വീണ്ടും നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയാര്‍

വീണ്ടും നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയാര്‍
  • 2019 ലെ മൂന്നാമത്തെ റിപ്പോ നിരക്കിളവ് ആര്‍ബിഐ ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ചേക്കും
  • ഈ വര്‍ഷം ഇനി പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കില്ലെന്ന് സൂചന
  • പണപ്പെരുപ്പവും ധനക്കമ്മിയും ഉയരുന്നതിന് മുന്‍പ് നിരക്കിളവുകള്‍ നടപ്പാക്കാന്‍ ശ്രമം
  • ഫെബ്രുവരിയിലും ഏപ്രിലിലും കേന്ദ്ര ബാങ്ക് നിരക്കിളവുകള്‍ പ്രഖ്യാപിച്ചിരുന്നു

ന്യൂഡെല്‍ഹി: അടുത്തമാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വീണ്ടും നിരക്കുകള്‍ കുറച്ചേക്കുമെന്ന് ആഗോള വിവരദാതാക്കളായ ഐഎച്ച്എസ് മാര്‍ക്കിറ്റ്. പണപ്പെരുപ്പവും ധനക്കമ്മിയും വര്‍ധിക്കുന്നതിന് മുന്‍പ് നിരക്കുകള്‍ വെട്ടിക്കുറച്ച് പരമാവധി നേട്ടം സമ്പദ് വ്യവസ്ഥക്കും വായ്പാ വിപണിക്കും ഉണ്ടാക്കുകയാണ് ലക്ഷ്യം. ജൂണിന് ശേഷം പണപ്പെരുപ്പം മൂലമുള്ള സമ്മര്‍ദ്ദമടക്കം പ്രതികൂല സാഹചര്യങ്ങള്‍ ബാധിക്കാനിടയുണ്ടെന്നതിനാല്‍ നടപ്പ് വര്‍ഷം പിന്നീട് പലിശ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ജൂണിലേത് ഈ വര്‍ഷത്തെ അവസാന നിരക്കിളവായിരിക്കും. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെബ്രുവരിയിലും ഏപ്രിലിലും ചേര്‍ന്ന യോഗങ്ങളില്‍ പലിശ നിരക്കുകള്‍ 25 അടിസ്ഥാന പോയന്റുകള്‍ വീതം കേന്ദ്ര ബാങ്ക് വെട്ടിക്കുറച്ചിരുന്നു.

2020 ന്റെ തുടക്കത്തിലും മധ്യകാലത്തും ധന നയ നിലപാട് ആര്‍ബിഐ ശക്തമാക്കുമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് അനുമാനിക്കുന്നു. ”ആഭ്യന്തര, ആഗോള വളര്‍ച്ച മാന്ദ്യത്തിലാവുകയും രാജ്യത്തെ പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യത്തിന് താഴെ നില്‍ക്കുന്നതും മൂലമാണ് കേന്ദ്ര ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കല്‍ നടപടി സ്വീകരിക്കുക”, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോള തലത്തിലുണ്ടായ സാമ്പത്തിക പിരിമുറുക്കവും മിതവ്യയ നടപടികളും താല്‍ക്കാലികമായെങ്കിലും ദൃശ്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2017 ല്‍ ആഗോള വളര്‍ച്ചയിലുണ്ടായ ത്വരിതപ്പെടലല്‍ മൂലം ചില സുപ്രധാന കേന്ദ്ര ബാങ്കുകള്‍ ധന നയം ശക്തമാക്കി. യുഎസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മെക്‌സിക്കോ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളും
ഈ പ്രവണത പിന്തുടര്‍ന്നു.

2018 ന്റെ ആദ്യ പകുതിയില്‍ വളര്‍ച്ച ശക്തമായതോടെ നയം ദൃഢമാക്കല്‍ തുടര്‍ന്നു. എന്നാല്‍ വ്യാപാര യുദ്ധവും നിര്‍മാണ രംഗത്തെ ആഗോള സാമ്പത്തിക മാന്ദ്യവും മൂലം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വളര്‍ച്ച ദുര്‍ബലമാവുകയായിരുന്നു. പണപ്പെരുപ്പം ഉയരുന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാവാഞ്ഞതിനാല്‍ കേന്ദ്ര ബാങ്കുകള്‍ അതിനനുസരിച്ച് പ്രതികരിച്ചു. ഫെഡ് റിസര്‍വും, യൂറോപ്യന്‍ കേന്ദ്ര ബാങ്കുമെല്ലാം ഇതിനനുസരിച്ച് നടപടികള്‍ സ്വീകരിച്ചെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ചില സാഹചര്യങ്ങളില്‍ ഇളവ് നല്‍കുന്നത് വളര്‍ച്ചയെ സുസ്ഥിരമാക്കാനും വളര്‍ച്ചാ മാന്ദ്യത്തെ പരമിതപ്പെടുത്താനും സഹായിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാല പലിശനിരക്കുകള്‍ ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ബോണ്ടുകളുടെ വാങ്ങല്‍ അവസാനിപ്പിച്ച് ബാങ്കുകള്‍ക്കായി കൂടുതല്‍ ദീര്‍ഘകാല വായ്പകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടനെയൊന്നും നിരക്ക് വര്‍ധന ഉണ്ടാവില്ലന്ന സൂചനയാണ് ഇത് നല്‍കുന്നത്. ചൈനയിലെ പീപ്പിള്‍്‌സ് ബാങ്കും ആര്‍ബിഐയും കൂടുതല്‍ അയഞ്ഞ സമീപനം കാണിക്കാനാരെഭിച്ചെന്നും വിലയിരുത്തപ്പെടുന്നു.

പണപ്പെരുപ്പം 5% കടന്നേക്കും

2019 ന്റെ ആദ്യ പാദത്തിലെ ധന നയ ഉദാരത, വായ്പാ ചട്ടങ്ങളിലെ ഇളവ്, തെരഞ്ഞെടുപ്പ് മൂലമുണ്ടായ സാമ്പത്തിക ചെലവിടല്‍ എന്നിവ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിക്ക് വളര്‍ച്ചാ പിന്തുണ നല്‍കിയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് പറയുന്നു. വരും മാസങ്ങളില്‍ ഭക്ഷണ, ഇന്ധന വിലകള്‍ ത്വരിതപ്പെടും, പ്രത്യേകിച്ച് സാധാരണയിലും താഴെയായ മണ്‍സൂണ്‍ മൂലം. 2019 ന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പം അഞ്ച് ശതമാനം കടക്കും. 2019 ല്‍ ശരാശരി പണപ്പെരുപ്പം 4.2 ശതമാനവും, 2020ല്‍ 5.3 ശതമാനവുമായിരിക്കും.

Categories: FK News, Slider
Tags: RBI