ഇന്ത്യയില്‍ സംയുക്ത സംരംഭത്തിന് ചെറി വരുന്നു

ഇന്ത്യയില്‍ സംയുക്ത സംരംഭത്തിന് ചെറി വരുന്നു

ടാറ്റ മോട്ടോഴ്‌സുമായി സഖ്യം സ്ഥാപിക്കാനാണ് ചെറി ഓട്ടോമൊബീല്‍ കമ്പനി ശ്രമിക്കുന്നത്

ന്യൂഡെല്‍ഹി : സംയുക്ത സംരംഭം ആരംഭിച്ച് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബീല്‍ കമ്പനി തയ്യാറെടുക്കുന്നു. ടാറ്റ മോട്ടോഴ്‌സുമായി സഖ്യം സ്ഥാപിക്കാനാണ് ചെറി ശ്രമിക്കുന്നത്. ഇരു വാഹന നിര്‍മ്മാതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന വാഹന വിപണിയായ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ചെറിയുടെ ലക്ഷ്യം. ചൈനയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചെറി ഓട്ടോമൊബീല്‍ കമ്പനി.

ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിത്തം സ്ഥാപിച്ചോ അല്ലാതെയോ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ശ്രമിക്കുമെന്ന് ചെറി ചെയര്‍മാന്‍ യിന്‍ ടോങ്യായോ 2017 ല്‍ പ്രസ്താവന നടത്തിയിരുന്നു. ടാറ്റ മോട്ടോഴ്‌സിനുകീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറും ചെറിയും തമ്മില്‍ 2012 മുതല്‍ ചൈനയില്‍ സംയുക്ത സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഉന്നത മാനേജ്‌മെന്റ് ഈ വര്‍ഷം ചൈനയില്‍ ഉണ്ടായിരുന്നു. ചെറിയുടെ പ്ലാന്റുകള്‍ ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ ചെറിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തും.

സംയുക്ത സംരംഭം, വില്‍പ്പന പങ്കാളിത്തം, സാങ്കേതികവിദ്യ പങ്കുവെയ്ക്കല്‍ എന്നിവയില്‍ ഏതുതരം പങ്കാളിത്തമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ചെറി ഇന്ത്യയിലെത്തുന്ന സമയത്തിലും തീരുമാനമാകാന്‍ പോകുന്നതേയുള്ളൂവെന്ന് സംഭവവികാസങ്ങള്‍ അടുത്തറിയുന്ന വ്യക്തി പറഞ്ഞു. ഇന്ത്യന്‍ വിപണി മനസ്സിലാക്കുന്നതിന് ചൈനീസ് കമ്പനിയെ ഒരു പ്രാദേശിക പങ്കാളിക്ക് സഹായിക്കാന്‍ കഴിയും. എന്നാല്‍ ഇതെല്ലാം ഊഹാപോഹം മാത്രമാണെന്നും പ്രതികരിക്കില്ലെന്നും ടാറ്റ മോട്ടോഴ്‌സ് വക്താവ് പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ സ്വന്തം നാട്ടിലെ വില്‍പ്പനയില്‍ മാന്ദ്യം അനുഭവപ്പെടുമെന്നാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. ചൈനീസ് കമ്പനിയായ സായിക് മോട്ടോര്‍ കോര്‍പ്പറേഷനു കീഴിലെ ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ ഈ മാസം 15 ന് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ മോഡല്‍ (ഹെക്ടര്‍ എസ്‌യുവി) അനാവരണം ചെയ്യും. ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ചൈനീസ് സര്‍ക്കാരിനുകീഴിലെ ചങ്ങാന്‍ ഓട്ടോമൊബീല്‍ കമ്പനിയും ഇന്ത്യയിലെ സാധ്യതകള്‍ പരിശോധിക്കുകയാണ്.

Comments

comments

Categories: Auto
Tags: Chery