കരാര്‍ ഇപ്പോള്‍ ഒപ്പിട്ടാല്‍ ചൈനക്ക് കൊള്ളാം: ട്രംപ്

കരാര്‍ ഇപ്പോള്‍ ഒപ്പിട്ടാല്‍ ചൈനക്ക് കൊള്ളാം: ട്രംപ്
  • യുഎസ് പ്രസിഡന്റായുള്ള തന്റെ രണ്ടാമൂഴത്തില്‍ കരാര്‍ കൂടുതല്‍ മോശമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
  • യുഎസ്-ചൈന വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി
  • 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ നികുതി യുഎസ് 25% ലേക്ക് കൂട്ടി

ഞാന്‍ തന്നെ വിജയിക്കുമെന്ന് അവര്‍ക്കറിയാം. എന്റെ രണ്ടാം വരവില്‍ ഉടമ്പടി കൂടുതല്‍ ദുഷ്‌കരമായിരിക്കും. ഇപ്പോള്‍ പ്രതികരിച്ചാല്‍ അവര്‍ക്ക് (ചൈന) കൊള്ളാം. എങ്കിലും ഉയര്‍ന്ന തീരുവ പിരിക്കുന്നത് ആനന്ദദായകം തന്നെ

-ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: വ്യാപാര ഉടമ്പടി രൂപീകരിക്കാനുള്ള യുഎസ്-ചൈന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ചൈനയെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ഇപ്പോള്‍ തന്നെ ഒപ്പിടുന്നതാണ് ചൈനക്ക് നല്ലതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. തന്റെ എതിര്‍പക്ഷക്കാരായ ഡെമോക്രാറ്റുകള്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്നാണ് കരുതുന്നതെങ്കില്‍ അത് അസ്ഥാനത്താകും. 2020 ല്‍ താന്‍ തന്നെ വീണ്ടും പ്രസിഡന്റാകുമെന്നും രണ്ടാം വരവിലെ വ്യാപാര ഉടമ്പടി ചൈനയെ സംബന്ധിച്ച് അതീവ മോശമായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ‘ഇപ്പോള്‍ത്തന്നെ കരാറില്‍ ഒപ്പിടുന്നതായിരിക്കും ചൈനയെ സംബന്ധിച്ച് ബുദ്ധിപരമായ നിലപാട്,’ ട്രംപ് പറഞ്ഞു.

‘അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ വലിയ തിരിച്ചടിയേറ്റെന്നാണ് ചൈന കരുതുന്നത്. 2020 ലെ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കാനാണ് ശ്രമമെന്ന് തോന്നുന്നു. ഭാഗ്യത്തിന് ഒരു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജയിച്ചാലോ എന്നാണവരുടെ ചിന്ത. അങ്ങനെയാണെങ്കില്‍ യുഎസിനെ പിഴിഞ്ഞ് പ്രതിവര്‍ഷം 500 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കാമെന്നാണ് ചിന്ത,’ ട്രംപ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ബെയ്ജിംഗില്‍ നടന്ന യുഎസ്-ചൈന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്റെ പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇതോടെ 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ നികുതി യുഎസ് 10% ല്‍ നിന്നും 25% ലേക്ക് കൂട്ടിയിരുന്നു. ഇതിന് പുറമെ ശേഷിക്കുന്ന 300 ബില്യണ്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേലും നികുതി വര്‍ധന ബാധകമാക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. മാസങ്ങള്‍ക്കു ശേഷമാവും ഇത് ബാധകമാവുക. തിരിച്ചടിച്ച ചൈന 110 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി നികുതിയും വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

നികുതി വര്‍ധന ഒഴിവാക്കാന്‍ ഉല്‍പ്പാദന ശാലകള്‍ അമേരിക്കയിലേക്ക് മാറ്റാനും ട്രംപ് ഉപദേശിക്കുന്നുണ്ട്. യുഎസില്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് അതീവ സരളവും നികുതി രഹിതവുമായിരിക്കുമെന്നാണ് ട്രംപ് പറയുന്നത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി പിന്‍വലിക്കണമെന്നും യുഎസ്-ചൈന വ്യാപാര കമ്മി കുറക്കണമെന്നുമുള്ള ആവശ്യമാണ് അമേരിക്ക ചര്‍ച്ചകളില്‍ മുന്നോട്ട് വെച്ചത്. അതേസമയം പ്രധാനപ്പെട്ട തത്വങ്ങളില്‍ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് ചൈന വ്യക്തമാക്കുന്നു. എങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ബെയ്ജിംഗ് വൈകാതെ വേദിയാകുമെന്ന് ചൈനയുടെ മുഖ്യ മധ്യസ്ഥനായ ലിയു ഹേ അഭിപ്രായപ്പെട്ടു. ഇരുപക്ഷവും വിട്ടുവീഴ്കളില്ലാതെ മുന്നോട്ടു നീങ്ങുന്ന സാഹചര്യത്തില്‍ വ്യാപാര യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബാധിക്കുമോയെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കുണ്ട്. സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാണ് ട്രംപിന്റെ വ്യാപാര യുദ്ധം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ ചേരിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തീരുവകള്‍ ദോഷം ചെയ്‌തെന്ന് യുഎസിലെ കര്‍ഷകരും കുറ്റപ്പെടുത്തുന്നു. തീരുവകളെ ട്രംപ് തെരഞ്ഞെടുപ്പ് അജണ്ടയായി മാറ്റുമെന്നതും വ്യക്തമായിക്കഴിഞ്ഞു. വ്യാപാരയുദ്ധം ശമിക്കാന്‍ സാധ്യതയില്ലെന്ന ദുഃസൂചനകളാണ് ഇത് നല്‍കുന്നത്.

അടുത്ത ലക്ഷ്യം ഇന്ത്യ?

ചൈനയെ ഒതുക്കിയ ശേഷം ട്രംപ് ഇന്ത്യയെ ലക്ഷ്യമിട്ടേക്കുമെന്ന ആശങ്ക ശക്തമായി. ചൈനയുമായി വ്യാപാര ഒത്തുതീര്‍പ്പിലെത്തിയ ശേഷം ഇന്ത്യയുടെ മേല്‍ തീരുവ ആക്രമണം ട്രംപ് നടത്താനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018 ല്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 14,200 കോടി ഡോളറിലേക്ക് ഉയര്‍ന്നെങ്കിലും വ്യാപാര കമ്മി 2,400 കോടി ഡോളറായതാണ് യുഎസിനെ പ്രകോപിപ്പിക്കുന്നത്. തീരുവ രാജാവെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. ഇതിനു പുറമെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികള്‍ ഇന്ത്യക്കാരുടെ ഡാറ്റ പ്രാദേശികമായി ശേഖരിച്ച് സൂക്ഷിക്കണമെന്ന നിയമവും ട്രംപ് ഭരണകൂടത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ചൈനക്ക് ശേഷം ട്രംപിന്റെ ലക്ഷ്യം ഇന്ത്യയായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് നിഗമനം.

Comments

comments

Categories: Business & Economy, Slider