പ്രകൃതി സ്‌നേഹം: 79-കാരിയായ അധ്യാപിക ജീവിതം നയിക്കുന്നത് ഇലക്ട്രിസിറ്റി ഒഴിവാക്കി

പ്രകൃതി സ്‌നേഹം: 79-കാരിയായ അധ്യാപിക ജീവിതം നയിക്കുന്നത് ഇലക്ട്രിസിറ്റി ഒഴിവാക്കി

പുനെ: അനുദിന ജീവിതത്തില്‍ ഇലക്ട്രിസിറ്റിയുടെ ഉപയോഗമില്ലാതെ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും കഴിയാന്‍ സാധിക്കില്ലെന്നത് ഉറപ്പാണ്. എന്നാല്‍ ഡോ. ഹേമ സാനേ ഇക്കാലമത്രയും കഴിഞ്ഞത് ഇലക്ട്രിസിറ്റി ഒഴിവാക്കി കൊണ്ടാണ്. പുനെയിലെ ഗാര്‍വേര്‍ കോളേജില്‍നിന്നും അധ്യാപികയായി വിരമിച്ച ഹേമ, പുനെയിലെ ബുധവാര്‍പേട്ടിലുള്ള അവരുടെ വീട്ടില്‍ ഇതുവരെ കറന്റ് കണക്ഷന്‍ എടുത്തിട്ടില്ല. കാരണം പ്രകൃതി സ്‌നേഹം. 79-കാരിയായ ഹേമ, സാവിത്രി ഭായ് ഫുലേ പുനെ യൂണിവേഴ്‌സിറ്റിയില്‍നിന്നും ബോട്ടണിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ‘ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് മനുഷ്യന്റെ പ്രാഥമിക ആവശ്യം. ഒരുകാലത്ത്, കറന്റ് ഇല്ലായിരുന്നു. പിന്നീടാണ് വൈദ്യതിയെത്തിയത്. അത് ഇല്ലാതെ കഴിയാന്‍ അറിയാമെന്നും’ ഹേമ പറയുന്നു. പട്ടി, രണ്ട് പൂച്ചകള്‍, നിരവധി പക്ഷികള്‍, കീരി എന്നിവയെ വീട്ടില്‍ വളര്‍ത്തുന്നുണ്ട് ഡോ. ഹേമ. ബോട്ടണി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഡോ. ഹേമ. സമയം ലഭിക്കുമ്പോഴൊക്ക പുതിയ പുസ്തകത്തിന്റെ രചനയിലേര്‍പ്പെടുകയും ചെയ്യാറുണ്ട്. പരിസ്ഥിതിയെ കുറിച്ച് അവഗാഹമുള്ളതിനാല്‍ ഭൂരിഭാഗം പക്ഷികളുടെയും മരങ്ങളുടെയും പേരും വിവരങ്ങളും ഹേമയ്ക്കു മനപാഠമാണ്. വൈദ്യുതി ഉപയോഗിക്കാതെ ജീവിതം നയിക്കുന്ന ഹേമയെ ചിലര്‍ വട്ടാണെന്നു വിളിച്ചു പരിഹസിക്കാറുണ്ടെങ്കിലും ‘ജീവിതത്തില്‍ നിങ്ങള്‍ക്കു സ്വന്തം പാത കണ്ടെത്തേണ്ടതുണ്ടെന്ന’ ഭഗവാന്‍ ബുദ്ധന്റെ ഉദ്ധരണിയാണ് അവര്‍ക്കുള്ള ഹേമയുടെ മറുപടി. വൈദ്യുതി ഉപയോഗിക്കാതെ എങ്ങനെ ജീവിക്കുന്നു എന്നു ചോദിക്കുന്നവരോട് ഹേമ തിരിച്ചു ചോദിക്കുന്നത് നിങ്ങള്‍ എങ്ങനെയാണു വൈദ്യുതി ഉപയോഗിച്ചു ജീവിക്കുന്നതെന്നാണ്.

Comments

comments

Categories: FK News