വിലക്കുറവിന്റെ പര്യായമായ സൗദിയിലെ ‘അബു റിയാലീന്‍’ സ്റ്റോറുകള്‍

വിലക്കുറവിന്റെ പര്യായമായ സൗദിയിലെ ‘അബു റിയാലീന്‍’ സ്റ്റോറുകള്‍

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ക്കിടയിലും അബു റിയാലീന്‍ സ്റ്റോറുകളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്

റിയാദ്: പുണ്യമാസമായ റമദാന്‍ വന്നെത്തിയിരിക്കുന്നു. വ്രതശുദ്ധിയുടെയും പ്രാര്‍ത്ഥനയുടെയും ഒത്തുചേരലിന്റെയും നാളുകളെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സൗദിക്കാര്‍. നോമ്പെടുക്കലിനും ഇഫ്താര്‍ വിരുന്നുകള്‍ക്കും വേണ്ട തയ്യാറെടുപ്പുകളാണ് രാജ്യത്തുടനീളം. ദീര്‍ഘകാല വേനലവധിയും റമദാനും മുമ്പില്‍ കണ്ട് ഏറ്റവും മികച്ച സേവനങ്ങളുമായി രാജ്യത്തെ വ്യാപാരികളും ഒരുങ്ങിക്കഴിഞ്ഞു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള പലചരക്ക് സാധനങ്ങള്‍ മുതല്‍ നാനാവിധ അലങ്കാര വസ്തുക്കള്‍ വരെയുള്ള സര്‍വ്വവും വീട്ടിലെത്തിക്കാന്‍ നെട്ടോട്ടമോടുന്ന സൗദിക്കാരെ ലക്ഷ്യമിട്ട് ‘അബു റിയാലിന്‍’ ഔട്ട്‌ലെറ്റുകളും ഒരുങ്ങിക്കഴിഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റുകളെ പോലെ സൗദി പൗരന്മാര്‍ക്കിടയില്‍ വളരെ ജനകീയമാണ് വിലക്കിഴിവിന്റെ പര്യായമായ ‘അബു റിയാലീന്‍’ ഔട്ട്‌ലെറ്റുകള്‍. അമേരിക്കയിലെ ഡോളര്‍ സ്‌റ്റോറുകളുടെയും യൂറോപ്പിലെ കിക് ഷോപ്പുകളുടെയും സൗദി പതിപ്പാണ് അബു റിയാലീന്‍ ഔട്ട്‌ലെറ്റുകള്‍. രാജ്യത്തുടനീളം ഇവയുടെ സാന്നിധ്യമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് സമാനമായി എല്ലാവിധ സാധനങ്ങളും ഉള്‍ക്കൊള്ളുന്ന ‘വണ്‍ സ്‌റ്റോപ്പ് ഷോപ്പ്’ ആശയത്തിലുള്ള അബു റിയാലീന്‍ ഔട്ട്‌ലെറ്റ് ആദ്യമായി നിലവില്‍ വന്നത് 1999ല്‍ പുണ്യനഗരമായ മദീനയിലാണ്. പ്രവാചകന്റെ പള്ളിക്ക് സമീപത്തായി ആരംഭിച്ച ഈ വ്യാപാരകേന്ദ്രം തീര്‍ത്ഥാടകരെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എന്നാല്‍ പിന്നീട് ഇവ ഉപഭോഗ തല്‍പ്പരരായ സൗദിക്കാര്‍ക്കിടയിലേക്ക് ഓടിക്കയറുന്ന കാഴ്ചയാണ് കണ്ടത്. വളരെ കുറഞ്ഞ നിരക്കില്‍ സമ്മാനങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സമാനങ്ങള്‍ അടക്കമുള്ള സര്‍വ്വവും ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയ ഇവ വ്യാപാരംഗത്തെ പുതിയ വഴികാട്ടി തന്നെയായിരുന്നു.

