അല്‍സ്‌ഹൈമേഴ്‌സ് രോഗികളില്‍ പുതിയ ചികില്‍സാസാധ്യത

അല്‍സ്‌ഹൈമേഴ്‌സ് രോഗികളില്‍ പുതിയ ചികില്‍സാസാധ്യത

അല്‍സ്‌ഹൈമേഴ്‌സുമായി ബന്ധപ്പെട്ട് പുതിയ ജീനുകളുടെ സാന്നിധ്യം കണ്ടെത്തിയത് ചികില്‍സാരംഗത്ത് വലിയ സാധ്യത തുറക്കും

ഓരോ അല്‍സ്‌ഹൈമേഴ്‌സ് രോഗിയുടെയും മസ്തിഷ്‌ക കോശങ്ങളില്‍ സവിശേഷ സൂക്ഷ്മകോശ പാതകള്‍ കാണിക്കുന്ന ജീനുകളുണ്ടെന്നു ഗവേഷകര്‍. ഏകകോശ തന്മാത്രകളുടെ പ്രക്രിയകളുടെ സ്വഭാവം വരച്ചു കാട്ടാനും രോഗം ഭേദപ്പെടുത്താനാകുന്ന സ്വഭാവങ്ങള്‍ കൃത്യമായി മനസിലാക്കാനും പഠനം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ എന്ന മാസികയിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ വിശകലനം അല്‍സ്‌ഹൈമേഴ്്‌സ് ഭേദമാക്കാന്‍ നിരവധി പുതിയ മരുന്നുകള്‍ കണ്ടെത്താന്‍ വഴിതെളിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് അമേരിക്കയിലെ അഞ്ച് ദശലക്ഷത്തിലധികം രോഗികള്‍ക്ക് പുതിയ പ്രത്യാശ നല്‍കുന്നു. അല്‍സ്‌ഹൈമേഴ്‌സിനെ കൂടുതല്‍ മനസ്സിലാക്കുന്നതില്‍ ഇത് ഒരു പുതുയുഗം തുറക്കുന്നു.

അല്‍സ്‌ഹൈമേഴ്‌സ് രോഗികളെ അക്‌സണ്‍ മൈലിനേഷന്‍ എന്ന പ്രക്രിയ വളരെയധികം അലോസരപ്പെടുത്തുന്നുവെന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും മസ്തിഷ്‌ക കോശങ്ങള്‍ രോഗത്തോടു പ്രതികരിക്കുന്നതില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. ഗുരുതരമായ അല്‍സ്‌ഹൈമേഴ്‌സ് വന്നു മരിച്ച 24 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ തലച്ചോറിന്റെ സാംപിളുകളും ഗവേഷകര്‍ പരിശോധിച്ചു. ഇതുമായി അല്‍സ്‌ഹൈമേഴ്‌സ് ഇല്ലാത്ത 24 പേരുടെ തലച്ചോറിന്റെ സാംപിളുകളുടെ താരതമ്യപഠനം നടത്തി. പ്രായമാകുമ്പോള്‍ കാണുന്ന അല്‍സ്‌ഹൈമേഴ്‌സ് രോഗബാധ സംബന്ധിച്ച ദീര്‍ഘകാല പഠനമാണ് നടത്തിയത്. പഠനവിധേയരുടെ തിരിച്ചറിയല്‍ ശേഷി സംബന്ധിച്ച വിവരങ്ങളും ഗവേഷകര്‍ വിശകലനം ചെയ്തിരുന്നു.

