ടാകെഡയുടെ മരുന്ന് ഇനി നൊവാര്‍ട്ടിസിന്

ടാകെഡയുടെ മരുന്ന് ഇനി നൊവാര്‍ട്ടിസിന്

ആഗോള മരുന്നുനിര്‍മാണ രംഗത്തെ ഭീമനായ നൊവര്‍ട്ടിസ് ഏജിക്ക് കണ്ണ് ശുദ്ധീകരിക്കാനുള്ള മരുന്നിന്റെ ഓഹരികള്‍ ജാപ്പനീസ് കമ്പനി ടാകെഡ കൈമാറി. 3.4 ബില്യണ്‍ ഡോളറിനാണ് കൈമാറ്റം. ജപ്പാനിലെ ഏറ്റവും വലിയ മരുന്നു നിര്‍മ്മാതാവായ ടാകെഡ, വായ്പകള്‍ തിരിച്ചടക്കാനായി 10 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രിട്ടണിലെ ഷൈര്‍ കമ്പനിയെ ഏറ്റെടുത്തതിനെ തുടര്‍ന്നുള്ള ബാധ്യതകളാണ് ഇതിലേക്കു നയിച്ചത്. ജനുവരിയില്‍ ഈ ഏറ്റെടുക്കല്‍ സീല്‍ ചെയ്തതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ 10 മരുന്നു നിര്‍മാതാക്കളിലൊന്ന് എന്ന നിലയില്‍ നിന്ന് ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനിയെന്ന നിലയിലേക്ക് ടാകെഡ മാറിയത്. ഷൈറില്‍ നിന്നു വാങ്ങിയ എക്‌സിഡ്ര എന്ന ഐ ഡ്രോപ്പാണ് നൊവാര്‍ട്ടിസിനു കൈമാറിയത്. ഈ വര്‍ഷം പകുതിയോടെ എക്‌സിഡ്രയുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ടാകെഡയും നൊവാര്‍ട്ടിസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ എക്‌സിഡ്ര വിതരണം ചെയ്തു വന്നിരുന്നത് നൊവാര്‍ട്ടിസാണ്. കണ്ണിന്റെ നിര്‍ജലീകരണം പരിഹരിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണിത്. കണ്ണിലെ ജലാംശം നഷ്ടപ്പെടുന്നതോടെ കണ്ണില്‍ പീള കെട്ടുന്നതാണ് രോഗലക്ഷണം. ചികില്‍സിക്കാത്ത പക്ഷം നിരന്തരമായ കണ്ണ് വേദനയിലേക്ക് രോഗം മാറുന്നു. ഇത് പിന്നീട് കോര്‍ണിയയെ ബാധിക്കുകയും സ്ഥിരമായി കാഴ്ച നഷ്ടപ്പെടുന്നതിലേക്കും നയിച്ചേക്കാം. അമേരിക്കയില്‍ 34 ദശലക്ഷം പേരെ ഈ രോഗം ബാധിച്ചിട്ടുണ്ട്. എക്‌സിഡ്രയില്‍ ജോലി ചെയ്യുന്ന നാനൂറോളം ജീവനക്കാരെ ഏറ്റെടുക്കുമെന്ന് നൊവാര്‍ട്ടിസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 400 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. ഇതു കൂടാതെ തങ്ങളുടെ മറ്റൊരു ഉല്‍പ്പന്നമായ ടാച്ചോസില്‍ എന്ന ശസ്ത്രക്രിയാ പാച്ചും ടാകെഡ വില്‍ക്കുന്നുണ്ട്. യുഎസ് കമ്പനി എഥികോണിന് ഏകദേശം 400 മില്യണ്‍ ഡോളറിനാണിത് വില്‍ക്കുക. അതേസമയം, ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ടാകെഡയുടെ ഓഹരിവില ഇന്നലെ രാവിലെ 3.3 ശതമാനം ഉയര്‍ന്നു.

Comments

comments

Categories: Health
Tags: Takeda