ഫുഡ് ഡെലിവറി കമ്പനികള്‍ക്ക് ഭീഷണിയായി വാട്‌സ് ആപ്പ് കൂട്ടായ്മ

ഫുഡ് ഡെലിവറി കമ്പനികള്‍ക്ക് ഭീഷണിയായി വാട്‌സ് ആപ്പ് കൂട്ടായ്മ

ബംഗഌരു: വന്‍കിട ഫുഡ് ഡെലിവറി കമ്പനികള്‍ക്ക് വാട്‌സ് ആപ്പ് പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. ബംഗഌരു പോലുള്ള വന്‍കിട നഗരങ്ങളില്‍ ഫഌറ്റുകളില്‍ താമസിക്കുന്നവരുടെ കൂട്ടായ്മകള്‍ ഭക്ഷണം വില്‍ക്കാനും വാങ്ങുവാനും വാട്‌സ് ആപ്പിനെ ഉപയോഗിക്കുന്നതായിട്ടാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. സമീപകാലത്ത് ബംഗഌരുവില്‍ നടന്നൊരു സംഭവമാണിത്. ‘ എട്ട് പ്ലേറ്റ് പൊട്ടറ്റോ, ഓണിയന്‍ ബജി പാചകം ചെയ്യുകയാണ്. അര മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ ചെയ്യുക’ എന്നൊരു കുറിപ്പ് ഫഌറ്റുകളില്‍ താമസിക്കുന്നവരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്തു. ഉടന്‍ തന്നെ ആറ് പ്ലേറ്റിനുള്ള ഓര്‍ഡര്‍ ലഭിച്ചു. നിസാര സമയത്തിനുള്ളില്‍ ബജി ഓര്‍ഡര്‍ ചെയ്തവരുടെ സമീപമെത്തുകയും ചെയ്തു. ഇന്ന് ഇത്തരം കൂട്ടായ്മയിലൂടെ സ്‌നാക്‌സ് മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം എന്നിവ വാങ്ങുന്നതും വില്‍ക്കുന്നതും പതിവായിരിക്കുകയാണ്. വാങ്ങുന്നവരെ സംബന്ധിച്ചു നാമമാത്രമായ വിലകളില്‍ വീടുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കുന്നു. വില്‍ക്കുന്നവരെ സംബന്ധിച്ച്, അവരുടെ പാചകത്തിലുള്ള വൈദഗ്ധ്യം പ്രകടിപ്പിക്കുവാനും അതോടൊപ്പം പോക്കറ്റ് മണി ഉണ്ടാക്കുന്നതിനുമുള്ള അവസരവും ലഭിക്കുന്നു. നെയ്ബര്‍ഹുഡ് ഫുഡ് നെറ്റ്‌വര്‍ക്ക് (അയല്‍പക്കത്ത് പാചകം ചെയ്യുന്ന ഭക്ഷണം) എന്നൊരു ആശയം ഇപ്പോള്‍ ബംഗഌരു പോലുള്ള നഗരത്തില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. വീട്ടിലെ ഭക്ഷണത്തിന്റെ സ്വാദ് ലഭിക്കുമെന്നതും നാമമാത്രമായ തുക മുടക്കിയാല്‍ മതിയെന്നതുമാണ് ഇത്തരം ആശയത്തിനു നല്ല സ്വീകാര്യത ലഭിക്കാന്‍ കാരണമാകുന്നത്. പ്രഫഷണലുകള്‍ താമസിക്കുന്ന ബംഗഌരു പോലുള്ള നഗരങ്ങളില്‍ ഇത്തരം ആശയങ്ങള്‍ക്ക് നല്ല പ്രതികരണം ലഭിക്കുകയാണ്. ബംഗഌരുവില്‍ ഫുഡ് എന്നത് ഒരു പാഷനും അതോടൊപ്പം വലിയ ബിസിനസുമാണ്. ബംഗഌരുവിലെ കോരമംഗല പോലുള്ള പ്രദേശങ്ങളില്‍ പാചക വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന നിരവധി റെസ്റ്റോറന്റുകളുണ്ട്. ബംഗഌരു നഗരം സമ്പന്നമായ ഫുഡ് & ബെവറേജ്‌സ് വ്യവസായത്താലും പേരു കേട്ടതാണ്. അതിവേഗം വളരുന്ന ഇന്ത്യയുടെ ആറ് ലക്ഷം കോടി രൂപ മൂല്യമുള്ള ഫുഡ് & ബെവറേജ്‌സ് വ്യവസായത്തിലേക്കു ബംഗളുരുവിന്റെ സംഭാവന ചെറുതല്ല. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മാര്‍ക്കറ്റ് 2016-ല്‍ 300 മില്യന്‍ ഡോളറിന്റേതായിരുന്നു. ഇതില്‍ ബംഗഌരുവിന്റെ സംഭാവന 32 ശതമാനം വരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: FK News