ഇന്ത്യന്‍ നിര്‍മ്മിത റേഞ്ച് റോവര്‍ വെലാര്‍ പുറത്തിറക്കി

ഇന്ത്യന്‍ നിര്‍മ്മിത റേഞ്ച് റോവര്‍ വെലാര്‍ പുറത്തിറക്കി

72.47 ലക്ഷം രൂപ മുതലാണ് വില. ഇറക്കുമതി ചെയ്തിരുന്ന വെലാറിനേക്കാള്‍ 6.36 ലക്ഷം രൂപ കുറവ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിച്ച റേഞ്ച് റോവര്‍ വെലാര്‍ വിപണിയില്‍ അവതരിപ്പിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ വെലാറിന് 72.47 ലക്ഷം രൂപ മുതലാണ് വില. പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന (സിബിയു രീതി) വെലാറിനേക്കാള്‍ ഏകദേശം 6.36 ലക്ഷം രൂപ കുറവ്. കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ വെലാര്‍ എസ്‌യുവി തദ്ദേശീയമായി അസംബിള്‍ ചെയ്തുതുടങ്ങിയത്. ആര്‍ ഡൈനാമിക് എസ് എന്ന വേരിയന്റില്‍ മാത്രമായിരിക്കും ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന റേഞ്ച് റോവര്‍ വെലാര്‍ ലഭിക്കുന്നത്. ജാഗ്വാര്‍ എഫ്-പേസ് മോഡലാണ് ഇന്ത്യയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആദ്യമായി നിര്‍മ്മിച്ചുതുടങ്ങിയത്.

രൂപകല്‍പ്പനയുടെ കാര്യത്തില്‍ ഇറക്കുമതി ചെയ്തിരുന്ന (സിബിയു) വെലാറും തദ്ദേശീയമായി നിര്‍മ്മിക്കുന്ന (സികെഡി) വെലാറും തമ്മില്‍ മാറ്റങ്ങളില്ല. താഴ്ന്ന വെയ്‌സ്റ്റ്‌ലൈനോടുകൂടിയ വശങ്ങള്‍, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഡിപ്ലോയബിള്‍ ഫഌഷ് ഹാന്‍ഡിലുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ സ്‌പോയ്‌ലര്‍ എന്നിവ നിലനിര്‍ത്തിയിരിക്കുന്നു. കോണ്‍ഫിഗര്‍ ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ്, സ്ലൈഡിംഗ് പനോരമിക് സണ്‍റൂഫ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10 ഇഞ്ച് വലുപ്പമുള്ള ഇരട്ട ടച്ച്‌സ്‌ക്രീനുകള്‍ തുടങ്ങിയ എല്ലാ ഫീച്ചറുകളും കാബിനില്‍ തുടരും.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് കരുത്തേകുന്നത്. പെട്രോള്‍ വേരിയന്റിലെ (പി250) എന്‍ജിന്‍ 247 ബിഎച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7.1 സെക്കന്‍ഡില്‍ മൂന്നക്ക വേഗ സംഖ്യയിലെത്താന്‍ കഴിയും. ഡീസല്‍ വേരിയന്റിലെ (ഡി180) എന്‍ജിന്‍ 177 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.9 സെക്കന്‍ഡ് വേണം. ഭൂപ്രദേശത്തിന് അനുസരിച്ച് ഇലക്ട്രോണിക്‌സ് ക്രമീകരിക്കുന്ന ഓള്‍ ടെറെയ്ന്‍ പ്രോഗ്രസ് കണ്‍ട്രോള്‍ (എടിപിസി) സിസ്റ്റം നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto