തെക്ക്-കഴിക്കനേഷ്യ മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമാകുന്നു

തെക്ക്-കഴിക്കനേഷ്യ മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമാകുന്നു

ലോക രാഷ്ട്രങ്ങളുടെ മാലിന്യനിക്ഷേപത്തിനുള്ള ഇടമാകേണ്ടതില്ലെന്നാണു ചൈന സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം റീ സൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ലോകത്തിന്റെ പകുതി മാലിന്യം കൈകാര്യം ചെയ്തിരുന്നതു ചൈനയായിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളില്‍നിന്നും മാലിന്യം ഇറക്കുമതി ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് 2018 ജനുവരി മുതല്‍ ചൈന പുതിയ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതാകട്ടെ വികസിത രാജ്യങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കു വഴി തിരിച്ചു വിടുന്ന സാഹചര്യത്തിലേക്കും എത്തിച്ചിരിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുകയെന്നത് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ഇത്രയും കാലം ലോകത്തിന്റെ പകുതിയോളം വരുന്ന മാലിന്യം കൈകാര്യം ചെയ്തിരുന്നത് ചൈനയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവര്‍ മാലിന്യം ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടു പുതിയ നയം സ്വീകരിച്ചതോടെ ലോകം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സമീപകാലം വരെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ റീ സൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കളുടെ വലിയ ഇറക്കുമതിക്കാരായിരുന്നു ചൈന. എന്നാല്‍ 2018 ജനുവരി ആദ്യം മുതല്‍ നാഷണല്‍ സോഡ് പോളിസി പ്രകാരം (National Sword policy), റീ സൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കളുടെ ഇറക്കുമതിക്കു ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്നാണു ചൈന വിശദീകരിക്കുന്നത്. ബീജിംഗിന് ലോകത്തിന്റെ കുപ്പത്തൊട്ടിയാകാനോ, റീ സൈക്കിള്‍ ബിന്‍ ആകുവാനോ താത്പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ നയം അനുസരിച്ചു പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിരുന്ന 24 ഇനം മാലിന്യങ്ങള്‍ക്കു ചൈന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതു കാരണം, വികസിത രാഷ്ട്രങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചു തെക്കുകിഴക്കന്‍ ഏഷ്യയിലേക്കു വഴി തിരിച്ചു വിടുന്ന പ്രവണത വര്‍ധിച്ചു വരികയുമാണ്. ഇതിന്റെ അനന്തരഫലമാകട്ടെ, നാനാമുഖവുമാണ്. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 1950-ല്‍ രണ്ട് മില്യനായിരുന്നു. ഇത് 2015-ലെത്തിയപ്പോള്‍ 381 മില്യനായി ഉയര്‍ന്നു. 1950 മുതല്‍ ആഗോളതലത്തില്‍ ഉത്പാദിപ്പിച്ച പ്ലാസ്റ്റിക്, വെറും ഒന്‍പത് ശതമാനത്തോളം മാത്രമാണ് റീ സൈക്കിള്‍ ചെയ്യുന്നതെന്നും വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പഠന റിപ്പോര്‍ട്ടിലൂടെ, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഉത്തരവാദിത്തപ്പെട്ട കമ്പനികളും, പൊതുജനങ്ങളും മുമ്പ് പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നതായി കരുതപ്പെട്ടിരുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളെയും പാക്കേജിംഗുകളെയും കുറിച്ചു പുനര്‍വിശകലനം ചെയ്യാന്‍ നിര്‍ബന്ധിതരാകും.

തരം തിരിക്കാന്‍ ബുദ്ധിമുട്ടും ചെലവേറിയതുമാണു പ്ലാസ്റ്റിക്ക്. അതോടൊപ്പം പോളിവിനൈല്‍ ക്ലോറൈഡ്, ലോ ഡെന്‍സിറ്റി പോളി എഥലീന്‍, പോളിസ്റ്ററീന്‍, ബൈസ്‌ഫെനോള്‍ എ പോലുള്ള വിഷലിപ്തമായ അഡിറ്റീവുകളുമുണ്ട് (additive) പ്ലാസ്റ്റിക്കില്‍. ഈ പ്ലാസ്റ്റിക്ക് ഇപ്പോള്‍ യുഎസ്സും യൂറോപ്പും മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്ത് അയയ്ക്കുകയാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2018 ജനുവരി മുതല്‍ ചൈനയില്‍ നാഷണല്‍ സോഡ് പോളിസി നടപ്പിലാക്കിയതോടെ റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കള്‍ക്കു വളരെ കര്‍ക്കശമായ മാലിന്യ അളവുകോലും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ലോകത്തിന്റെ പകുതിയോളം വരുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം പ്രധാനമായും നിക്ഷേപിച്ചിരുന്നതു ചൈനയിലായിരുന്നു. ചൈനയിലുണ്ടായ മാനുഫാക്ച്ചറിംഗ് ബൂം ആണ് ഇതിനു കാരണമായി പറയുന്നത്. പ്ലാസ്റ്റിക്, ഓട്ടോമൊബൈല്‍ പാര്‍ട്‌സ്, പഴയ കപ്പല്‍ പൊളിക്കുമ്പോള്‍ അവശേഷിക്കുന്ന ഭാഗങ്ങള്‍, പേപ്പര്‍, സ്റ്റീള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പ്രധാനമായും ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 1992 മുതല്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 72 ശതമാനവും നിക്ഷേപിച്ചിരുന്നത് ചൈനയിലും ഹോങ്കോങിലുമായിരുന്നു. പ്രതിവര്‍ഷം 60 മില്യന്‍ ടണ്‍ മാലിന്യം വരെ ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരുന്നെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതാകട്ടെ, വലിയ തോതിലുള്ള മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളിലും നിര്‍മാണ യൂണിറ്റുകളിലും കുമിഞ്ഞകൂടാന്‍ കാരണമായി. അതിലൂടെ പരിസര മലിനീകരണമുണ്ടാവുകയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കാനാണു ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനി മുതല്‍ മാലിന്യം ഏറ്റുവാങ്ങാന്‍ തയാറല്ലെന്നും ചൈന അറിയിച്ചിരിക്കുകയാണ്.

