യുഎസില്‍ പ്രസവാനുബന്ധമരണങ്ങള്‍ കൂടുന്നു

യുഎസില്‍ പ്രസവാനുബന്ധമരണങ്ങള്‍ കൂടുന്നു

ഒരു ദശകത്തിനിടെ പ്രസവത്തോടനുബന്ധിച്ചുള്ള മരണം അമേരിക്കയില്‍ വര്‍ധിച്ചു വരുകയാണ്. കറുത്ത വര്‍ഗക്കാരിലാണ് താരതമ്യേന ഇത്തരം മരണങ്ങള്‍ ഉയരുന്നത്

യുഎസ് വനിതകള്‍ക്കിടയില്‍ പ്രസവത്തോടനുബന്ധിച്ചുള്ള മരണം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലധികം മരണങ്ങളും തടയാന്‍ കഴിയുമായിരുന്നവയാണെന്ന് സര്‍ക്കാര്‍ വകുപ്പിലെ ആരോഗ്യവിദഗ്ധര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. പ്രസവാനുബന്ധമരണങ്ങള്‍, വര്‍ഷത്തില്‍ ഏകദേശം 700 സ്ത്രീകള്‍ എന്ന നിലയില്‍ വളരെ അപൂര്‍വമാണെങ്കിലും, പതിറ്റാണ്ടുകളായി ഇതിന്റെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കറുത്തവര്‍ഗ്ഗക്കാരിലാണിതു കൂടുതല്‍ സംഭവിക്കുന്നതെന്നതും ശ്രദ്ധയര്‍ഹിക്കുന്നു.

ഇന്ന് ഒരു അമ്മയാകാന്‍ പോകുന്ന വ്യക്തി പ്രസവത്തോടു കൂടി മരിക്കാനുള്ള സാധ്യത മുന്‍കാലങ്ങളേക്കാള്‍ 50ശതമാനം കൂടുതലാണെന്ന് ഡോ. നീല്‍ ഷാ പറയുന്നു. പ്രസവാനന്തരമുള്ള 12 ആഴ്ചകള്‍ക്കു ശേഷം സ്ത്രീകളില്‍ ഹൃദ്രോഗബാധയ്ക്കുള്ള സാധ്യത ഉണ്ടാകാറുണ്ടെന്ന് അമേരിക്കന്‍ കോളെജ് ഓഫ് ഒബ്‌സ്‌റ്റെട്രീഷ്യന്‍ ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് വ്യക്തമാക്കുന്നു. 40 ശതമാനം സ്ത്രീകളും അതില്‍ നിന്നു മുക്തി പ്രാപിക്കാറില്ല.

മുമ്പ് രക്തസ്രാവവും അണുബാധയുമാണ് പ്രസവവുമായി ബന്ധപ്പെട്ട മിക്കവാറും മരണങ്ങള്‍ക്കും കാരണമെങ്കില്‍ ഇന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളായി മാറിയിട്ടുണ്ട്. ഗര്‍ഭധാരണം യഥാര്‍ത്ഥത്തില്‍ ഒരു സമ്മര്‍ദ്ദപരീക്ഷണം (സ്‌ട്രെസ്സ് ടെസ്റ്റ്) ആണെന്നു ഡോ. ജെയിംസ് മാര്‍ട്ടിന്‍ പറയുന്നു. കാരണം അമ്മയ്‌ക്കൊപ്പം കുഞ്ഞിനു വേണ്ടിക്കൂടി ഹൃദയത്തിന് അധികമായി രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. മുമ്പ് ഇത് അറിയാന്‍ കഴിഞ്ഞിരുന്നില്ല.

ഗര്‍ഭധാരണത്തെത്തുടര്‍ന്നുണ്ടാകാറുള്ള മരണങ്ങളില്‍ മൂന്നിലൊന്നും നടക്കുന്നത് പ്രസവത്തിന് ഒരാഴ്ചയ്ക്കു ശേഷവും ബാക്കിയുള്ളവ ഒരു വര്‍ഷത്തിനു ശേഷവുമാണെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം ആഗോളതലത്തില്‍, 1990 നും 2015 നും ഇടയില്‍ അമ്മമാരുടെ മരണനിരക്ക് 44% കുറഞ്ഞു. പക്ഷേ, യുഎസില്‍ ഇത് ഉയര്‍ന്ന നിലയിലാണ്. പ്രതിവര്‍ഷം ഒരുലക്ഷം പ്രസവങ്ങളെടുത്താല്‍ 17 അമ്മമാര്‍ മരിക്കുന്നു. 25 വര്‍ഷം മുമ്പ് ഒരു ലക്ഷം പേരില്‍ 12 പേര്‍ മാത്രം മരിച്ചിരുന്ന സ്ഥാനത്താണിത്.

യുഎസിലെ ഉയര്‍ന്ന സിസേറിയന്‍ നിരക്കുകളും ഉയരുന്ന പൊണ്ണത്തടിയും ഹൃദ്രോഗം, പ്രമേഹം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയിലേക്ക് വഴിതെളിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളാണ്. രാജ്യത്തെ കറുത്ത വര്‍ഗക്കാരികള്‍ക്കിടയില്‍ ഗര്‍ഭധാരണത്തെ തുടര്‍ന്നു മരിക്കാനുള്ള സാധ്യത ഏതാണ്ട് മൂന്ന് മടങ്ങ് വരും. വര്‍ണവിവേചനത്തിന് ഇതില്‍ കാര്യമായ പങ്കുണ്ട്, ഇക്കാരണം കൊണ്ട് ഇവര്‍ക്ക് മതിയായ വൈദ്യപരിചരണം കിട്ടാറില്ല. പുറമെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള അപകട സാധ്യതകള്‍ ഡോക്റ്റര്‍മാര്‍ മനസിലാക്കാതെ പോകുന്നതും മറ്റും പ്രധാന കാരണങ്ങളാണെന്ന് ഡോ. ലിസ ഹോലിയര്‍ പറയുന്നു.

2011നും 2015നുമിടയില്‍ 3,000 ഗര്‍ഭാനുബന്ധ മരണങ്ങള്‍ ഉണ്ടായതായി സിഡിസി പരിശോധനയില്‍ തെളിഞ്ഞു. 13 സംസ്ഥാനങ്ങളില്‍ ഉണ്ടായ 250 മരണങ്ങളെക്കുറിച്ച് ഗവേഷകര്‍ അന്വേഷണം നടത്തി. ഇതില്‍ നിന്ന് 60% മരണങ്ങളും തടയാന്‍ കഴിയുമായിരുന്നുവെന്നാണ് മനസിലാക്കാനായത്. ഡോക്റ്റര്‍മാരുടെ തെറ്റുകള്‍ മുതല്‍ ഗര്‍ഭിണികളുടെ പോഷകഹാരക്കുറവും പാര്‍പ്പിടം ലഭ്യമാക്കലും പോലുമുള്ള പരിഹരിക്കാനാകുന്ന പ്രശ്‌നങ്ങളാണ് മരണത്തിനിടയാക്കുന്നത്.

ഗര്‍ഭകാലപരിചരണത്തില്‍ ഉണ്ടായിരിക്കുന്ന പുതിയ സാഹചര്യത്തെപ്പറ്റി ഡോക്റ്റര്‍മാരെയും രോഗികളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. രാജ്യത്തൊട്ടാകെ ആരോഗ്യ പരിരക്ഷ വികസിപ്പിക്കണം. ഇത് പ്രസവത്തിനു ശേഷം ഒരു വര്‍ഷത്തേക്ക് എല്ലാ അമ്മമാര്‍ക്കും പരിരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health