കിയ എസ്പി എസ്‌യുവി ജൂണ്‍ 20 ന് അനാവരണം ചെയ്യും

കിയ എസ്പി എസ്‌യുവി ജൂണ്‍ 20 ന് അനാവരണം ചെയ്യും

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍

ന്യൂഡെല്‍ഹി : കിയ എസ്പി എസ്‌യുവി ജൂണ്‍ 20 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. ഇന്ത്യയില്‍ കിയ ട്രെയ്ല്‍സ്റ്റര്‍ എന്ന പേരിലായിരിക്കും എസ്‌യുവി വില്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കിയ എസ്പി2ഐ എന്ന കോഡ്‌നാമത്തിലാണ് എസ്‌യുവി അറിയപ്പെടുന്നത്. അനാവരണത്തിനുശേഷം എസ്‌യുവി ഇന്ത്യയില്‍ ഈ വര്‍ഷം പുറത്തിറക്കും. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് എസ്പി എസ്‌യുവി.

2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച മോഡലായിരുന്നു കിയ മോട്ടോഴ്‌സിന്റെ എസ്പി കണ്‍സെപ്റ്റ്. വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് ഇതിനിടെ പലതവണ കണ്ടെത്തിയിരുന്നു. പത്ത് ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലായിരിക്കും ഇന്ത്യ എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ കിക്‌സ്, റെനോ കാപ്ചര്‍, ടാറ്റ ഹാരിയര്‍ തുടങ്ങിയ മോഡലുകളുമായി വിപണിയില്‍ മല്‍സരിക്കും.

2019 സോള്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച കിയ എസ്പി സിഗ്നേച്ചര്‍ കണ്‍സെപ്റ്റുമായി കിയ എസ്പി എസ്‌യുവിക്ക് വളരെയധികം സമാനതകള്‍ ഉണ്ടായിരിക്കും. ടൈഗര്‍ നോസ് ഗ്രില്‍ ആയിരിക്കും കിയ എസ്പി എസ്‌യുവിയുടെ മുഖമുദ്ര. ഷാര്‍പ്പ് ലുക്കിംഗ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളെ ഗ്രില്ലിനുമുകളിലെ ലൈറ്റിംഗ് ലൈന്‍ പരസ്പരം ബന്ധിപ്പിക്കും. കോണ്‍ട്രാസ്റ്റ് റൂഫ്, സ്ലിം എല്‍ഇഡി ഫോഗ് ലാംപുകള്‍, വ്യത്യസ്തമായ ഡി പില്ലര്‍, റൂഫ് റെയിലുകള്‍, ടെയ്ല്‍ ലൈറ്റുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രോം ലൈന്‍, റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയവ പ്രതീക്ഷിക്കാം.

ഫുള്ളി ലോഡഡ് ആയിരിക്കും ഇന്റീരിയര്‍. സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഉണ്ടായിരിക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജിംഗ്, ഇന്‍-കാര്‍ വൈഫൈ എന്നിവ നല്‍കിയേക്കും. കൂടാതെ, ഹെഡ്-അപ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, പൂര്‍ണ്ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും പ്രതീക്ഷിക്കാം.

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. എസ്‌യുവി പുറത്തിറക്കുമ്പോള്‍ തന്നെ എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്നതായിരിക്കും. രണ്ട് എന്‍ജിനുകളും മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടെ ലഭിക്കും. എസ്‌യുവിയുടെ ഒരു സ്‌പോര്‍ടി വേരിയന്റും വിപണിയിലെത്തിക്കുമെന്നാണ് കിംവദന്തി. 1.4 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വേരിയന്റില്‍ നല്‍കുന്നത്. 140 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും.

Comments

comments

Categories: Auto
Tags: kia motors