സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ റഷ്യ

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ റഷ്യ

ഇന്റര്‍നെറ്റിലെ ഇന്‍ഫര്‍മേഷനുകളുടെ പ്രവാഹം നിരീക്ഷിക്കുകയെന്നതാണ് ഇന്ന് ഏകാധിപത്യ ഭരണകൂടങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചൈന ഇക്കാര്യത്തില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ദ ഗ്രേറ്റ് ഫയര്‍വാള്‍ ഓഫ് ചൈന എന്ന വമ്പന്‍ സെന്‍സര്‍ഷിപ്പ് ശൃംഖലയിലൂടെ ചൈന ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നു. സമാനമായൊരു സംവിധാനവുമായി രംഗത്തു വരാന്‍ തയാറെടുക്കുകയാണ് റഷ്യ.

മേയ് മാസം ഒന്നാം തീയതി റഷ്യയുടെ ഇന്റര്‍നെറ്റ് പരമാധികാരത്തെ (internet sovereignty) നിയമമാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഒപ്പുവച്ചതോടെ സ്വന്തമായ, സ്വതന്ത്രമായ ഇന്റര്‍നെറ്റ് രൂപീകരിക്കാനുള്ള റഷ്യയുടെ ശ്രമം ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ദേശീയ നെറ്റ്‌വര്‍ക്കിനു രൂപം കൊടുക്കാന്‍ പ്രാപ്തമാക്കുന്നതാണു പുതിയ ബില്‍. sovereign internet bill എന്നാണ് ബില്ലിന്റെ പേര്. റഷ്യയുടെ ദേശീയ നെറ്റ്‌വര്‍ക്ക് സ്ഥാപിതമാകുമ്പോള്‍ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ശൃംഖലയെ (www) റഷ്യ ഒഴിവാക്കും. അതോടെ റഷ്യന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനു പുറത്തുള്ളവരുമായി ഇന്റര്‍നെറ്റിലൂടെ സംവദിക്കാനും സാധിക്കില്ല. അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ശൃംഖലയിലൂടെ വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യ പറയുന്നു. നാഷണല്‍ നെറ്റ്‌വര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനായി ബദല്‍ ഡൊമൈന്‍ നെയിം സിസ്റ്റം (DNS) റഷ്യ സ്ഥാപിക്കുകയും ചെയ്യും. ഈ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ റഷ്യയുടെ ദേശീയ നെറ്റ്‌വര്‍ക്ക് നിലവില്‍ വരുമെന്നാണു കരുതുന്നത്. വര്‍ഷങ്ങളായി ആഗോള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെ റഷ്യ വീക്ഷിച്ചിരുന്നത് അപകടകരമായ ഒന്നായിട്ടാണ്. ആഗോള കണക്റ്റിവിറ്റിയില്‍ നിന്നും റഷ്യയെ മോചിപ്പിക്കുമെന്നും പുടിന്‍ നേരത്തേ അറിയിച്ചിരുന്നു. ‘ പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുഴുവന്‍ സമയവും ഓണ്‍ലൈനിലാണ്. ഇന്റര്‍നെറ്റ് അവരുടെ സൃഷ്ടിയാണ്. നമ്മള്‍ പറയുന്നതെല്ലാം അവര്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. മാത്രമല്ല അവര്‍ സുരക്ഷാസംബന്ധിയായ വിവരം ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്ന് ‘ഒരിക്കല്‍ ടിവി അഭിമുഖത്തില്‍ പുടിന്‍ പറയുകയുണ്ടായി. അതു കൊണ്ട് ആരെയും ആശ്രയിക്കാത്തൊരു ഇന്റര്‍നെറ്റ് വിഭാഗത്തെ റഷ്യയ്ക്ക് സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം ഇന്റര്‍നെറ്റ് എന്ന