കൂടുതല്‍ മധ്യവേഗ ട്രെയ്‌നുകളോടിക്കാന്‍ റെയ്ല്‍വേ

കൂടുതല്‍ മധ്യവേഗ ട്രെയ്‌നുകളോടിക്കാന്‍ റെയ്ല്‍വേ

ട്രാക്കുകളും സിംഗ്നലിംഗ് സൗകര്യങ്ങളും നവീകരിക്കേണ്ടി വരുമെന്ന് റെയ്ല്‍വേ ബോര്‍ഡ് അംഗം രാജേഷ് അഗര്‍വാള്‍

ന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍ സര്‍വീസ് ആരംഭിച്ച എന്‍ജിന്‍ രഹിത മധ്യ-അതിവേഗ ട്രെയ്‌നായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വിജയത്തില്‍ നിന്ന് ആവേശം കൊണ്ട് ഇത്തരത്തിലുള്ള കൂടുതല്‍ സര്‍വീസുകളാരംഭിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. ഭാവിയില്‍ മധ്യ-അതിവേഗ ട്രെയ്‌നുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റെയ്ല്‍വേ മന്ത്രാലയത്തിനു കീഴിലുള്ള റോളിംഗ് സ്‌റ്റോക് റെയ്ല്‍വേ ബോര്‍ഡ് അംഗം രാജേഷ് അഗര്‍വാള്‍ അറിയിച്ചു.

ട്രെയ്‌നുകളുടെ നിലവാരമുയര്‍ത്തുന്നതിനൊപ്പം വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാക്കുന്നതിനും ട്രെയ്ന്‍ 18 സഹായിക്കുമെന്നും ഇതിനായി ട്രാക്കുകളും സിംഗ്നലിംഗ് സൗകര്യങ്ങളും നവീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ആരംഭിക്കാനും റെയ്ല്‍വേ പദ്ധതിയിടുന്നുണ്ട്. സമയക്രമം പാലിക്കാത്ത ട്രെയ്ന്‍ സര്‍വീസുകളില്‍ നിന്ന് വ്യത്യസ്തമായി കൃത്യസമയത്തിന് സര്‍വീസ് നടത്തി വന്ദേ ഭാരത് എക്‌സ്പ്രസ് റെക്കോഡ് നേട്ടം കരസ്ഥമാക്കിയിരുന്നു. 180 കിലോമീറ്റര്‍ വേഗതയുള്ള ട്രെയ്ന്‍ എട്ടു മണിക്കൂര്‍ കൊണ്ടാണ് ഡെല്‍ഹി മുതല്‍ വാരണാസി വരെയുള്ള ദൂരം പിന്നിടുന്നത്.

യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ട്രെയ്‌നുകളില്‍ ക്യുക്ക് വാട്ടറിംഗ് സിസ്റ്റവും പരമ്പരാഗത കോച്ചുകള്‍ക്ക് ബദലായി ഓട്ടോമാറ്റിക് വാതിലുള്ള ഇലക്ട്രിക്-മള്‍ട്ടിപ്പിള്‍ യൂണിറ്റ് കോച്ചുകള്‍ അവതരിപ്പിക്കാനും ഉല്‍കൃഷ്ട് പദ്ധതിക്കു കീഴില്‍ കോച്ചുകളുടെ ഐസിഎഫ് ഡിസൈന്‍ പരിഷ്‌കരിക്കാനും റെയ്ല്‍വേ ആലോചിക്കുന്നുണ്ട്. കൂടാതെ ഇന്‍ഡസ്ട്രി 4.0 പതിപ്പിന്റെ നൂതന പ്രവണതകള്‍ക്കള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ റെയ്ല്‍വേക്കു കീഴിലുള്ള നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്താനും ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി മെട്രോ കോച്ചുകള്‍ സ്വന്തമായി നിര്‍മിക്കാനും പദ്ധതിയുണ്ട്.

Categories: FK News, Slider