വിപണി മൂല്യം 14.3 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഐഡിസി

വിപണി മൂല്യം 14.3 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഐഡിസി

നടപ്പു വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ഐടി& ബിസിനസ് സര്‍വീസസ് വിപണിയുടെ മൊത്തം മൂല്യം എട്ട് ശതമാനം വര്‍ധിച്ച് 13.1 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഐഡിസിയുടെ നിരീക്ഷണം

  • 2018ന്റെ രണ്ടാം പകുതിയില്‍ മൊത്തം വിപണിയില്‍ ഏകദേശം 76% പങ്കുവഹിച്ചത് ഐടി സേവന വിഭാഗമാണ്
  • ഐടി സര്‍വീസസ് വിപണി ഡിസംബര്‍ അവസാനത്തോടെ പത്ത് ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കും
  • 2019-2023 കാലയളവില്‍ 8.6 ശതമാനത്തിന്റെ വാര്‍ഷിക സംയോജിത വളര്‍ച്ച ഐടി സര്‍വീസസ് വിപണി രേഖപ്പെടുത്തും
  • 2023ഓടെ വിപണി മൂല്യം 14 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐടി ആന്‍ഡ് ബിസിനസ് സര്‍വീസസ് വിപണി 14.3 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. നടപ്പു വര്‍ഷം അവസാനത്തോടെ വിപണി മൂല്യം എട്ട് ശതമാനം വര്‍ധിച്ച് 13.1 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിപണി ഗവേഷണ സംരംഭമായ ഐഡിസി പറയുന്നത്.

മൊത്തം വിപണിയില്‍ 2018ന്റെ രണ്ടാം പകുതിയില്‍ ഏകദേശം 76 ശതമാനം പങ്കുവഹിച്ചത് ഐടി സേവന വിഭാഗമാണ്. ഐടി സര്‍വീസസ് വിപണി ഡിസംബര്‍ അവസാനത്തോടെ പത്ത് ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കും. പ്രതിവര്‍ഷം 9.1 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തിലുള്ളത്. ഡിജിറ്റല്‍ ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതിനും സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉയര്‍ന്ന ചെലവിടലും പുതിയ സാങ്കേതികവിദ്യകളുടെ സ്വീകാര്യത വര്‍ധിക്കുന്നതും ഐടി സര്‍വീസസ് വിപണിയുടെ വളര്‍ച്ചയെ മുന്നോട്ടുനയിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2019-2023 കാലയളവില്‍ 8.6 ശതമാനത്തിന്റെ വാര്‍ഷിക സംയോജിത വളര്‍ച്ച ഐടി സര്‍വീസസ് വിപണി രേഖപ്പെടുത്തുമെന്നാണ് ഐഡിസി കണക്കാക്കിയിട്ടുള്ളത്. 2023ഓടെ വിപണി മൂല്യം 14 ബില്യണ്‍ ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐടി ആന്‍ഡ് ബിസിനസ് സര്‍വീസസ് വിപണി പ്രതിവര്‍ഷം 8.8 ശതമാനം വളര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ 13.1 ബില്യണ്‍ ഡോളറിലെത്തും. അടുത്ത വര്‍ഷം മുതല്‍ വിപണി 8.7 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്നും 2020 ഡിസംബറോടെ 14.3 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഐടി സര്‍വീസസ് വിപണിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നത് ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്) മേഖലയും സര്‍ക്കാര്‍ പദ്ധതികളുമാണെന്ന് ഐഡിസി ഇന്ത്യ എന്റര്‍പ്രൈസ് സൊലൂഷന്‍സ് വിഭാഗം ഡയറക്റ്റര്‍ രംഗനാഥ് സദാശിവ പറഞ്ഞു. ഐടി സേവനങ്ങളുടെയും ഭാവി സാങ്കേതികവിദ്യകളുടെയും സ്വീകാര്യത വര്‍ധിക്കുമെന്ന മറ്റ് മേഖലകള്‍ മാനുഫാക്ച്ചറിംഗ്, റീട്ടെയ്ല്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയാണ്.

അടുത്ത മൂന്നോ അഞ്ചോ വര്‍ഷംകൊണ്ട് ഈ വിഭാഗങ്ങളില്‍ കൂടുതലായി നൂതന ഐടി സേവനങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചുതുടങ്ങുമെന്നാണ് ഐഡിയുടെ നിരീക്ഷണം. ഇതിനെല്ലാം പുറമെ എഐ, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്‌ചെയിന്‍, ഓട്ടോമേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ടപ്പുകളും രാജ്യത്തെ ഐടി സര്‍വീസസ് വിപണിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാളിത്തം വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Comments

comments

Categories: FK News
Tags: IDC