വരുമാനം കുറഞ്ഞ കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് അബു റിയാലീന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചതെങ്കിലും വരുമാനമോ സാമൂഹ്യ നിലവാരമോ നോക്കാതെ ആളുകള്‍ ഇവിടേക്ക് ഇരച്ചുകയറി. വളരെ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ ഇവ നേടിയത്. അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇത്തരം സ്റ്റോറുകളുടെ എണ്ണം ഇരട്ടിച്ചുവെന്നാണ് അറേബ്യന്‍ ബിസിനസ് മാഗസിന്‍ കഴിഞ്ഞിടെ റിപ്പോര്‍ട്ട് ചെയ്തത്. ഫിക്‌സഡ്, വേരിയബിള്‍ വിലകളെ നിയന്ത്രിച്ച് കൊണ്ട് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കിയത് കൊണ്ടാണ് ഈ ബിസിനസ് മാതൃക വളരെ വേഗം വിജയം ജനപ്രീതി പിടിച്ചുപറ്റിയത്. വലിയതോതിലുള്ള മൊത്ത വിപണനവും ഇവിടെ നടക്കാറുണ്ട്. ജനസ്വീകാര്യതയും പ്രസിദ്ധിയും കാരണം പരസ്യയിനത്തില്‍ വന്‍തുക ചിലവഴിക്കേണ്ടതില്ല എന്നതും ഇവയുടെ നേട്ടമാണ്.

ചൈനയില്‍ നിന്നുമാണ് മിക്കപ്പോഴും അബു റിയാലീന്‍ സ്‌റ്റോറുകളിലേക്കുള്ള സാധനങ്ങള്‍ എത്തുന്നത്. വളരെ കുറഞ്ഞ നിരക്കിലുള്ള ഉല്‍പ്പന്നങ്ങളും ചിലവ് കുറഞ്ഞ ഇറക്കുമതി നിരക്കും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയാണ്. ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ ലഭ്യമാകുകയും ചെയ്യും. എന്നാല്‍ ഗുണനിലവാരത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കൂടപ്പിറപ്പായ ദുഷ്‌പേര് ഇവിടെയും ഉയരുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ, വളരെ വേഗം നാശമാകുന്ന ഉല്‍പ്പന്നങ്ങളാണ് ഇവിടെയുള്ളതെന്ന പരാതി വ്യാപകമാണ്. ചില സാധനങ്ങള്‍ വാങ്ങുമ്പോള്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇലക്ട്രോണിക്‌സ്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തീരെ ഗുണനിലവാരമില്ലാത്തതാണെന്നും ഇവര്‍ പറയുന്നു.

അബുറിയാലീന്‍ സ്‌റ്റോറുകളിലൂടെ ഏകദേശം 50 ബില്യണ്‍ റിയാലിന്റെ വരുമാന നഷ്ടമാണ് രാജ്യത്തിന് ഉണ്ടാകുന്നതെന്ന് 2017ല്‍ പ്രാദേശിക ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് 2018ല്‍ നൂറുകണക്കിന് അബു റിയാലീന്‍ സ്‌റ്റോറുകള്‍ക്കെതിരായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്നും നടപടികളുണ്ടായി. പല സ്റ്റോറുകളിലെയും വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ചില സ്റ്റോറുകള്‍ എന്നന്നേക്കുമായി പൂട്ടിപ്പോയി.

എന്നിരുന്നാലും സൗദി സമൂഹത്തില്‍ അബു റിയാലീന്‍ സ്‌റ്റോറുകള്‍ക്കുള്ള സ്വാധീനവും സ്വീകാര്യതയും കാരണം ഇവ പൂര്‍ണമായും അപ്രത്യക്ഷമാകാനുള്ള സാധ്യത വിരളമാണ്. സാധനങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതിനോടും ഉപഭോഗപരതയോടും അടിമപ്പെട്ടിരിക്കുന്നവരാണ് സൗദി സമൂഹമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ സാധനങ്ങള്‍ വാങ്ങാന്‍ ആളുകളുണ്ടെങ്കില്‍ അബു റിയാലീന്‍ സ്റ്റോറുകള്‍ സൗദിയില്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

Comments

comments

Categories: Arabia