ഗ്രാമീണരില്‍ തടി കൂടുന്നു

ഗ്രാമീണരില്‍ തടി കൂടുന്നു

പൊണ്ണത്തടി കൂടുന്നത് നഗരങ്ങളേക്കാള്‍ ഗ്രാമീണമേഖലകളില്‍ താമസിക്കുന്നവര്‍ക്കിടയില്‍

ലോകമെമ്പാടും കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാനകാരണമാണ് പൊണ്ണത്തടി. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 1990-ല്‍ ആഗോളതലത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 32 ദശലക്ഷം പേര്‍ക്കു പൊണ്ണത്തടിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍, 2025 ഓടെ ആ പ്രായത്തിലുള്ള പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം 70 മില്യണ്‍ ആയി ഉയരും. പൊതുവെ ജീവിതസൗകര്യങ്ങളും ജംഗ്ഫുഡ് ശീലവും കൂടുതല്‍ ആസ്വദിക്കുന്ന നഗരവാസികള്‍ക്കിടയിലാകും ഇതിനു സാധ്യത കൂടുതലെന്നാണു പൊതുധാരണ. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ഇടയിലാണ് അമിത വണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ പോഷകാഹാരലഭ്യതയും വ്യായാമത്തിനുള്ള ഇടങ്ങളും കൂടുതല്‍ കൈവരിക്കാനാകുന്നതിലാണിതെന്ന് ഗവേഷകര്‍ പറയുന്നു.

ആളുകളുടെ ശരീരഭാര വര്‍ധനവ് സംബന്ധിച്ച് നടത്തിയ 33 വര്‍ഷത്തെ പഠനത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടിയില്‍ പൊണ്ണത്തടി വര്‍ധിക്കുകയാണ്. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ)അടിസ്ഥാനമക്കി ലോകരാജ്യങ്ങളടക്കം 200 ഇടങ്ങളില്‍ നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ഇക്കാലയളവില്‍ ശരാശരി അഞ്ചു മുതല്‍ ആറു കിലോ വരെ ഭാരം കൂടിയതായാണു കാണാനായത്. ബിഎംഐ വര്‍ധിച്ചവരുടെ എണ്ണം ഗ്രാമങ്ങളിലാണ് കൂടുതല്‍. പുതിയ പഠനം നഗരങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്കാകും ഗ്രാമീണരേക്കാള്‍ പൊണ്ണത്തടി കൂടുതലെന്ന് ആഗോള വിശ്വാസത്തെ കടപുഴക്കുന്നുവെന്ന് പഠനത്തിനു നേതൃത്വം വഹിച്ച ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രൊഫസറായ മാജിദ് എസ്സാറ്റി പറഞ്ഞു. ഈ ആഗോള ആരോഗ്യപ്രശ്‌നം എങ്ങനെ മറികടക്കാമെന്ന് നാം പുനര്‍ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1985 നും 2017 നും ഇടയില്‍ ലോകമെമ്പാടും നിന്നുള്ള 200 ഇടങ്ങളില്‍ നിന്നുള്ള 112 മില്യണ്‍ ആളുകളുടെ പൊക്കവും തൂക്കവും സംബന്ധിച്ച വിശകലനം കണക്കിലെടുത്താണ് പഠനം നടത്തിയത്.

ആളുകളുടെ പൊക്കവും തൂക്കവും ആരോഗ്യകരമായ അനുപാതത്തിലാണോ എന്ന് സൂചിപ്പിക്കുന്ന ഒരു അന്തര്‍ദ്ദേശീയ മാനദണ്ഡമാണ് ബിഎംഐ. ഒരാളുടെ തൂക്കത്തെ ഉയരം കൊണ്ട് ഹരിച്ചാണിത് കണക്കാക്കുന്നത്. ബിഎംഐ നിരക്ക് 19നും 25നുമിടയിലാകുന്നതാണ് ആരോഗ്യകരമായി കണക്കാക്കുന്നത്. 1985 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ശരാശരി ഗ്രാമീണമേഖലയില്‍ വസിക്കുന്ന സ്ത്രീ-പരുഷന്മാരുടെ ബിഎംഐ 2.1 ഉയര്‍ന്നു. അതേസമയം, ഇക്കാലയളവില്‍ നഗരങ്ങളിലെ വളര്‍ച്ച സ്ത്രീകളില്‍ 1.3 ഉം പുരുഷന്മാരില്‍ 1.6 ഉംആയിരുന്നു. ഭൂമിശാസ്ത്രാടിസ്ഥാനത്തില്‍ ബിഎംഐയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1985 ല്‍ നഗരവാസികളുടെ ബിഎംഐ ഗ്രാമവാസികളുടേതിനേക്കാള്‍ മൂന്നിരട്ടിയിലധികം ആയിരുന്നെങ്കില്‍, 30 വര്‍ഷങ്ങള്‍ക്ക് ശേഷം പല നഗരങ്ങളിലും താമസിക്കുന്നവരുടെ ബിഎംഐ നാടകീയമായി ചുരുങ്ങിപ്പോകുകയായിരുന്നു.

നാട്ടിന്‍പുറങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കു കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുള്ള താഴ്ന്ന വരുമാനവും വിദ്യാഭ്യാസവും പോഷകാഹാരങ്ങളുടെ പരിമിതിയും കായികവിനോദത്തിനായുള്ള സൗകര്യങ്ങളുമാണിതിനു കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവേ പൊതുജനാരോഗ്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ നഗരവാസികളെ ദോഷൈകദൃക്കോടെയാണു കാണാറുള്ളതെങ്കിലും പുതിയ കണ്ടെത്തലുകള്‍ ഇതിനോടു ചില ആനുകൂല്യങ്ങള്‍ കാണിക്കുന്നുണ്ടെന്ന് എസ്സാറ്റി പറഞ്ഞു. പൊണ്ണത്തടിക്കു കാരണമായി മിക്ക ആരോഗ്യ ഗ്രൂപ്പുകളും പറയുന്ന ചില പൊതു കാര്യങ്ങളുണ്ട്. ഉയര്‍ന്ന കലോറിയും, കുറഞ്ഞ പോഷകങ്ങളുമുള്ള ആഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നതും, വേണ്ടത്ര വ്യായാമം കിട്ടാത്തതുമാണ് പ്രധാനം. ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് സ്‌ക്രീന്‍ ഉപകരണങ്ങള്‍ എന്നി കുത്തിയിരുന്നു കാണുന്നതും അമിത മരുന്ന് ഉപയോഗം, ഉറക്കമില്ലായ്മയുമെല്ലാം ഇതിനു വഴിവെക്കുന്ന കാരണങ്ങളാണ്.

മെച്ചപ്പെട്ട പോഷകാഹാരങ്ങളും കൂടുതല്‍ ശാരീരിക വ്യായാമവും വിനോദവുമടക്കം മെച്ചപ്പെട്ട ആരോഗ്യം ജനങ്ങള്‍ക്കു പ്രദാനം ചെയ്യുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സിറ്റികള്‍ നല്‍കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങള്‍ പലപ്പോഴും ഗ്രാമീണ മേഖലകളില്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് പൊണ്ണത്തടിക്കെതിരേയുള്ള ഏറ്റവും വലിയ പ്രതിരോധമാര്‍ഗ്ഗം.

Comments

comments

Categories: Health
Tags: obesity