ജാഡോപാഡോ സ്ഥാപകന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് ആവശ്യക്കാരെ തേടുന്നു

ജാഡോപാഡോ സ്ഥാപകന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് ആവശ്യക്കാരെ തേടുന്നു

ജാഡ്പാഡ് എന്ന ഇ-കൊമേഴ്‌സ് സംരംഭമാണ് സൗജന്യമായി നല്‍കുന്നത്

ദുബായ്: ദുബായ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനി ജാഡോപാഡോയുടെ സ്ഥാപകന്‍ ഒമര്‍ ഖാസ്സിം 10,000 ഡോളര്‍ മൂല്യമുള്ള തന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് സൗജന്യമായി നല്‍കുന്നു. ജാഡോപാഡോയ്ക്ക് സമാനമായി ജാഡ്പാഡ് എന്ന് പേരുള്ള ഇ-കൊമേഴ്‌സ് സംരംഭത്തിന് വേണ്ടി തല്‍പര കക്ഷികളെ തേടുകയാണെന്ന് ഖാസിം ട്വിറ്ററിലൂടെ വെളിപ്പെടുത്തി. തന്റെ ആദ്യ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജാഡോപാഡോ ഖാസിം 2017ല്‍ നൂണിന് വിറ്റിരുന്നു.

ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന, മികച്ച സേവനവും കുറഞ്ഞ വിലയും ഉറപ്പ് നല്‍കുന്ന ഇ-കോമേഴ്‌സ് സംരംഭമാണ് ജാഡ്പാഡ് എന്ന് അപൂര്‍ണ്ണമായ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഇ-കൊമേഴ്‌സ് മേഖലയിലേക്ക് തിരിച്ച് വരികയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഖാസിം അറിയിച്ചിരുന്നു. പക്ഷേ ഈ പ്രോജക്ട് തല്‍പരരായ സംരംഭകര്‍ക്ക് സൗജന്യമായി നല്‍കുകയാണെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഖാസിം വെളിപ്പെടുത്തി. മറ്റൊരു പുതിയ സ്റ്റാര്‍ട്ടപ്പിന് വേണ്ടി സമയം കണ്ടെത്തുന്നതിനാണ് ജാഡ്പാഡ് കൈമാറാനായി ഖാസിം തീരുമാനമെടുത്തത്.

ഇതുവരെ 1,600 ല്‍ അധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുള്ള വെബ്‌സൈറ്റില്‍ ഒരു ലാന്‍ഡിംഗ് പേജ്, മൂന്ന് ഡൊമൈനുകള്‍(.com, .net,.org) 180 ഡോളര്‍ വിലമതിപ്പുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ഷോപ്പിഫൈ തീം,നിരവധി സോഷ്യല്‍ ചാനലുകള്‍, ആയിരത്തിലധികം സ്റ്റിക്കറുകള്‍, പൂര്‍ത്തീകരിക്കാത്ത പ്രോഡക്റ്റ് കാറ്റലോഗ് എന്നിവയും അടങ്ങിയിരിക്കുന്നു.

വെബ്‌സൈറ്റ് കൈമാറുന്നതിന് ഒരൊറ്റ നിബന്ധന മാത്രമാണ് ഖാസിം പറയുന്നത്. തന്റെ വെബ്‌സൈറ്റ് മൂടിക്കെട്ടി വെക്കാതെ അതില്‍ എന്തെങ്കിലും പുരോഗതി കൊണ്ടുവരണം. എന്തെങ്കിലും ഒരു ആശയം മുമ്പില്‍ കണ്ട് തന്റെ വെബ്‌സൈറ്റിനെ വികസിപ്പിച്ചെടുക്കണം. ഒരൊറ്റ വ്യക്തിക്കായിരിക്കും വെബ്‌സൈറ്റ് കൈമാറുക. വെബ്‌സൈറ്റിന്റെ പ്രകടനം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വാറന്റികളോ ഗ്യാരണ്ടികളോ ഉണ്ടായിരിക്കുന്നതല്ലെന്നും കൈമാറിയതിന് ശേഷം യാതൊരു വിധ ഉത്തരവാദിത്വവും തനിക്ക് വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കില്ലെന്നും ഖാസിം അറിയിച്ചു.

2017ല്‍ സ്ഥാപിച്ച എസാഞ്ചോ വെന്‍ച്വേഴ്‌സ് എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യാപാര, നിക്ഷേപ, ടെക്‌നോളജി ബിസിനസിന്റെ സിഇഒ കൂടിയാണ് ഖാസിം. ജാഡ്പാഡ്, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലൂണാടാപ്പ്, ഇ-കൊമേഴ്‌സ് ഫുള്‍ഫില്‍മെന്റ് കമ്പനിയായ ഫാര്‍ഫില്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന ഏഷ്യ, പശ്ചിമേഷ്യ മേഖലയിലാണ് എസാഞ്ചോയുടെ പ്രവര്‍ത്തനം. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന അല്‍ ബൊഗാറി ട്രേഡിംഗും എസാഞ്ചോയുടെ ഭാഗമാണ്.

Comments

comments

Categories: Arabia
Tags: Jadopado