ഡെന്‍വറില്‍ മാജിക് മഷ്‌റൂം നിയമവിധേയം

ഡെന്‍വറില്‍ മാജിക് മഷ്‌റൂം നിയമവിധേയം

മാജിക് മഷ്‌റൂം ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന അമേരിക്കയിലെ ആദ്യ നഗരമായി ഡെന്‍വര്‍ മാറി. ബുധനാഴ്ചയാണ് ഈ മയക്കുമരുന്നിന്റെ ഉപയോഗം കുറ്റവിമുക്തമാക്കുന്നതു സംബന്ധിച്ച വോട്ടിംഗ് വിജയിച്ചത്. ഇതോടെ 21 വയസ് പൂര്‍ത്തിയായ ആര്‍ക്കും മാജിക് മഷ്‌റൂം ഉപയോഗിക്കുന്നതിന് നിയമത്തെ ഭയക്കേണ്ടതില്ല. മേയ് 16 നാണ് അന്തിമഫലം പ്രഖ്യാപിക്കുന്നതെങ്കിലും മിനിഞ്ഞാന്ന് നടത്തിയ സാംപിള്‍ വോട്ടെടുപ്പില്‍ 49.44 ശതമാനത്തിനെതിരേ 50.56 ശതമാനം വോട്ടുചെയ്തിരുന്നു. നിയമം ഡെന്‍വറില്‍ മാത്രമായിരിക്കും നിയമവിധേയം. കൊളറാഡോ സ്‌റ്റേറ്റിലും ഫെഡറല്‍ നിയമത്തിന്‍കീഴിലും മാജിക് മഷ്‌റൂം നിയമവിരുദ്ധമായി തുടരും. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഇതിനെ ഹാനികരമായ മയക്കുമരുന്നുകളുടെ ഒന്നാം പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ദുരുപയോഗം നടക്കാന്‍ ഉയര്‍ന്ന സാദ്ധ്യതയുണ്ടെന്ന് ഏജന്‍സി വിശ്വസിക്കുന്നു. മാജിക് മഷ്‌റൂം നിയമപരമാക്കുന്നത് ഡെന്‍വറിന് മയക്കുമരുന്നിന്റെ ആസ്ഥാനമെന്ന ദുഷ്‌പേര് ഉണ്ടാക്കുമെന്നും ഇത് നഗരത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്നും എതിരാളികള്‍ ആരോപിക്കുന്നു. മുമ്പ് കഞ്ചാവ് കൊളറാഡോയില്‍ നിയവിധേയമാക്കിയപ്പോള്‍ ഇത്തരമൊരു ചീത്തപ്പേരു ലഭിച്ചിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്കു ലഹരിക്കായി കഞ്ചാവ് വാങ്ങുന്നതിനും കൈവശം വെക്കാനും അനുവാദം ലഭിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കൊളറാഡോ. എന്നാല്‍ ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ടെന്നാണ് അനുകൂലികള്‍ പറയുന്നത്. വിഷാദവും ഉല്‍ക്കണ്ഠയും കുറയ്ക്കാനും പുകയില, മദ്യപാനം, കറുപ്പ് എന്നിവയ്ക്കു മേലുള്ള ആസക്തി കുറയ്ക്കാനും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും ഇത് സഹായിക്കുന്നുവെന്നാണ് വാദം. നേരത്തേ ഡെന്‍വര്‍ ജില്ലാ അറ്റോര്‍ണി ബെത്ത് മക്കെയ്ന്‍ മാജിക് മഷ്‌റൂമിനെതിരായി നിലപാട് എടുത്തെങ്കിലും നിയമം വോട്ടെടുപ്പില്‍ അംഗീകരിക്കപ്പെട്ടതോടെ ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു അവലോകന പാനല്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ഡെന്‍വര്‍ സ്വദേശികള്‍ കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചു 2004ല്‍ വോട്ട് ചെയ്തിരുന്നു.

Comments

comments

Categories: Health