ആശയവുമായി റഷ്യ മുന്നേറുന്നത്. സ്വന്തം ഇന്റര്‍നെറ്റ് രൂപീകരിക്കുന്നതോടെ റഷ്യന്‍ ഭരണകൂടത്തിന് അവരുടെ സ്വന്തം പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സെന്‍സര്‍ ചെയ്യാനുമുള്ള ശക്തമായ അധികാരമായിരിക്കും ലഭിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ റഷ്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ബന്ധം ബാഹ്യ സ്രോതസുകളില്‍നിന്നും വിച്ഛേദിക്കാനും ഭരണകൂടത്തിന് ഇതിലൂടെ സാധിക്കും. അതേസമയം, റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ ബില്ലിനെ എതിര്‍ത്തു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാനായി പുടിന്‍ ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്ന പുതിയ ബില്‍, ചൈനയുടെ ഗ്രേറ്റ് ഫയര്‍വാളുമായി ഏറെക്കുറെ സാമ്യമുള്ളതാണ്. ചൈനീസ് ഭരണകൂടത്തിന്റെ വമ്പന്‍ സെന്‍സര്‍ഷിപ്പ് ശൃംഖലയാണ് ദ ഗ്രേറ്റ് ഫയര്‍വാള്‍ ഓഫ് ചൈന. ഇന്റര്‍നെറ്റില്‍ ഇന്‍ഫര്‍മേഷനുകളുടെ പ്രവാഹം നിരീക്ഷിക്കുകയും രാജ്യത്തെ വ്യവസ്ഥാപിതമായ രീതികള്‍ക്കെതിരായി ഇന്റര്‍നെറ്റില്‍ വര്‍ത്തിക്കുന്ന എന്തിനെയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്ന സംവിധാനമാണു ഗ്രേറ്റ് ഫയര്‍വാള്‍. ചൈനയില്‍, ആഭ്യന്തരതലത്തില്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നത് ഗ്രേറ്റ് ഫയര്‍വാളാണ്. ചൈനീസ് മാതൃകയില്‍ റഷ്യയും ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് പക്ഷേ എത്രത്തോളം വിജയിക്കുമെന്നാണു ചോദ്യം. കാരണം ചൈന ഇന്റര്‍നെറ്റിനെ വികസിപ്പിച്ചെടുത്തത്, വിദേശ കണ്ടന്റുകളെ നിയന്ത്രിച്ചു കൊണ്ടായിരുന്നു. അതോടൊപ്പം ഗൂഗിളിനും, ഫേസ്ബുക്കിനും, ട്വിറ്ററിനും സമാനമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ചൈനീസ് കമ്പനികളുമുണ്ടായിരുന്നു. പേയ്‌മെന്റ് സംവിധാനമാകട്ടെ, സോഷ്യല്‍ മീഡിയാകട്ടെ, ചൈനയ്ക്കു സ്വന്തമായി ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികളുണ്ട്. അതു കൊണ്ടു തന്നെ ഫേസ്ബുക്കിനെയും ഗൂഗിളിനെയും ട്വിറ്ററിനെയും നിരോധിക്കാന്‍ ചൈനയ്ക്ക് എളുപ്പം സാധിച്ചു. എന്നാല്‍ റഷ്യയില്‍ ഇതല്ല അവസ്ഥ. പാശ്ചാത്യ സമൂഹത്തിലേക്കു വിവരങ്ങളുടെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്ന തരത്തിലാണ് റഷ്യ ഇതു വരെ ഇന്റര്‍നെറ്റില്‍ ഇടപെടല്‍ നടത്തിയിരുന്നത്. റഷ്യ പാശ്ചാത്യരുള്‍പ്പെടെയുള്ള സമൂഹവുമായി വലിയ തോതില്‍ ഇന്റര്‍നെറ്റില്‍ ആശയവിനിമയം നടത്തി വരികയും ചെയ്യുന്നു. ഇത് പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധ്യവുമല്ല. ട്വിറ്ററിനു പകരം വയ്ക്കാന്‍ ചൈനയ്ക്ക് വെയ്‌ബോയുണ്ട്. ഗൂഗിളിനു പകരം വയ്ക്കാന്‍ ബെയ്ഡുവുണ്ട്. വാട്‌സ് ആപ്പിനും ഫേസ്ബുക്കിനും പകരം വയ്ക്കാന്‍ അവര്‍ക്ക് വീ ചാറ്റുമുണ്ട്. പക്ഷേ, റഷ്യയ്ക്ക് അതില്ല. ഇവിടെയാണു റഷ്യയും

