ജെറ്റിന് 250 കോടിയുടെ അടിയന്തിര സഹായ വാഗ്ദാനവുമായി ഗോയല്‍

ജെറ്റിന് 250 കോടിയുടെ അടിയന്തിര സഹായ വാഗ്ദാനവുമായി ഗോയല്‍

വിമാനക്കമ്പനിയെ നിയന്ത്രിക്കുന്ന ബാങ്കുകള്‍ക്ക് തുക ഉപയോഗിക്കാമെന്ന് ജെറ്റ് സ്ഥാപകന്‍

മുംബൈ: കടക്കെണിയെ തുടര്‍ന്ന് താല്‍കാലികമായി സേവനമവസാനിപ്പിച്ച ജെറ്റ് എയര്‍വേയ്‌സിന് സഹായഹസ്തവുമായി സ്ഥാപകന്‍ നരേഷ് ഗോയല്‍. കമ്പനിയുടെ പുനരുജ്ജീവനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ ഗോയല്‍ 250 കോടി രൂപയുടെ അടിയന്തിര സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച ജെറ്റ് ജീവനക്കാര്‍ക്കയിച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗോയലിന്റെ കീഴിലുള്ള ജെറ്റ്എയര്‍ പ്രൈവറ്റ് ലമിറ്റഡില്‍ നിന്നാകും നിക്ഷേപം നടത്തുക. ജീവനക്കാരുടെ ശമ്പളം മുടങ്ങിയതില്‍ ഖേദം രേഖപ്പെടുത്തിയ ജെറ്റ് സ്ഥാപകന്‍ മേയ് പത്തിന് ബാങ്ക് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് നിക്ഷേപകരെ കണ്ടെത്താന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷ പങ്കുവെച്ചു. കഴിഞ്ഞ മാസം വായ്പാ ദാതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നരേഷ് ഗോയല്‍ ചെയര്‍മാന്‍ സ്ഥാനവും ബോര്‍ഡ് അംഗത്വവും രാജിവെച്ചിരുന്നു.

ഒരു ബില്യണിലധികം കടമുള്ള ജെറ്റ,് സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് ഓഹരി ലേല നടപടിയുമായി മുന്നോട്ട് പോകുകയാണ്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ജെറ്റിന്റെ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം ഇത്തിഹാദ് എയര്‍വേയ്‌സ്, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ടെക്ചര്‍ ഫണ്ട്, ടിപിജി കാപ്പിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്‌ണേഴ്‌സ് എന്നീ നാല് നിക്ഷേപകരെയാണ് യോഗ്യതയുള്ള ബിഡ്ഡര്‍മാരായി കണ്ടെത്തിയിരിക്കുന്നത്.

Categories: Top Stories