വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരി ഉപയോഗിക്കാതെ ബ്രിട്ടന്‍ ഒരാഴ്ച പിന്നിട്ടു

വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരി ഉപയോഗിക്കാതെ ബ്രിട്ടന്‍ ഒരാഴ്ച പിന്നിട്ടു

ലണ്ടന്‍: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരി ഉപയോഗിക്കാതെ ബ്രിട്ടന്‍ ഒരാഴ്ച പിന്നിട്ടു. ഈ മാസം ഒന്നാം തീയതി മുതലാണു കല്‍ക്കരി ഉപയോഗിക്കുന്ന ജനററേറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബ്രിട്ടനിലെ നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപറേറ്റര്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലാന്‍ഡിലും, വെയ്ല്‍സിലും കോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപറേറ്ററാണ്. വ്യാവസായിക വിപ്ലവത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഊര്‍ജ്ജ ഉത്പാദനത്തിനുള്ള ഇന്ധനങ്ങളിലൊന്നായ കല്‍ക്കരിയെ ബ്രിട്ടന്‍ ഒഴിവാക്കുന്നത്. നാച്വറല്‍ ഗ്യാസ്, ന്യൂക്ലിയര്‍ എനര്‍ജി എന്നിവയെയാണു വൈദ്യുതി ഉത്പാദനത്തിനായി ബ്രിട്ടന്‍ പ്രധാനമായും ആശ്രയിക്കുന്നത്. അതോടൊപ്പം കാറ്റ്, സോളാര്‍, ബയോമാസ് പവറിനെയും വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കുന്നു. ബ്രിട്ടന്‍ നാച്വറല്‍ ഗ്യാസില്‍നിന്നാണ് 56.9 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. ആണവോര്‍ജ്ജത്തില്‍നിന്നും 20 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു.

കടുത്ത മലിനീകരണത്തിനു കാരണമാകുന്ന ഇന്ധനമാണു കല്‍ക്കരിയെന്നതിനാലാണു അതിനെ ഒഴിവാക്കിയത്. അതൊടൊപ്പം അന്താരാഷ്ട്ര തലത്തില്‍ കല്‍ക്കരിയുടെ വിലയിലുണ്ടായ വര്‍ധനയും ഇന്ധനമെന്ന നിലയില്‍ കല്‍ക്കരിയെ ആശ്രയിക്കുന്നതില്‍നിന്നും ബ്രിട്ടനെ പിന്തിരിപ്പിച്ചു. 2025-ാടെ കല്‍ക്കരി രഹിത ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയെന്നതാണ് ബ്രിട്ടന്റെ ലക്ഷ്യം. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരി ഉപയോഗിക്കാതെ ബ്രിട്ടന്‍ ഒരാഴ്ച പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി തെരേസ മേ ട്വീറ്റ് ചെയ്തു.

2018-ലെ ഊര്‍ജ്ജ ഉത്പാദനത്തില്‍ 27.5 ശതമാനവും കാറ്റ്, സോളാര്‍, ബയോ എനര്‍ജി, ഹൈഡ്രോ പവര്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ് അഥവാ റിന്യുവബിള്‍ എനര്‍ജിയില്‍നിന്നായിരുന്നു.

Comments

comments

Categories: World