സാമ്പത്തിക മാന്ദ്യമോ മുന്നില്‍

സാമ്പത്തിക മാന്ദ്യമോ മുന്നില്‍

രാജ്യം സാമ്പത്തിക മുരടിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗത്തിന്റെ അഭിപ്രായത്തില്‍ കാര്യമില്ലാതില്ല. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നത് ശരികേടാണ്…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗം മുരടിപ്പിലേക്കാണ് നീങ്ങുന്നതെന്നും ബ്രസീലും ദക്ഷിണാഫ്രിക്കയും എല്ലാം അഭിമുഖീകരിച്ചതുപോലുള്ള വമ്പന്‍ പ്രതിസന്ധിയാണ് കത്തിരിക്കുന്നതെന്നും റോയ് പറയുന്നുണ്ട്. പുറമെ കാണുന്നതിലും ആഴത്തിലുള്ളതാണ് രാജ്യത്തിന്റെ ഘടനാപരമായ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ചൈനയോ സൗത്ത് കൊറിയോ ആകാനല്ല ഇന്ത്യയുടെ ഇപ്പോഴത്തെ യാത്രയെന്നും ബ്രസീലും സൗത്ത് ആഫ്രിക്കയുമാകാനാണെന്നും പറയുന്നതിലൂടെ റോയ് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ഈ നിലപാടിന് ബലം നല്‍കാന്‍ അദ്ദേഹം ഉന്നയിക്കുന്ന വാദങ്ങളിലും കുറച്ച് കഴമ്പുണ്ട്.

സ്വാകര്യ ഉപഭോഗത്തിലുണ്ടാകുന്ന തളര്‍ച്ച, സ്ഥിര നിക്ഷേപങ്ങളിലുണ്ടാകുന്ന വര്‍ധനയിലെ ഊര്‍ജമില്ലായ്മ, കയറ്റുമതിയിലെ ഇടിവ് തുടങ്ങിയ കാരണങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 1991ലെ ഉദാരവല്‍ക്കരണത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം ഉപഭോഗാടിസ്ഥാനത്തിലുള്ളതായിരുന്നു അല്ലാതെ കയറ്റുമതിയില്‍ അധിഷ്ഠിതമായിട്ടല്ലായിരുന്നുവെന്ന സുപ്രധാനമായ വാദമാണ് രതിന്‍ റോയ് ഉയര്‍ത്തിയിരിക്കുന്നത്. ഉപഭോഗ കേന്ദ്രീകൃത വളര്‍ച്ചയുടെ കാലം കഴിയുന്നതോടെ ഇന്ത്യ വലിയൊരു കെണിയിലേക്ക് വീഴുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മിഡില്‍ ഇന്‍കം ട്രാപ് (മധ്യവര്‍ഗ വരുമാനക്കെണി) എന്ന സാമ്പത്തിക ദുരവസ്ഥയിലേക്ക് രാജ്യമെത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധന്റെ മുന്നറിയിപ്പ്.

ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ പരാജയമെന്നും നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയുടെയും പരിണിതഫലമെന്നും പറഞ്ഞ് കൂട്ടിച്ചേര്‍ക്കുന്ന രാഷ്ട്രീയ സാഹസങ്ങളും മാധ്യമ വിലയിരുത്തലുകളും തീര്‍ത്തും അപക്വവും നിലവാരമില്ലാത്തതുമാണ്. ഇത്തരമൊരു കെണിയിലേക്ക് ഇന്ത്യ വീഴുകയാണെങ്കില്‍ അത് കഴിഞ്ഞ 28 വര്‍ഷമായി രാജ്യത്തെ വിവിധ സര്‍ക്കാരുകള്‍ കൈക്കൊണ്ട സാമ്പത്തിക നയങ്ങളുടെ ബാക്കിപത്രമാമാണെന്നതാണ് യാഥാര്‍ത്ഥ്യം. കയറ്റുമതിയിലും ഉല്‍പ്പാദനത്തിലും അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായി രാജ്യത്തെ മാറ്റിയെടുക്കുന്നതിന് വേണ്ട ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇന്ത്യയെ ഒരു ഉല്‍പ്പാദന ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന മോദിയുടെ വാഗ്ദാനത്തില്‍ അതുകൊണ്ടുതന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. അത് പ്രായോഗികവല്‍ക്കരിക്കാന്‍ നടത്തുന്ന നീക്കങ്ങളുടെ പോരായ്മയാണ് പ്രശ്‌നം.

പിന്നെ, പൂര്‍ണമായും സംരക്ഷണവാദ പ്രത്യയശാസ്ത്രത്തിന്റെ ചിറകിലേറി മറ്റ് രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ, സൈനിക താല്‍പ്പര്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ചൈനയായല്ല ഇന്ത്യക്ക് മാറേണ്ടതെന്ന് രതിന്‍ റോയിയെ പോലുള്ള സാമ്പത്തിക വിദഗ്ധര്‍ തിരിച്ചറിയേണ്ടതുമുണ്ട്.

ഇനി അധികാരത്തിലേറുന്നത് ഏത് സര്‍ക്കാരാണെങ്കിലും ഈ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്തുവേണം വളര്‍ച്ചാ മാര്‍ഗരേഖ തയാറാക്കേണ്ടത്. പൂര്‍ണമായും സംരക്ഷണവാദത്തില്‍ അധിഷ്ഠിതമോ വിപണി അധിനിവേശത്തിന് ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും സഹായമാകുന്ന രീതിയിലോ ആകരുത് സാമ്പത്തിക നയങ്ങള്‍ എന്ന കൃത്യമായ ബോധ്യം ഭരിക്കുന്നവര്‍ക്കുണ്ടാകണം.

Categories: Editorial, Slider