ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 57% കുറഞ്ഞു

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 57% കുറഞ്ഞു
  • യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ എണ്ണയുടെ ഒഴുക്ക് കുറഞ്ഞത്
  • ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തെ എണ്ണ ഇറക്കുമതിയില്‍ ഏകദേശം 57 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ എണ്ണയുടെ ഒഴുക്ക് കുറഞ്ഞത്. ഉപരോധത്തില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യുഎസ് ആറ് മാസത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതും പിന്‍വലിക്കുന്നതായാണ് യുഎസിന്റെ പുതിയ പ്രഖ്യാപനം.

നിലവിലെ സാഹചര്യത്തില്‍ ഇറാന് പകരം പുതിയ എണ്ണ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഏപ്രില്‍ മാസം പ്രതിദിനം 2,77,600 ബാരല്‍ എണ്ണയാണ് ഇന്ത്യ ടെഹ്‌റാനില്‍ നിന്നും ഇറക്കുമതി ചെയ്തത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 31.5 ശതമാനം ഇടിവാണ് എണ്ണ ഇറക്കുമതിയില്‍ ഉണ്ടായതെന്ന് എണ്ണ കമ്പനികളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ നാല് മുതലാണ് ഇറാനെതിരെ യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ചെറിയ തോതില്‍ ഇറാനിയന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ യുഎസ് അനുവദിച്ചിരുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം 3,00,000 ബാരല്‍ എണ്ണ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയെ അനുവദിച്ചിരുന്നത്. എന്നാല്‍ ഓരോ മാസവും ഇതേ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട സമ്മര്‍ദം കാരണം ഇറാനുമായുള്ള ഇടപാടുകള്‍ പ്രതിസന്ധിയിലായതാണ് ഇതിന് കാരണം.

ഏപ്രിലില്‍ ഇറാനിയന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളോട് അത് അവസാനിപ്പിക്കാന്‍ യുഎസ് ആഹ്വാനം ചെയ്തു. അല്ലെങ്കില്‍ ഉപരോധം നേരിടേണ്ടി വരുമെന്നാണ് യുഎസിന്റെ ഭീഷണി. 4 മില്യണ്‍ ബാരല്‍ അടങ്ങുന്ന രണ്ട് അസംസ്‌കൃത എണ്ണ കപ്പലുകളാണ് ഇറാനില്‍ നിന്നും ഈ മാസം ഇന്ത്യയിലേക്കെത്താനുള്ളത്. ഒന്ന് പാരാദ്വിപിലേക്കും മറ്റൊന്ന് കൊച്ചിയിലേക്കുമുള്ളതാണ്. ഏപ്രിലില്‍ തന്നെ ഇവ പുറപ്പെട്ടിരുന്നു.

യുഎസ് ഉപരോധം പ്രഖ്യാപിച്ച നവംബര്‍ മുതല്‍ തന്നെ രാജ്യത്ത് മിക്ക എണ്ണ കമ്പനികളും ഇറാനിയന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചിരുന്നു. ഉപരോധത്തില്‍ നിന്ന് ആറ് മാസത്തെ ഇളവ് അനുവദിച്ചിട്ടും പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പും ഭാരത് പെട്രോളിയം കോര്‍പ്പും ഹിന്ദുസ്ഥാന്‍ പെട്രോളിയവും മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സും മാത്രമാണ് ഇറാനിയന്‍ എണ്ണ വാങ്ങിയത്.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം 3,04,500 എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ പ്രതിദിനം 552,000 എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഏകദേശം 45 ശതമാനം ഇടിവാണ് ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഉണ്ടായത്.

Comments

comments

Categories: FK News
Tags: Iran Oil

Related Articles