ഫാസ്റ്റ് ഫുഡ് ലോകത്തെ ഭരിക്കുന്നവര്‍

ഫാസ്റ്റ് ഫുഡ് ലോകത്തെ ഭരിക്കുന്നവര്‍

അതിവേഗ സാമ്പത്തിക വളര്‍ച്ചക്കും തിരക്കേറിയ ജീവിതശൈലിക്കുമൊപ്പം ഇടിച്ചുകയറി ഇടം പിടിച്ച ഭക്ഷണ സംസ്‌കാരമാണ് ‘ഫാസ്റ്റ് ഫുഡ്’. വേഗത്തില്‍ വയറ് നിറക്കാമെന്നതിനുപരി രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന, അടിമയാക്കുന്ന നിരവധി ഘടകങ്ങളും ഈ ഭക്ഷണശൈലിയുടെ ഭാഗമാണ്. ലോകത്തെ ഫാസ്റ്റ് ഫുഡ് വിപണി ഇന്ന് 690 ബില്യണ്‍ ഡോളര്‍ വലിപ്പമുള്ളതാണ്. ഫാസ്റ്റ് ഫുഡ് പ്രേമികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈം രംഗത്തേക്ക് ആവേശപൂര്‍വം കടന്നു വരുന്ന കമ്പനികളുടെ ബാഹുല്യവും കൂടിക്കൊണ്ടിരിക്കുന്നു

ഒ ടി എസ് നമ്പ്യാര്‍

ലോക ഫാസ്റ്റ് ഫുഡ് വിപണി കണ്ണഞ്ചിപ്പിക്കുന്നതാണ്. പ്രതിവര്‍ഷം 690 ബില്യണ്‍ ഡോളറാണ് ചെറുപ്പക്കാരുടെ ഹരമായ ഈ വിപണിയുടെ വരുമാനം. അതിന് ദേശവ്യത്യാസങ്ങളില്ല. 20-30 വയസുകാരെയാണ് ഫാസ്റ്റ് ഫുഡ് വിപണി മുഖ്യമായും ആകര്‍ഷിക്കുന്നത്. വിപണിയുടെ 45 ശതമാനവും ചെറുപ്പക്കാരാണ്. 40-59 വയസുകാര്‍ 38 ശതമാനവും.

ലോക ഫാസ്റ്റ് ഫുഡ് രംഗത്തെ മുന്‍നിരയിലുള്ള കമ്പനികള്‍ (ബ്രാന്‍ഡുകള്‍) ഇവയാണ്

1. മക് ഡൊണാള്‍ഡ് (Mcdonalds)
2. കെ എഫ്‌സി (KFC)
3. സബ്‌വേ (Subway)
4. പിസ്സാഹട്ട് (Pizza Hut)
5. സ്റ്റാര്‍ ബക്‌സ് (Starbucsk)
6. ബര്‍ഗര്‍ കിംഗ് (Burger king)
7. ഡൊമിനോസ് പിസ (Dominos Pizza)
8. ഡംകിന്‍ ഡോണറ്റ്‌സ് (Dumkin Donuts)
9. ഡെയറി ക്യൂന്‍ (Dairy Queen)
10. പാപ ജോണ്‍സ് പിസ- (Papa johns pizza)

മക് ഡൊണാള്‍ഡ് 35,000 റെസ്റ്ററന്റുകളിലൂടെ 119 രാജ്യങ്ങളില്‍ തിളങ്ങുന്നു. കെഎഫ്‌സിയാവട്ടെ 18,875 സ്റ്റോറുകളിലൂടെ 118 രാജ്യങ്ങളില്‍ തങ്ങളുടെ വിജയക്കൊടി പാറിച്ചു. അമേരിക്കയില്‍ മാത്രം 20 ലക്ഷം ഉപഭോക്താക്കളുള്ള, 107 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന സബ്‌വേ, 42,174 റെസ്റ്ററന്റുകള്‍ തുറന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ ഒന്നാം സ്ഥാനം മറികടക്കാനുള്ള ശ്രമത്തിലാണ്. 76 ലക്ഷം സാന്‍ഡ്‌വിച്ചുകളാണ് പ്രതിദിനം ഉപഭോക്താക്കള്‍ വാങ്ങുന്നത്.

പിസ്സാഹട്ടിന് അമേരിക്കയില്‍ മാത്രം 6,000 റെസ്റ്ററന്റുകളുണ്ട്. മറ്റ് 93 രാജ്യങ്ങളിലായി, 5,139 സ്റ്റോറുകള്‍ വേറെയും. പ്രതിവര്‍ഷം പിസ്സാഹട്ട് 30 കോടി പൗണ്ട് വെണ്ണയാണ് ഉപയോഗിക്കുന്നത്. അത് തയാറാക്കുന്നതിന് വേണ്ട പാല്‍ 36 കോടി ഗ്യാലന്‍.

