് പേജുകളും അപ്രത്യക്ഷമായത് നാം കണ്ടതാണ്. ഇതൊരു മുന്നറിയിപ്പായിക്കാണാന്‍ പോലും നമ്മള്‍ തയാറായില്ല. എന്നാല്‍ അമേരിക്കയിലെ ഡെമോക്രാറ്റുകള്‍ ഇതിനെ അത്യന്തം ഗൗരവത്തോടെ കാണുന്നുണ്ട്. പലരുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വരെ ഫേസ്ബുക്കിനെ നിയന്ത്രിക്കുമെന്നതായി മാറിയിട്ടുണ്ട്്.

ഒരു വിപണിയില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് വളരാന്‍ അവസരമില്ലാതെ ഒരു കുത്തക മാത്രം നിലനില്‍ക്കുകയെന്നത് ഒട്ടും ആശാസ്യമായ കാര്യമല്ല. സംരംഭകത്വത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനുള്ള ഏറ്റവും വലിയ തടസമാണത്. അതിനാല്‍ ഹ്യൂഗ്‌സ് പറഞ്ഞ കാര്യങ്ങളെ അമേരിക്ക ഗൗരവത്തോടെ തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇന്‍സ്റ്റഗ്രാമിനെയും വാട്‌സാപ്പിനെയും ഫേസ്ബുക്കില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്ര കമ്പനികളാക്കണമെന്ന ആവശ്യം അല്‍പ്പം കടന്നുപോയെന്ന് ചിലര്‍ക്ക് തോന്നാമെങ്കിലും അതിനെക്കുറിച്ച് വ്യക്തമായ പഠനം നടത്തേണ്ടതുണ്ട്. വിരലിലെണ്ണാവുന്ന ശതകോടീശ്വര സംരംഭകരുടേത് മാത്രമല്ല ലോകം, മറിച്ച് വളര്‍ന്നുവരുന്ന ദശലക്ഷക്കണക്കിന് ചെറുകിടസംരംഭകരുടേത് കൂടിയാണ്. ആ ബോധ്യമുണ്ടാകണം മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പോലുള്ളവര്‍ക്ക്. ബോധ്യം നഷ്ടമാകുന്ന സമയത്ത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ തന്നെയാണ് പരിഹാരം.

Categories: Editorial, Slider