2.25 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഡു ലഭിച്ചു

2.25 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഡു ലഭിച്ചു

തുക ലഭിച്ച 1.08 കോടി ഉപഭോക്താക്കള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന്

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് നിശ്ചിത ധനസഹായം ഉറപ്പു വരുത്തുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഗഡു തുക രാജ്യത്തെ 2.25 കോടി കര്‍ഷകര്‍ക്ക് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂലൈ മാസങ്ങളിലെ തുകയായ 2,000 രൂപയാണ് കര്‍ഷകരുടെ എക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചത്. സഹായം ലഭിച്ചവരില്‍ 1.08 കോടി ഉപഭോക്താക്കളും ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ്. ഒന്നാം ഗഡു മാത്രം ലഭിച്ച 86 ലക്ഷം കര്‍ഷകര്‍ രാജ്യത്തുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് രണ്ടാം ഘട്ട ഗഡു സഹായ വിതരണത്തില്‍ മുന്‍നിരയിലുള്ളത്. ഈ സംസ്ഥാനങ്ങളിലെ 1.41 കര്‍ഷകര്‍ക്കാണ് രണ്ടാം ഗഡു ലഭിച്ചത്.

രണ്ട് ഹെക്റ്റര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് മൂന്നു തുല്യ ഗഡക്കളായി 6,000 രൂപ നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഫെബ്രുവരിയില്‍ പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപിച്ചത്. 12 കോടി കര്‍ഷകരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി 75,000 കോടി രൂപ വാര്‍ഷിക ചെലവാണ് കണക്കാക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി കര്‍ഷകരിലേക്ക് സഹായമെത്തിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതനായി 4.76 കോടി ഗുണഭോക്താക്കളുടെ പട്ടികയും തയാറാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച്് പത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടം നിലവില്‍ വന്നതും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പശ്ചിമബംഗാള്‍, മധ്യ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളുടെ നിസഹരണവും മൂലം പദ്ധതിയുടെ വേഗം കുറഞ്ഞു. ആനുകൂല്യം ലഭിക്കുന്നതിന് ആദ്യം നിര്‍ബന്ധമില്ലാതിരുന്ന ആധാര്‍ കാര്‍ഡ് പരിശോധന പിന്നീട് നിര്‍ബന്ധമാക്കിയതും പദ്ധതി നടപ്പാക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകേണ്ടി വന്നതും രണ്ടാം ഗഡു വിതരണം ചെയ്യുന്നതില്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടാക്കി.

Categories: FK News, Slider