ലോകത്തിലെ ഏറ്റവും വലിയ കോഫീ ഷോപ്പാണ് സ്റ്റാര്‍ബക്‌സ്. വെറും കാപ്പി കുടിക്കാന്‍ വേണ്ടി മാത്രമല്ല ഉപഭോക്താക്കള്‍ ഇവിടെയെത്തുന്നത്. അതൊറു വേറിട്ട അനുഭവമാണ്. ‘ലൈഫ്‌സ്റ്റൈല്‍’ ഉല്‍പ്പന്നമായി കാപ്പിയെ മാറ്റിയാണ് സ്റ്റാര്‍ബക്‌സ് വിപണിയില്‍ തങ്ങളുടെ വേറിട്ട സ്ഥാനം ഉറപ്പിച്ചത്. 23,187 റെസ്റ്ററന്റുകള്‍ 64 രാജ്യങ്ങളില്‍! വിവിധ രുചിക്കൂട്ടുകളിലൂടെ കാപ്പിയുടെ സ്വര്‍ഗ്ഗലോകം പണിതുയര്‍ത്തിയ സ്റ്റാര്‍ബക്‌സ്, വിപണന ശാസ്ത്രത്തിന് നല്‍കിയ പുതിയ പാഠങ്ങള്‍ ഏറെയാണ്.

ബര്‍ഗര്‍ കിംഗിന് 79 രാജ്യങ്ങളിലായി 13,000 റെസ്റ്ററന്റുകളുണ്ട്. അമേരിക്കന്‍ വിപണിയില്‍ മൂന്നാം സ്ഥാനമാണ് ബര്‍ഗര്‍ കിംഗിനുള്ളത്. പ്രതിദിനം പത്ത് ലക്ഷം ഉപഭോക്താക്കള്‍ ബര്‍ഗര്‍ കിംഗൊരുക്കുന്ന വിഭവങ്ങള്‍ ആസ്വദിക്കുന്നു. 19 ലക്ഷം സാന്‍ഡ്‌വിച്ച് പ്രതിദിനം വില്‍ക്കുന്നു ഈ പ്രിയങ്കര ബ്രാന്‍ഡ്.

അമേരിക്കയിലെ രണ്ടാം സ്ഥാനക്കാരായ ഡൊമിനോസ് പിസ 1,000 റെസ്റ്ററന്റുകളിലൂടെ 170 രാജ്യങ്ങളില്‍ തങ്ങളുടെ രുചിയുള്ള പിസ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. പ്രസിദ്ധമായ ‘സൂപ്പര്‍ ബൗള്‍’ ഞായറാഴ്ചകളില്‍ 10 ലക്ഷം പിസ, ഉപഭോക്താക്കളുടെ പക്കല്‍ എത്തിക്കുന്നു ഡൊമിനോസ്.

ഡംകിന്‍ ഡോണറ്റ്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് 11,000 റെസ്റ്ററന്റുകളിലാണ്. 1950 ല്‍ അമേരിക്കയിലെ ക്വിന്‍സി നഗരത്തില്‍ ആരംഭിച്ച ഡംകിന്‍സ് തങ്ങളുടെ പ്രസിദ്ധമായ മുദ്രാവാക്യം വഴി (america runs on dumkins) പ്രിയപ്പെട്ട താരമായി. ഡെയറി ക്യൂന്‍ 6,000 റെസ്റ്ററന്റുകളിലൂടെ 18 രാജ്യങ്ങളില്‍ ലഭ്യമാണ്. യുഎസിലെ രണ്ടാമത്തെ വലിയ നഗരമായ ടെക്‌സാസില്‍ മാത്രം 600 റെസ്റ്ററന്റുകളുണ്ട് ഡെയറി ക്യൂനിന്.

പാപ ജോണ്‍സ് പിസാ രംഗത്ത് നാലാം സ്ഥാനത്താണ്. 34 രാജ്യങ്ങളിലായി 4,000 റെസ്റ്ററന്റുകള്‍. 3,200 സ്‌റ്റോറുകളും അമേരിക്കയില്‍ തന്നെ. ഇന്ത്യാന നഗരത്തില്‍ 1954 ല്‍ ആരംഭിച്ച പാപ ജോണ്‍സിന്റെ മുദ്രാവാക്യമായ ‘Better Ingredients, Better Pizza’ യും ഏറെ ശ്രദ്ധേയമായി. 2,05,000 ജോലിക്കാരുള്ള പാപ ജോണ്‍സ് പ്രതിവര്‍ഷം 1.4 ബില്യണ്‍ ഡോളര്‍ (10,000 കോടി രൂപ) വിറ്റുവരവും നേടുന്നുണ്ട്.

Categories: FK Special, Slider
Tags: fastfood