ചൈനയും തമ്മിലുള്ള വ്യത്യാസം. റോസ്‌കോം നാഡ്‌സര്‍ (Roskomnadzor) എന്ന ഏജന്‍സിക്കാണ് റഷ്യയില്‍ മാധ്യമങ്ങളെയും ടെലികമ്മ്യൂണിക്കേഷനുകളെയും സെന്‍സര്‍ ചെയ്യാന്‍ അധികാരമുള്ളത്. ഇവര്‍ക്കാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഫില്‍ട്ടര്‍ ചെയ്യാനുള്ള അധികാരം. എന്നാല്‍ റോസ്‌കോം നാഡ്‌സറെ കുറിച്ച് നിരവധി അക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. റഷ്യയില്‍ ടെലഗ്രാം എന്ന മെസേജിംഗ് സര്‍വീസ് ബ്ലോക്ക് ചെയ്യുന്നതില്‍ പരാജയപ്പെട്ട റോസ്‌കോം നാഡ്‌സര്‍ എങ്ങനെയാണു പുതിയ ഇന്റര്‍നെറ്റ് നിയമം നടപ്പിലാക്കുകയെന്നാണു ചോദ്യം ഉയര്‍ന്നിരിക്കുന്നത്.

ബ്ലാക്ക് ബോക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യണം

ഒരു കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് വഴി അയയ്ക്കുന്ന ഡാറ്റ വിശദമായി പരിശോധിക്കുന്ന ഒരു തരം ഡാറ്റാ പ്രോസസ്സിംഗ് രീതിയാണു ഡീപ് പാക്കറ്റ് പരിശോധന (deep packet inspection). രഹസ്യം ചോര്‍ന്നത് തിരിച്ചറിയുന്നതിനും ഒരു തൊഴിലാളി ഏതൊക്കെ വെബ്‌സൈറ്റുകളാണു നിരീക്ഷിക്കുന്നതെന്നും അറിയുന്നതിനു ബിസിനസില്‍ ഡീപ് പാക്കറ്റ് ഇന്‍സ്‌പെക്ഷന്‍ (ഡിപിഐ) ടെക്‌നോളജി ഉപയോഗിക്കാറുണ്ട്. ഡിപിഐ ഉപകരണങ്ങള്‍ അറിയപ്പെടുന്നത് ബ്ലാക്ക് ബോക്‌സസ് എന്നാണ്. ഇവ ഇന്റര്‍നെറ്റ് സേവനദാതാവിന്റെ നെറ്റ്‌വര്‍ക്കിന്റെ അറ്റത്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു. നെറ്റ്‌വര്‍ക്കിന്റെ പുറത്തേക്കോ അകത്തേയ്‌ക്കോ പ്രവേശിക്കുന്നതോ ആയ എല്ലാ ട്രാഫിക്കും ബ്ലാക്ക് ബോക്‌സ് വഴിയാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ ഒരാളുടെ ഇന്റര്‍നെറ്റ് നിരീക്ഷിക്കാനും അത് നിയന്ത്രിക്കാനും സാധിക്കുന്നു. റഷ്യയില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പുതിയ ബില്ലില്‍ പരാമര്‍ശിക്കുന്നത്, എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളും അവരുടെ ശൃംഖലയില്‍ ഡിപിഐ ഉപകരണമായ ബ്ലാക്ക് ബോക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ്.

പദ്ധതിക്ക് ചെലവേറും

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന ആശയം നടപ്പിലാക്കാനൊരുങ്ങുന്ന റഷ്യയ്ക്ക് ചുരുങ്ങിയത് 300 മില്യനിലധികം ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്നാണു വിദഗ്ധര്‍ പറയുന്നത്. ചെലവിന്റെ പകുതി ബജറ്റ് വിഹിതത്തില്‍നിന്നും ലഭിക്കും. ബാക്കി പകുതി ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍നിന്നും ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ നിയമം വരുന്നതോടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ചെലവ് ഉയരുമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

റഷ്യന്‍ ഇന്റര്‍നെറ്റിന്റെ ഹൃദയം

ഇന്ന് റഷ്യയുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ പകുതിയും സഞ്ചരിക്കുന്നത്, മോസ്‌കോയിലുള്ള MSK-IX എന്ന എക്‌സ്‌ചേഞ്ച് പോയ്ന്റിലൂടെയാണ്. 19 നില കെട്ടിടമാണിത്. ഇതാണ് റഷ്യന്‍ ഇന്റര്‍നെറ്റിന്റെ ഹൃദയം. ഈ കെട്ടിടത്തില്‍ റഷ്യയുടെ സെക്യൂരിറ്റി സര്‍വീസായ എഫ്എസ്ബിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള ഇന്റര്‍നെറ്റില്‍നിന്നും ബന്ധം വിച്ഛേദിക്കാന്‍ റഷ്യയ്ക്ക് ആദ്യം ചെയ്യേണ്ടി വരുന്നത് MSK-IX യുടെ നേതൃത്വത്തിലുള്ള എക്‌സ്‌ചേഞ്ച് പോയ്ന്റുകളിലൂടെ എല്ലാ ഇന്റര്‍നെറ്റ് ട്രാഫിക്കും തിരിച്ചുവിടുകയെന്നതായിരിക്കും. പിന്നീട്, ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഡിഎന്‍എസിന്റെ പ്രോക്‌സി പതിപ്പുകള്‍ സ്ഥാപിക്കുകയെന്നതുമായിരിക്കും. ഡിഎന്‍എസിന്റെ (ഡൊമെയ്ന്‍ നെയിം സിസ്റ്റം) പ്രോക്‌സി പതിപ്പുകള്‍ സൃഷ്ടിക്കുകയെന്നതു വളരെ ചെലവേറിയ ഒരു കാര്യമാണ്. (ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവര സ്രോതസ്സുകളെ എളുപ്പത്തില്‍ കണ്ടെത്താനുള്ള മേല്‍വിലാസങ്ങളാണു ഡൊമെയ്ന്‍ നെയിമുകള്‍. സംഖ്യകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതും അസ്ഥിരങ്ങളുമായ ഐ.പി.വിലാസങ്ങളെ (IP address) മനുഷ്യര്‍ക്കു കൈകാര്യം ചെയ്യുവാനും ഓര്‍ത്തു വയ്ക്കുവാനും എളുപ്പവും ലളിതവുമായ സ്ഥിരനാമങ്ങള്‍ (ഡൊമൈന്‍ നെയിമുകള്‍) ആക്കി പരിവര്‍ത്തനം ചെയ്യുന്ന സുപ്രധാന ധര്‍മ്മം നിര്‍വഹിക്കുന്നത് ഡിഎന്‍എസ് ആണ്). ഇതിനു ശേഷം റഷ്യയില്‍നിന്നുമുള്ള സെര്‍വറുകളിലേക്ക് ആക്‌സസ് ചെയ്യുന്നത് നിയന്ത്രിക്കാനും കഴിയും.

Comments

comments

Categories: Top Stories