രഘുറാം രാജന്‍ യുകെ കേന്ദ്ര ബാങ്ക് തലപ്പത്തേക്ക്

രഘുറാം രാജന്‍ യുകെ കേന്ദ്ര ബാങ്ക് തലപ്പത്തേക്ക്
  • ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് രഘുറാം രാജന് സാധ്യതയേറി
  • താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ രാജനെ പ്രേരിപ്പിക്കും
  • റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ നേര്‍വഴി നടത്തിയത് രാജന് അനുകൂലമായേക്കും

ലണ്ടന്‍: യുകെയിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് (ബിഒഇ), ഇന്ത്യക്കാരന്റെ കാല്‍ക്കീഴിലാവാന്‍ സാധ്യതയേറി. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനാണ് ബാങ്കിന്റെ തലപ്പത്തെത്താന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തി. യുകെയിലെ കേന്ദ്ര ബാങ്കിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രം സൃഷ്ടിക്കാനുള്ള അവസരം രാജനെ കാത്ത് ഒരുങ്ങുന്നെന്നാണ് അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ഗവര്‍ണറായ മാര്‍ക്ക് കാര്‍ണി, 2010 ന്റെ തുടക്കത്തിലാണ് സ്ഥാനം ഒഴിയാന്‍ പോകുന്നത്. ബിഒഇയുടെ നേതൃസ്ഥാനം വഹിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജനെ ഇതിനായി പ്രേരിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ബാങ്ക് അധികൃതര്‍ നടത്തുമെന്നാണ് സൂചന.

നിലവിലെ ജോലി വിടാന്‍ ഉദ്ദേശ്യമില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് രാജന്‍ വ്യക്തമാക്കിയിരുന്നത്. ‘ചിക്കാഗോ സര്‍വകലാശാലയില്‍ എനിക്ക് വളരെ നല്ലൊരു ജോലിയുണ്ട്. ശരിക്കും ഞാനൊരു അക്കാദമീഷ്യനാണ്, കേന്ദ്ര ബാങ്ക് പ്രൊഫഷണലല്ല. ഇപ്പോഴത്തെ സ്ഥാനത്ത് ഞാന്‍ ഏറെ സംതൃപ്തനാണ്,’ എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബിഒഇ ഗവര്‍ണര്‍ പോലെ ശക്തമായ പദവി അദ്ദേഹത്തിന് നിരസിക്കാനാവില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ കരുതുന്നത്. നിലവില്‍ ചിക്കാഗോ ബൂത്ത് ബിസിനസ് സ്‌കൂളില്‍ അധ്യാപകനാണ് രാജന്‍.

രാജന് പുറമെ ബിഒഇ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഇന്ത്യന്‍ വംശജയും മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറുമായ ശ്രിതി വദേരയുമുണ്ട്. ഖനന കമ്പനിയായ ബിഎച്ച്പി, മരുന്നു കമ്പനിയായ അസ്ട്രാസെനേക എന്നിവയുടെ ഡയറക്റ്ററായിരുന്ന വദേരക്ക് വലിയ ബിസിനസ് അനുഭവ പരിചയം കൈമുതലാണ്. ഫിനാന്‍ഷ്യല്‍ കണ്ട്ക്റ്റ് അതോറിറ്റി സിഇഒയായ ആന്‍ഡ്രു ബെയ്‌ലി, യുഎസ് ഫെഡറല്‍ റിസര്‍വ് മുന്‍ മേധാവിയായിരുന്ന ജാനറ്റ് യെലന്‍, മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ജേസണ്‍ ഫുര്‍മാന്‍, ബിഒഇ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ജോണ്‍ കണ്‍ലിഫെ, ബെന്‍ ബ്രോഡ്‌ബെന്റ്, ബിഒഇ മുഖ്യ സാമ്പത്തിക വിദഗ്ധനായ ആന്‍ഡി ഹാല്‍ഡേന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഡയറക്റ്റര്‍ നെമാത് ഷഫീക്ക്, കമ്യൂണിക്കേഷന്‍ നിയന്ത്രാതാവായ ഓഫ്‌കോമിന്റെ സിഇഒ ഷാരോണ്‍ വൈറ്റ് തുടങ്ങിയവരും ഈ സ്ഥാനത്തേക്ക് സജീവമായി പരിഗിക്കുന്നു. ഇവരെയെല്ലാം പിന്നിലാക്കിയാണ് രാജന്റെ പേര് ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു വന്നിരിക്കുന്നത്.

ആര്‍ബിഐ പ്രകടനം നേട്ടം

ഏറ്റവും വേഗം വളരുന്ന ലോക സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് രഘുറാം രാജന്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് അദ്ദേഹത്തിന് മുന്നില്‍ വമ്പന്‍ സാധ്യതകള്‍ തുറന്നിരിക്കുന്നത്. 2007-08 കാലഘട്ടത്തിലുടലെടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് 2005 ല്‍ രാജന്‍ നടത്തിയ പ്രവചനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. 2013 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള മൂന്ന് വര്‍ഷം 23 ാം ആര്‍ബിഐ ഗവര്‍ണറായിരുന്ന രാജന്‍ ബാങ്കിനെ ആത്മവിശ്വാസത്തോടെ നയിക്കുകയും നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. 2003-2006 കാലഘത്തില്‍ അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധനും ഗവേഷണ വിഭാഗം ഡയറക്റ്ററ്ുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Categories: FK News, Slider