ആഗോളതലത്തില്‍ പൊതുവേ, പ്ലാസ്റ്റിക്കുകള്‍ മണ്ണില്‍ തന്നെ കുഴിച്ചു മൂടുകയോ കത്തിച്ച് കളയുകയോ (ഇന്‍സിനറേഷന്‍) ആണു ചെയ്യുന്നത്. റീ സൈക്കിള്‍ അഥവാ പുനചംക്രമണ പ്രക്രിയയുമായി ബന്ധപ്പെട്ട ചെലവ് വളരെ കൂടുതലായതിനാലാണിത്. ഇംഗ്ലണ്ടില്‍, കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം ടണ്‍ വരുന്ന പ്ലാസ്റ്റ്ക്, ഗാര്‍ഹിക മാലിന്യങ്ങള്‍ ഇന്‍സിനറേറ്റ് ചെയ്തു അഥവാ കത്തിച്ചു കളഞ്ഞു. ഇംഗ്ലണ്ട്് ഉള്‍പ്പെടെയുള്ള യൂറോപ്പില്‍ ഇന്‍സിനറേഷന്‍ ചെയ്യുന്നത് വര്‍ധിച്ചു വരികയാണ്. യുഎസിലെ ഫിലാഡെല്‍ഫിയയില്‍ റീ സൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കള്‍ കത്തിച്ചു കളയുന്നു. ഓസ്‌ട്രേലിയയില്‍ റീ സൈക്കളിംഗ് ഇന്‍ഡസ്ട്രി പ്രതിസന്ധി നേരിടുകയാണ്. കാരണം ചൈനയിലേക്ക് അവര്‍ കയറ്റുമതി ചെയ്തിരുന്നത് 1.3 മില്യന്‍ ടണ്‍ വരുന്ന റീ സൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കളായിരുന്നു. എന്നാല്‍ ചൈന ഇത്തരം വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചതാണ് ഓസ്‌ട്രേലിയയെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയും, യുഎസും അടക്കമുള്ള വികസിത രാജ്യങ്ങള്‍ അവരുടെ മാലിന്യം നിക്ഷേപിക്കാന്‍ പുതിയ ഇടം തേടി കൊണ്ടിരിക്കുകയാണ്. ചൈന പുതിയ നയം നടപ്പിലാക്കുന്നതിനു മുമ്പും ആഗോളതലത്തില്‍ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഒന്‍പതു ശതമാനം മാത്രമായിരുന്നു റീ സൈക്കിള്‍ ചെയ്തിരുന്നത്. 12 ശതമാനം കത്തിച്ചു കളയുകയും ചെയ്തിരുന്നു. ബാക്കിയുള്ളവ മണ്ണില്‍ തന്നെ കുഴിച്ചു മൂടുകയോ തുറസായ സ്ഥലങ്ങളിലും നദികളിലും നിക്ഷേപിക്കുകയോ ചെയ്തിരുന്നു. ഇപ്പോള്‍ ചൈന മാലിന്യ വിഷയത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ, മാലിന്യപ്രശ്‌നം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മറുവശത്ത്, ഈ സാഹചര്യം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഈ സാഹചര്യം ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. അതോടൊപ്പം കൂടുതല്‍ എളുപ്പത്തില്‍ റീ സൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന തലത്തിലേക്കു തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കളെ ഇത് പ്രേരിപ്പിക്കുകയും ചെയ്യും. എല്ലാറ്റിനും പുറമേ, സിംഗിള്‍ യൂസ് പ്ലാസ്റ്റിക് അഥവാ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും ഉപയോഗവും വെട്ടിക്കുറയ്‌ക്കേണ്ടതാണെന്നു ബോധമുണര്‍ത്താനും ഈയൊരു സാഹചര്യം ഇടയാക്കുമെന്നു വിദഗ്ധര്‍ പറയുന്നു.

സമീപകാലത്തു യൂറോപ്യന്‍ പാര്‍ലമെന്റ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളെ നിരോധിക്കാന്‍ തീരുമാനമെടുത്തിരുന്നു. മാലിന്യങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചതോടെ ലോകത്തിന് അടുത്ത പതിറ്റാണ്ടില്‍, 111 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്കുകള്‍ ക്രമീകരിക്കാന്‍ അല്ലെങ്കില്‍ പ്രോസസ് ചെയ്യാനായി പുതിയ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നാണ് ബ്രൂക്ക്‌സ് ആന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയയിലെ എന്‍ജിനീയറിംഗ് പ്രഫസര്‍ ജെന്ന ജാംബെക്ക് പറയുന്നത്. നിലവില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി വികസിത രാജ്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍. ഈ രാജ്യങ്ങള്‍ക്കാകട്ടെ, ഇത്തരം മാലിന്യങ്ങള്‍ നേരേ ചൊവ്വേ റീ സൈക്കിള്‍ ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നതും പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിക്കുന്നു.

Comments

comments

Categories: Top Stories