ഈ സംഘത്തില്‍ നിന്നും 80,000 ആര്‍എന്‍എ ഏകകോശങ്ങള്‍ വര്‍ഗ്ഗീകരിച്ചു. മുന്‍കാല പഠനങ്ങളില്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗികളുടെ മസ്തിഷ്‌ക കോശങ്ങളില്‍ നിന്ന് ആര്‍എന്‍എ നിലവാരം കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പഠനങ്ങള്‍ വ്യതിയാനങ്ങള്‍ മറയ്ക്കാന്‍ കഴിയുന്ന അനേകലക്ഷം കോശങ്ങള്‍ക്കിടയില്‍ നിന്ന് പ്രത്യേകതരം കോശങ്ങളെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നില്ല. ഏകകോശ വര്‍ഗീകരണ സമീപനം ഉപയോഗിച്ച്, ഗവേഷകര്‍ക്ക് ധാരാളമായി കാണുന്ന എക്‌സിറ്റേറ്ററി, ഇന്‍ഹിബിറ്ററി പോലുള്ള കോശങ്ങളെ മാത്രമല്ല, ഒലിഗോഡെന്‍ഡ്രോസൈറ്റ്‌സ്, ആസ്‌ട്രോസൈറ്റ്‌സ്, മൈക്രോഗ്ലിയ തുടങ്ങിയ അപൂര്‍വ്വ മസ്തിഷ്‌ക കോശങ്ങളെയും പരിശോധിക്കാനാകും. ഈ സെല്ലുകളില്‍ ഓരോന്നും അല്‍സ്‌ഹൈമേഴ്‌സ് രോഗികളില്‍ വ്യത്യസ്തമായിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.

അക്‌സണ്‍ റീജെനെറേഷന്‍, മൈലിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാണു ജീനുകളില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വൈദ്യുത സിഗ്നലുകളെ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന ആവരണമാണ് മൈലിന്‍. അല്‍സ്‌ഹൈമേഴ്‌സ് രോഗികളില്‍ മൈലിനേഷനും വിധേയരായവരുടെ ജീനുകളിലെ ന്യൂറോണുകളിലും ഓലിഗോഡെന്‍ഡ്രോസൈറ്റുകളിലും പ്രത്യാഘാതമുണ്ടാകുമെന്നു ഗവേഷകര്‍ കണ്ടെത്തി. ഇത്തരം രോഗികളില്‍ അമിനോയിഡ് പ്ലേക്കുകള്‍, ന്യൂറോഫിബ്രില്ലറി നൂലാമാലകള്‍ തുടങ്ങിയവ ഗുരുതരമാക്കുന്ന തിരിച്ചറിയല്‍ ശേഷിയിലെ പ്രശ്‌നങ്ങളും മാനസിക അസ്വാസ്ഥ്യങ്ങളില്‍ പ്രകടമാകുന്ന രൂക്ഷതയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രോഗത്തിന്റെ വ്യത്യസ്ത വശങ്ങളുമായി ബന്ധപ്പെടുത്തി കാണപ്പെടുന്ന ജീനുകളുടെ മൊഡ്യൂളുകള്‍ തിരിച്ചറിയാന്‍ ഇത് അവരെ സഹായിച്ചു.

അല്‍സ്‌ഹൈമേഴ്‌സ് രോഗം ബാധിച്ച സ്ത്രീ- പുരുഷന്മാരിലെ മസ്തിഷ്‌ക കോശങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്ന കണ്ടെത്തലാണ് പഠനത്തില്‍ ഏറ്റവും നിര്‍ണായകമായത്. പുരുഷന്മാരില്‍ രോഗലക്ഷണം പ്രകടമാക്കുന്ന ജീനുകള്‍ സ്ത്രീകളേക്കാള്‍ കുറവാണെന്ന് കണ്ടെത്തി. അമിനോയിഡ് പ്ലേക്ക്, തിരിച്ചറിയല്‍ വൈകല്യങ്ങള്‍ എന്നിവയുള്‍പ്പെടെ സമാന രോഗലക്ഷണങ്ങള്‍ കാണിച്ചവരില്‍പ്പോലും ഇത്തരം മാറ്റം പ്രകടമായിരുന്നു. സ്ത്രീ രോഗികളില്‍ നിന്നെടുത്ത മസ്തിഷ്‌ക കോശങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗത്തില്‍ വളരെ ഗൗരവതരമായ ജനിതക വ്യതിയാനങ്ങള്‍ക്കു വഴിതെളിച്ചു. സ്ത്രീകളിലും പുരുഷന്മാരിലും അല്‍സ്‌ഹൈമേഴ്‌സ് രോഗം വ്യത്യസ്ത പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണു ഗവേഷകര്‍ പറയുന്നത്. ചികില്‍സകള്‍ വികസിപ്പിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.

Comments

comments

Categories: Health