ചെലവുകള്‍ കുറയ്ക്കുമെന്ന് ടൊയോട്ട, ഹോണ്ട

ചെലവുകള്‍ കുറയ്ക്കുമെന്ന് ടൊയോട്ട, ഹോണ്ട

ഇലക്ട്രിക് കാറുകളും പുതിയ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് പണം കണ്ടെത്തുന്നതിനാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നത്

ടോക്കിയോ : വരും വര്‍ഷങ്ങളില്‍ ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും പ്രഖ്യാപിച്ചു. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കും പണം കണ്ടെത്തുന്നതിനാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാഹന വ്യവസായത്തില്‍ പരമ്പരാഗത വാഹന നിര്‍മ്മാതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാക്കുന്നതാണ് മുന്‍നിര ജാപ്പനീസ് കമ്പനികളുടെ തീരുമാനം. മിച്ചം പിടിക്കുന്ന പണം പുതിയ സാങ്കേതികവിദ്യകള്‍ക്കും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കും.

കണക്റ്റഡ് കാറുകളും പുതിയ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് രാജ്യത്തെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസ്താവിച്ചു. സാധ്യമായ എല്ലാവിധത്തിലും മറ്റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ പുതിയ വെല്ലുവിളികള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഈ വര്‍ഷം ചെലവുകള്‍ കുറയ്ക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് ടൊയോട്ട ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കോജി കൊബായാഷി പറഞ്ഞു.

അതേസമയം, ഉല്‍പ്പാദന ചെലവുകള്‍ കുറച്ചുകൊണ്ടുവരുന്നതിന് മോഡലുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ജപ്പാനിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാക്കള്‍ 2025 ഓടെ വിവിധ മോഡല്‍ വേരിയന്റുകളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും. ഇതുവഴി ആഗോളതലത്തില്‍ ഉല്‍പ്പാദനച്ചെലവുകള്‍ പത്ത് ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തകാഹിരോ ഹച്ചിഗോ പറഞ്ഞു. ഇത്തരത്തില്‍ കയ്യില്‍ വരുന്ന തുക ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടും.

Comments

comments

Categories: Auto
Tags: Honda, Toyota